Enter your Email Address to subscribe to our newsletters

Thiruvananthapuram, 01 സെപ്റ്റംബര് (H.S.)
സംസ്ഥാനത്ത് നിലവിൽ പെൻഷൻ കൈപ്പറ്റുന്നത് 280 മുൻ എംഎൽഎമാരെന്ന് വിവരാവകാശ രേഖ. ഇവർക്ക് പുറമേ 90 പേർ മുൻ എംഎൽഎമാരുടെ മരണശേഷം കുടുംബപെൻഷനും കൈപ്പറ്റുന്നുണ്ട്. ട്രഷറി ഡയറക്ടറേറ്റ് വിവരാവകാശ പ്രവർത്തകനായ മുഹമ്മദ് അഷറഫിന് നൽകിയ ഔദ്യോഗിക വിവരങ്ങൾ പ്രകാരമാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
കേരള നിയമസഭയിലെ മുൻ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും അനുവദിക്കുന്ന പെൻഷൻ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്ത് ആകെ 370 മുൻ എംഎൽഎമാരും അവരുടെ കുടുംബങ്ങളുമാണ് നിലവിൽ പെൻഷൻ ആനുകൂല്യം കൈപ്പറ്റുന്നത്.
സേവന കാലയളവിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ജനപ്രതിനിധികൾക്കുള്ള അടിസ്ഥാന പെൻഷൻ നിശ്ചയിച്ചിട്ടുള്ളത്. രണ്ട് വർഷം വരെ എംഎൽഎ എന്ന നിലയിൽ പൂർത്തിയാക്കുന്നയാളിന് 8000 രൂപയാണ് പ്രതിമാസം ലഭിക്കുക. മൂന്ന് വർഷം പൂർത്തിയാക്കിയാൽ 12,000 രൂപയും നാല് വർഷം പൂർത്തിയാക്കിയാൽ 16,000 രൂപയും അഞ്ച് വർഷം പൂർത്തിയാക്കിയാൽ 20,000 രൂപയും പെൻഷനായി ലഭിക്കും.
അഞ്ച് വർഷത്തിൽ കൂടുതൽ സേവനമുള്ള ഓരോ വർഷത്തിനും ആയിരം രൂപ വീതം അധികമായി ലഭിക്കും. ഇതിന് പുറമേ പ്രായം അടിസ്ഥാനമാക്കിയും അധിക പെൻഷൻ അനുവദിക്കുന്നുണ്ട്. എഴുപത് വയസ്സ് കഴിഞ്ഞവർക്ക് 3000 രൂപയും 85 വയസ്സ് കഴിഞ്ഞവർക്ക് 3500 രൂപയുമാണ് അധിക പെൻഷനായി ലഭിക്കുക. ഒരാൾക്ക് ലഭിക്കാവുന്ന പരമാവധി പെൻഷൻ തുക പ്രതിമാസം 50,000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ഒരു മുൻ എംഎൽഎ മരിച്ചാൽ അദ്ദേഹം കൈപ്പറ്റിയിരുന്ന അതേ തുക തന്നെ കുടുംബപെൻഷനായി ഭാര്യക്ക് അല്ലെങ്കിൽ ഭർത്താവിന് ലഭിക്കുന്നതാണ്.
മക്കൾക്കുള്ള കുടുംബപെൻഷൻ മാനദണ്ഡങ്ങൾമുൻ എംഎൽഎയും അദ്ദേഹത്തിൻ്റെ ഭാര്യ അല്ലെങ്കിൽ ഭർത്താവും മരണപ്പെടുന്ന പക്ഷം ചില പ്രത്യേക മാനദണ്ഡങ്ങൾ പ്രകാരം മക്കൾക്കും കുടുംബപെൻഷന് അർഹതയുണ്ട്. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളാണെങ്കിൽ 25 വയസ്സ് തികയുന്നതുവരെയോ സ്വന്തമായി വരുമാനം കണ്ടെത്താൻ തുടങ്ങുന്നതുവരെയോ കുടുംബപെൻഷൻ ലഭിക്കും. ഇതിൽ ഏതാണോ ആദ്യം സംഭവിക്കുന്നത് അതുവരെയായിരിക്കും ആനുകൂല്യം.
അവിവാഹിതരായ പെൺകുട്ടികളുണ്ടെങ്കിൽ 25 വയസ്സ് തികയുന്നതുവരെയോ വിവാഹം കഴിയുന്നതുവരെയോ അല്ലെങ്കിൽ സ്വന്തമായി വരുമാനം കണ്ടെത്തുന്നതുവരെയോ അവർക്കും പെൻഷന് അർഹതയുണ്ട്. എന്നാൽ മാനസിക വെല്ലുവിളി നേരിടുന്ന മക്കൾക്ക് ഈ പ്രായപരിധി ബാധകമല്ല. ഇവർക്ക് ആജീവനാന്തം കുടുംബപെൻഷൻ ലഭിക്കാൻ അർഹതയുണ്ട്. ഒന്നിലധികം അർഹരായ മക്കളുണ്ടെങ്കിൽ പെൻഷൻ തുക അവർക്ക് തുല്യമായോ ആനുപാതികമായോ വീതിച്ചു നൽകുന്നതാണ് ചട്ടം.
പരമാവധി പെൻഷൻ കൈപ്പറ്റുന്നവർനിലവിൽ പരമാവധി പെൻഷൻ തുകയായ 50,000 രൂപ വാങ്ങുന്നത് എട്ടു പേരാണ്. ഇതിൽ രണ്ട് മുൻ എംഎൽഎമാരൊഴികെ മറ്റുള്ളവർ കുടുംബപെൻഷനായാണ് ഈ തുക കൈപ്പറ്റുന്നത്. മുൻ പൂഞ്ഞാർ എംഎൽഎ പി.സി ജോർജ്, മുൻ മന്ത്രി കെ.സി ജോസഫ് എന്നിവരാണ് പരമാവധി പെൻഷൻ വാങ്ങുന്ന മുൻ ജനപ്രതിനിധികൾ. മുൻ മന്ത്രി ബേബി ജോണിൻ്റെ ഭാര്യ അന്നമ്മ ബി. ജോൺ, മുൻ മന്ത്രി കെ.എം മാണിയുടെ ഭാര്യ അന്നമ്മ മാണി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയമ്മ ഉമ്മൻ, മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ ഭാര്യ വാസുമതി കെ, മുൻ മന്ത്രി സി.എഫ് തോമസിൻ്റെ ഭാര്യ കുഞ്ഞമ്മ തോമസ്, മുൻ മന്ത്രി ആര്യാടൻ മുഹമ്മദിൻ്റെ ഭാര്യ പി.വി മറിയുമ്മ എന്നിവരാണ് 50,000 രൂപ കുടുംബപെൻഷനായി കൈപ്പറ്റുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR