ആവേശപ്പോരാട്ടത്തിൽ കൊല്ലം സെയിലേഴ്സിനെ വീഴ്ത്തി സെമി ഉറപ്പിച്ച് തൃശൂർ ടൈറ്റൻസ്
Thiruvananthapuram , 01 സെപ്റ്റംബര് (H.S.) കെസിഎല്ലിൽ സെമി ഉറപ്പിച്ച് തൃശൂർ ടൈറ്റൻസ്. ആവേശം അവസാന ഓവറുകളിലേക്ക് നീണ്ടൊരു പോരാട്ടത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെ നാല് വിക്കറ്റിന് തോല്പിച്ചാണ് തൃശൂർ അവസാന നാലിൽ ഇടംപിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത സെയിലേ
ക്രിക്കറ്റ് ലീഗ്


Thiruvananthapuram , 01 സെപ്റ്റംബര് (H.S.)

കെസിഎല്ലിൽ സെമി ഉറപ്പിച്ച് തൃശൂർ ടൈറ്റൻസ്. ആവേശം അവസാന ഓവറുകളിലേക്ക് നീണ്ടൊരു പോരാട്ടത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെ നാല് വിക്കറ്റിന് തോല്പിച്ചാണ് തൃശൂർ അവസാന നാലിൽ ഇടംപിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത സെയിലേഴ്സ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റൻസ്, നാല് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി.

ഏരീസ് കൊല്ലം സെയിലേഴ്സ് - 20 ഓവറിൽ 160/8, തൃശൂർ ടൈറ്റൻസ് 20 ഓവറിൽ 162/6

ജയം അനിവാര്യമായ മത്സരത്തിൽ സെയിലേഴ്സിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ഫോമിലുള്ള അഭിഷേക് ജെ. നായരെ (1) പുറത്താക്കി ശരത്ചന്ദ്രപ്രസാദ് തുടർച്ചയായ മൂന്നാം മത്സരത്തിലും തൃശൂരിന് മികച്ച തുടക്കം നൽകി. തന്റെ അടുത്ത ഓവറിൽ സെയിലേഴ്സിന്റെ ക്യാപ്റ്റൻ വത്സൽ ഗോവിന്ദിനെയും (6) ശരത് തന്നെ മടക്കി. എന്നാൽ മറുവശത്ത് ഉറച്ചുനിന്ന ആനന്ദ് കൃഷ്ണന്റെ ഇന്നിങ്സ് സെയിലേഴ്സിന് തുണയായി.

അജിനാസിനും അജു പൗലോസിനുമൊപ്പം ചേർന്ന് ആനന്ദ് മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്തി. മൈതാനത്തിന്റെ നാനാഭാഗത്തേക്കും തകർപ്പൻ ഷോട്ടുകൾ പായിച്ച ആനന്ദ്, എം.എസ്. അഖിലിനെ സിക്സറിന് പറത്തിയാണ് അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയത്. അജുവുമൊത്ത് കൂട്ടിച്ചേർത്ത 49 റൺസിൽ മുക്കാൽ പങ്കും ആനന്ദിന്റെ ബാറ്റിൽ നിന്നായിരുന്നു. ആനന്ദിന്റെ കരുത്തിൽ 12-ാം ഓവറിൽ സെയിലേഴ്സ് 100 കടന്നു.

എന്നാൽ 65 റൺസെടുത്ത ആനന്ദ് മടങ്ങിയതോടെ സെയിലേഴ്സ് വീണ്ടും തകർച്ചയിലേക്ക് നീങ്ങി. 14 റൺസെടുത്ത അജു പൗലോസും ഒരു റണ്ണെടുത്ത ഷറഫുദ്ദീനും അടുത്തടുത്ത ഓവറുകളിൽ പുറത്തായി. തുടരെ വിക്കറ്റുകൾ വീഴുമ്പോൾ ഒരു വശത്ത് ഉറച്ചുനിന്ന അർജുൻ വേണുഗോപാലിന്റെ ഇന്നിങ്സാണ് സെയിലേഴ്സിന്റെ സ്കോർ 150 കടത്തിയത്. അർജുൻ 31 റൺസെടുത്തു. ടൈറ്റൻസിന് വേണ്ടി ശരത്ചന്ദ്രപ്രസാദും ബിജു നാരായണനും മൂന്ന് വിക്കറ്റ് വീതവും മുഹമ്മദ് ഇനാൻ രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂരിന് സ്കോർ 32-ൽ നിൽക്കെ കെ.ആർ. രോഹിതിന്റെ (27) വിക്കറ്റ് നഷ്ടമായി.

പത്ത് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ അഹമ്മദ് ഇമ്രാനും (6) മടങ്ങി. ഇതോടെ പ്രതിരോധത്തിലായ ടൈറ്റൻസിന്റെ ഇന്നിങ്സ് സാവധാനത്തിലാണ് മുന്നോട്ടു നീങ്ങിയത്. 20 റൺസെടുത്ത ഷോൺ റോജറും 16 റൺസെടുത്ത സഞ്ജീവ് സതീശനും അടുത്തടുത്ത ഓവറുകളിൽ പുറത്തായി. 15 റൺസെടുത്ത എം.എസ്. അഖിൽ കൂടി മടങ്ങുമ്പോൾ അഞ്ച് വിക്കറ്റിന് 96 റൺസെന്ന നിലയിലായിരുന്നു ടൈറ്റൻസ്. അഞ്ച് വിക്കറ്റുകൾ ശേഷിക്കെ 35 പന്തുകളിൽ നിന്ന് 65 റൺസായിരുന്നു ടൈറ്റൻസിന് ജയിക്കാൻ വേണ്ടിയിരുന്നത്.

സെയിലേഴ്സ് പിടിമുറുക്കുന്നുവെന്ന് തോന്നിച്ച ഘട്ടത്തിൽ മനഃസാന്നിധ്യത്തോടെ ബാറ്റ് വീശിയ നിഖിൽ തോട്ടത്തിലിന്റെയും എസ്. ഷാരോണിന്റെയും ഇന്നിങ്സാണ് ടീമിന് വിജയമൊരുക്കിയത്. ഷറഫുദ്ദീൻ എറിഞ്ഞ 17-ാം ഓവറിൽ മൂന്ന് സിക്സടക്കം ഇരുവരും ചേർന്ന് 21 റൺസ് നേടി. ഇതോടെയാണ് കളിയുടെ ഗതി മാറിയത്. തൊട്ടടുത്ത ഓവറിൽ കെ.ജി. അഖിലിനെതിരെ നിഖിൽ തോട്ടത്ത് തുടരെ ഫോറും സിക്സും നേടി.

ഓവറിലെ അവസാന പന്തിൽ ഷാരോൺ പുറത്തായെങ്കിലും തുടർന്നെത്തിയ മുഹമ്മദ് ഇനാൻ നിഖിലിന് മികച്ച പിന്തുണയായി. അവസാന ഓവറിലെ രണ്ടാം പന്ത് സിക്സർ പറത്തി ഇനാൻ ടീമിനെ വിജയത്തിലെത്തിച്ചു. നിഖിൽ 22 പന്തുകളിൽ നിന്ന് 41-ഉം ഇനാൻ അഞ്ച് പന്തുകളിൽ നിന്ന് 17-ഉം റൺസ് നേടി പുറത്താകാതെ നിന്നു. സെയിലേഴ്സിന് വേണ്ടി മുഹമ്മദ് ഇഷാഖ് രണ്ട് വിക്കറ്റ് വീഴ്ത്തി

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News