ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം നൽകുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ട് ആരോഗ്യവകുപ്പ്
Thiruvananthapuram, 01 സെപ്റ്റംബര് (H.S.) ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം നൽകുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ട് ആരോഗ്യവകുപ്പ്. പുനലൂർ ജനറൽ ആശുപത്രിയിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഇന്നു രാവിലെ മുതൽ തുടങ്ങിയത്. ആറുമാസത്തിനകം
SPECIALIST DOCTORS IN KERALA


Thiruvananthapuram, 01 സെപ്റ്റംബര് (H.S.)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം നൽകുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ട് ആരോഗ്യവകുപ്പ്. പുനലൂർ ജനറൽ ആശുപത്രിയിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഇന്നു രാവിലെ മുതൽ തുടങ്ങിയത്. ആറുമാസത്തിനകം സംസ്ഥാന വ്യാപകമായി നടപ്പാക്കും. പിജി യോഗ്യതയുള്ള അസിസ്റ്റൻ്റ് സർജന്മാരെ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിൽനിന്ന് ജില്ലാ, ജനറൽ ആശുപത്രികളിലേക്ക് മാറ്റിനിയമിക്കും. ഇവർക്ക് പ്രത്യേക അലവൻസ് അനുവദിക്കുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്.

മുഴുവൻ സമയ സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്നതിൽ സർക്കാരും ഡോക്ടർമാരുടെ സംഘടനയും തമ്മിൽ സമവായത്തിലെത്തിയിരുന്നു. സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ നികത്താമെന്നും സ്ഥാനക്കയറ്റ നടപടികൾ വേഗത്തിലാക്കാമെന്നും സർക്കാർ ഉറപ്പ് നൽകിയിരുന്നു.

മന്ത്രി കെ മുരളീധരൻ കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനുമായി (കെജിഎംഒഎ) നടത്തിയ ചർച്ചയിലാണ് സമവായത്തിലെത്തിയത്. പുനർനിയമനത്തെത്തുടർന്നുണ്ടാകുന്ന ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ട ർമാരെ നിയമിക്കും. ഇതിനകം സംസ്ഥാനത്താകെ 140 പേർക്ക് നിയമന ഉത്തരവ് നൽകി. ഇതിനൊപ്പം സ്ഥിരം നിയമനവും നടത്തുമെന്ന് മന്ത്രി കെ. മുരളീധരൻ അറിയിച്ചിരുന്നു.

സർക്കാർ ആശുപത്രികളിൽ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്നത്. രാത്രി എട്ടിനുശേഷം ആവശ്യമുണ്ടെങ്കിൽ ഡോക്ടർമാരെ വിളിച്ചു വരുത്തുന്ന ഓൺകോൾ സംവിധാനവുമുണ്ടാകും. കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ്റെ എതിർപ്പുകൾ തള്ളിക്കൊണ്ടാണ് ആരോഗ്യവകുപ്പ് പദ്ധതിയുമായി മുന്നോട്ടുപോയത്.

നിലവിൽ 350ലധികം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒഴിവുകളാണ് സംസ്ഥാനത്തുള്ളത്. പുതിയ തസ്തികകൾ സൃഷ്ടിക്കാതെ, പ്രധാന ആശുപത്രികളിലെ സർജറി, ഓർത്തോ, ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ് വിഭാഗങ്ങളിൽ മുഴുവൻ സമയവും സേവനം ലഭ്യമാക്കുന്ന രീതിയിൽ പദ്ധതി നടപ്പിലാക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനം.

പദ്ധതി ആദ്യമായി നടപ്പിലാക്കുന്ന പുനലൂരിൽ 15 സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെയാണ് അധികമായി ആവശ്യമായി വരുന്നത്. കൊല്ലം ജില്ലയിൽ മാത്രം പ്രാഥമിക, സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിൽ നിന്നുള്ള 74 ഡോക്ടർമാരെ പുനർവിന്യസിക്കും. കൂടാതെ, ആവശ്യാനുസരണം നഴ്സുമാരെയും മറ്റ് ജീവനക്കാരെയും മാറ്റി നിയമിക്കുകയും, ആവശ്യമെങ്കിൽ പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിന്നുള്ള സേവനം പ്രയോജനപ്പെടുത്തുകയും ചെയ്യും. ഈ മാതൃക പിന്നീട് സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ തസ്തികയിൽ നിലവിൽ 799 ഒഴിവുകളുണ്ട്. ഇതിൽ 431 എണ്ണം അസിസ്റ്റന്റ് സർജൻ തസ്തികയിലാണ്. പിഎസി മുഖേന 430 പേർക്ക് അഡൈ്വസ് മെമ്മോ അയച്ചതിൽ 134 പേർക്ക് നിയമന ഉത്തരവ് നൽകി. അതിൽത്തന്നെ കുറച്ചുപേർ ജോലിയിൽ പ്രവേശിച്ചിട്ടില്ല. ഡോക്ടർമാരുടെ ക്ഷാമം കൂടുതലുള്ളത് കാസർകോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News