കൊച്ചി മെട്രോ അങ്കമാലിയിലേക്ക്: മൂന്നാംഘട്ട വികസനത്തിനുള്ള ഡി.പി.ആർ സർക്കാരിന് സമർപ്പിച്ച് കെ.എം.ആർ.എൽ; നെടുമ്പാശ്ശേരി വിമാനത്താവളവും പാതയിൽ
Kochi, 01 സെപ്റ്റംബര് (H.S.) കൊച്ചി: കൊച്ചി മെട്രോയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൂന്നാംഘട്ട പാതയുടെ വിശദ പദ്ധതി രേഖ (ഡി.പി.ആർ) കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത
കൊച്ചി മെട്രോ അങ്കമാലിയിലേക്ക്: മൂന്നാംഘട്ട വികസനത്തിനുള്ള ഡി.പി.ആർ സർക്കാരിന് സമർപ്പിച്ച് കെ.എം.ആർ.എൽ; നെടുമ്പാശ്ശേരി വിമാനത്താവളവും പാതയിൽ


Kochi, 01 സെപ്റ്റംബര് (H.S.)

കൊച്ചി: കൊച്ചി മെട്രോയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൂന്നാംഘട്ട പാതയുടെ വിശദ പദ്ധതി രേഖ (ഡി.പി.ആർ) കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലി വരെയുള്ള 17.5 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് മൂന്നാംഘട്ടത്തിൽ നിർമ്മിക്കാൻ നിർദ്ദേശിച്ചിട്ടുള്ളത്. സർക്കാരിന്റെ അംഗീകാരം ലഭിച്ച ശേഷം കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ അന്തിമ അനുമതിക്കായി പദ്ധതി രേഖ സമർപ്പിക്കും.

കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തുനിന്ന് വിരമിക്കുന്ന വേളയിൽ ലോക്നാഥ് ബെഹ്റയാണ് മൂന്നാംഘട്ട പദ്ധതി രേഖ സർക്കാരിന് കൈമാറിയ വിവരം ഔദ്യോഗികമായി അറിയിച്ചത്. ഇതിനൊപ്പം തിരുവനന്തപുരം മെട്രോ പദ്ധതിയുടെ വിശദ പദ്ധതി രേഖയും സമർപ്പിച്ചിട്ടുണ്ട്.

വിമാനത്താവളത്തിലേക്ക് ഭൂഗർഭ പാതമൂന്നാംഘട്ട വികസനത്തിലെ ഏറ്റവും പ്രധാന ആകർഷണം നെടുമ്പാശ്ശേരി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള നേരിട്ടുള്ള കണക്റ്റിവിറ്റിയാണ്. ആലുവയിൽ നിന്ന് ദേശീയപാത 544-ലൂടെ കരിയാട് വരെ എലിവേറ്റഡ് (ഉയർത്തിയ) പാതയായാണ് മെട്രോ നിർമ്മിക്കുന്നത്. തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഏകദേശം 3 കിലോമീറ്റർ ഭൂഗർഭ തുരങ്ക പാതയിലൂടെ മെട്രോ സർവീസ് നടത്തും. വിമാനത്താവളത്തിൽ ഭൂഗർഭ സ്റ്റേഷനും നിർമ്മിക്കും.

വിമാനത്താവളത്തിന് ശേഷം വീണ്ടും എലിവേറ്റഡ് പാതയായി മാറുന്ന മെട്രോ, നായത്തോട്, കവരപ്പറമ്പ്, അരീക്കൽ ജംഗ്ഷൻ വഴി അങ്കമാലി കരയാംപറമ്പിലാണ് അവസാനിക്കുക. ആകെ 15 നിർദ്ദിഷ്ട സ്റ്റേഷനുകളാണ് ഈ റൂട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നിർദ്ദിഷ്ട സ്റ്റേഷനുകൾതോട്ടയ്ക്കാട്ടുകര, കുന്നുംപുറം, പറമ്പയം, നെടുമ്പാശ്ശേരി, അത്താണി, കരിയാട്, എയർപോർട്ട് റെയിൽവേ സ്റ്റേഷൻ, എയർപോർട്ട്, നായത്തോട്, കവരപ്പറമ്പ്, അരീക്കൽ ജംഗ്ഷൻ, എൽ.എഫ് ഹോസ്പിറ്റൽ, അങ്കമാലി ടൗൺ, കൊതകുളങ്ങര, കരയാംപറമ്പ് എന്നിവയാണ് മൂന്നാംഘട്ടത്തിലെ പ്രധാന സ്റ്റേഷനുകൾ. അതേസമയം, അങ്കമാലി റെയിൽവേ സ്റ്റേഷനിലേക്ക് പാത നീട്ടണമെന്ന പ്രാദേശിക ആവശ്യം ഭൂമി ഏറ്റെടുക്കലിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം തൽക്കാലം ഒഴിവാക്കിയിട്ടുണ്ട്. പകരം എയർപോർട്ട് റെയിൽവേ സ്റ്റേഷന് സമീപം മെട്രോ സ്റ്റേഷൻ സജ്ജമാക്കാനാണ് ശുപാർശ.

നിലവിൽ ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ട പാത പൂർണ്ണമായും പ്രവർത്തനക്ഷമമാണ്. കലൂർ മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള രണ്ടാംഘട്ട പാതയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. മൂന്നാംഘട്ടത്തിന് അനുമതി ലഭിക്കുന്നതോടെ റോഡ്, റെയിൽ, വ്യോമ ഗതാഗത ശൃംഖലകളെ പരസ്പരം ബന്ധിപ്പിക്കുന്ന മൾട്ടി-മോഡൽ യാത്രാ സൗകര്യമായി കൊച്ചി മെട്രോ മാറും. ഇത് കൊച്ചി നഗരത്തിലെയും അങ്കമാലി, ആലുവ മേഖലകളിലെയും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

---------------

Hindusthan Samachar / Roshith K


Latest News