കെഎസ്ആർടിസിക്ക് ടിക്കറ്റ് വരുമാനത്തിൽ വീണ്ടും ചരിത്രനേട്ടം, ഇന്നലെ ആകെ 11. 66 കോടി ലഭിച്ചു
Thiruvanathapuram, 01 സെപ്റ്റംബര്‍ (H.S.) തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനത്തിൽ വീണ്ടും ചരിത്രനേട്ടം. 2026 ആഗസ്റ്റ് 31-ന് 10.82 കോടി രൂപയാണ് പ്രതിദിന ടിക്കറ്റ് വരുമാനമായി കെഎസ്ആർടിസി നേടിയത്. ശബരിമല സ്പെഷ്യൽ സർവീസ് സീസൺ ഒഴികെയുള്ള ക
KSRTC


Thiruvanathapuram, 01 സെപ്റ്റംബര്‍ (H.S.)

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനത്തിൽ വീണ്ടും ചരിത്രനേട്ടം. 2026 ആഗസ്റ്റ് 31-ന് 10.82 കോടി രൂപയാണ് പ്രതിദിന ടിക്കറ്റ് വരുമാനമായി കെഎസ്ആർടിസി നേടിയത്. ശബരിമല സ്പെഷ്യൽ സർവീസ് സീസൺ ഒഴികെയുള്ള കാലയളവിൽ കെഎസ്ആർടിസി നേടിയ ഏറ്റവും ഉയർന്ന പ്രതിദിന ടിക്കറ്റ് വരുമാനമാണിത്.

കഴിഞ്ഞ വർഷം സമാന ദിവസത്തെ വരുമാനമായ 10.19 കോടി രൂപയാണ് ഇതിന് മുമ്പുണ്ടായിരുന്ന പ്രധാന നേട്ടം. ഈ റെക്കോർഡിനെയാണ് ഇന്നലത്തെ 10.82 കോടി രൂപയുടെ വരുമാനത്തോടെ കെഎസ്ആർടിസി മറികടന്നത്.

കഴിഞ്ഞ വർഷത്തെ സമാന ദിവസത്തെ അപേക്ഷിച്ച് ഇത്തവണ 62.62 ലക്ഷം രൂപയുടെ അധിക വരുമാനമാണ് ലഭിച്ചത്. ശതമാനത്തിൽ ഏകദേശം 6.14 ശതമാനം വർധന. അതേസമയം, കഴിഞ്ഞ ആഴ്ച ഓഗസ്റ്റ് 24-ന് ലഭിച്ച 8.82 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നലത്തെ വരുമാനം 2 കോടി രൂപയിലധികം വർധിച്ചു. ആഴ്ചതോറുമുള്ള താരതമ്യത്തിൽ ഏകദേശം 22.7 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.

വരുമാന വർധനയ്ക്കൊപ്പം സർവീസ് കാര്യക്ഷമതയിലും മുന്നേറ്റം പ്രകടമാണ്. ആഗസ്റ്റ് 31-ന് 15.66 ലക്ഷം കിലോമീറ്റർ സർവീസ് നടത്തിയപ്പോൾ കിലോമീറ്ററിന് ലഭിച്ച വരുമാനം (EPKM) 69.09 രൂപയായി. കഴിഞ്ഞ വർഷം ഇതേ ദിവസം EPKM 64.89 രൂപയായിരുന്നു. അതായത് കിലോമീറ്ററിന് ലഭിക്കുന്ന വരുമാനത്തിലും 6.47 ശതമാനത്തോളം വർധനയുണ്ടായി.

ഒരു ബസിന് ലഭിച്ച ശരാശരി വരുമാനവും (EPB) ഉയർന്നു. ഇന്നലെ 23,477 രൂപയാണ് ഒരു ബസിന് ശരാശരി ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേ ദിവസം ഇത് 22,123 രൂപയായിരുന്നു. കഴിഞ്ഞ ആഴ്ച ഇത് 20,358 രൂപയായിരുന്നു. ഇതിലൂടെ സർവീസുകളുടെ വരുമാനക്ഷമതയിൽ ഉണ്ടായ വർധനയും വ്യക്തമാകുന്നു.

കൂടുതൽ സർവീസുകൾ, മികച്ച വരുമാനം

ഇന്നലെ 4,641 ബസുകൾ സർവീസ് നടത്തിയപ്പോൾ കഴിഞ്ഞ വർഷം സമാന ദിവസം 4,528 ബസുകളാണ് സർവീസ് നടത്തിയിരുന്നത്. അതിനാൽ ഇത്തവണ 113 ബസുകൾ അധികമായി സർവീസ് നടത്തിയതും വരുമാന നേട്ടത്തിന് പിന്തുണയായി.

ഓണക്കാലത്തെ തിരക്ക്, യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധന, മികച്ച ആധ്യനിക AC ബസ്സുകൾ ലീസ് അടിസ്ഥാനത്തിൽ ലഭ്യമാക്കിയതും, ആവശ്യാനുസരണം അധിക സർവീസുകൾ ക്രമീകരിച്ചത്, കൂടുതൽ തൃപ്തരായ ജീവനക്കാരുടെയും തൊഴിലാളി സംഘടനകളുടെയും സഹകരണവും കൂട്ടായ പ്രവർത്തനവും, നിലവിലുള്ള സർവീസുകളിൽ നിന്നുള്ള വരുമാന വർദ്ധനവ് തുടങ്ങിയ ഘടകങ്ങൾ കെഎസ്ആർടിസിയുടെ മികച്ച പ്രകടനത്തിന് സഹായകമായതായി വിലയിരുത്തുന്നു.

10 കോടി രൂപയ്ക്ക് മുകളിലുള്ള പ്രതിദിന ടിക്കറ്റ് വരുമാനം തുടർച്ചയായി കൈവരിക്കാൻ കഴിയുന്ന രീതിയിൽ പഴക്കമേറിയ ബസ്സുകൾ മാറ്റിയും , ബസ്സുകൾ നവീകരിച്ചും, ഓഫ് റോഡ് കുറച്ചും, കൂടുതൽ മികച്ച ആധുനിക ബസ്സുകൾ KSRTC ക്ക് നേരിട്ടുള്ള ഭീമമായ സാമ്പത്തീക ബാധ്യത വരാതെ ലഭ്യമാക്കി നിരത്തിലിറക്കുന്നതിനും വിഭാവനം ചെയ്തുള്ള ബഹു ഗതാഗത വകുപ്പ് മന്ത്രിയുടെ നവീനമായ വിവിധ ആശയങ്ങൾ കെഎസ്ആർടിസിയുടെ സാമ്പത്തിക പുനരുജ്ജീവനത്തിനും മികച്ച നേട്ടം കൈവരിക്കുവാനുമായി കെഎസ്ആർടിസി നടപ്പിലാക്കി വരുന്നതിൻ്റെ ഫലമാണ് ഇത്തരം നേട്ടങ്ങൾ എന്നും വിലയിരുത്തുന്നു.

---------------

Hindusthan Samachar / Sreejith S


Latest News