കേരളത്തിലെ എക്സൈസ് വകുപ്പിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുമായി സർക്കാർ
Thiruvananthapuram , 01 സെപ്റ്റംബര് (H.S.) കേരളത്തിലെ എക്സൈസ് വകുപ്പിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുമായി സർക്കാർ. കോട്ടയം ജില്ലയിലെ ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെ പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരാണെന്ന്
M Liju


Thiruvananthapuram , 01 സെപ്റ്റംബര് (H.S.)

കേരളത്തിലെ എക്സൈസ് വകുപ്പിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുമായി സർക്കാർ. കോട്ടയം ജില്ലയിലെ ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെ പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്തു. വാട്സാപ്പ് സന്ദേശത്തിലൂടെ ലഭിച്ച പരാതിയെത്തുടർന്നാണ് ഈ ദ്രുത നടപടിയെന്ന് എക്സൈസ് മന്ത്രി എം ലിജു വാര്ത്താസമ്മേളനത്തില് വ്യക്തമാക്കി.

എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ കർശന നിർദ്ദേശം നൽകിയിട്ടും വീഴ്ച തുടർന്നുവെന്നും ഇതിൻ്റെ അടിസ്ഥാനത്തിലാണ് കോട്ടയം ജില്ലയിലെ ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. അഴിമതിക്കെതിരെയുള്ള ഈ നടപടി ഒരു ജില്ലയിൽ ഒതുങ്ങില്ല, 14 ജില്ലകളിലേക്കും വ്യാപിപ്പിക്കും. നടപടിക്രമം പാലിച്ചാവും നടപടിയെടുക്കുക. ഉദ്യോഗസ്ഥർക്കെതിരായ നടപടി ഒരു സന്ദേശമാണ്. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാർ എന്ന് തെളിഞ്ഞതിനാൽ സസ്പെന്ഡ് ചെയ്തു. കുറച്ച് കൂടി അന്വേഷണം നടത്താനുണ്ടെന്നും ഇത് വിജിലൻസിന് കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി. അഴിമതി എവിടെ ഉണ്ടെങ്കിലും ആര് ചൂണ്ടിക്കാട്ടിയാലും നടപടിയെടുക്കും. നിയമവിരുദ്ധ പ്രവർത്തനം നടത്തുന്ന ഉദ്യോഗസ്ഥർ എത്ര ഉന്നതരായാലും കർശന നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്കി.

ബാർ ഹോട്ടലുകളുടെ പ്രവർത്തനം തടസ്സപ്പെടുത്താന് സര്ക്കാര് വരില്ലെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ വെച്ചുപൊറുപ്പിക്കില്ല. മാന്യമായി ബിസിനസ് ചെയ്യുന്ന വ്യവസായികളോട് വകുപ്പിന് പൂർണ ബഹുമാനമുണ്ട്. എന്നാല് വകുപ്പിലെ പുഴുക്കുത്തുകളോട് ക്ഷമിക്കില്ലെന്നും മന്ത്രി പറഞ്ഞു. ബാറുടമകൾ നിർദ്ദിഷ്ട സമയക്രമം കർശനമായി പാലിക്കണം. വ്യാജമദ്യം വിൽക്കുന്നവരെ ജയിലിലടയ്ക്കാൻ മടിക്കില്ല. ആരെങ്കിലും കൈക്കൂലി ആവശ്യപ്പെട്ടാൽ ഉടൻതന്നെ വകുപ്പിനെ വിവരം അറിയിക്കണം.

കൂടാതെ, ഏറ്റവും കൂടുതൽ മദ്യം വിറ്റ ബീവറേജ് ഔട്ട്ലെറ്റുകളുടെ കണക്കുകൾ പരസ്യപ്പെടുത്തുന്നതിന് പകരം, ഏറ്റവും കുറഞ്ഞ അളവിൽ മദ്യം വിറ്റ ഔട്ട്ലെറ്റുകളുടെ കണക്കാകും ഇനി പുറത്തുവിടുക. വകുപ്പിൻ്റെ വാർഷിക ബജറ്റായ 23 കോടി രൂപ അപര്യാപ്തമാണെന്നും, കൂടുതൽ തുക ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. മദ്യനയം രൂപീകരിക്കുന്നതിനുള്ള ചർച്ചകള് ഈ മാസം പൂർത്തീകരിക്കുമെന്നും എക്സൈസ് സവീകരണം മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും മന്ത്രി വ്യക്തമാക്കി.

ഓണം സ്പെഷ്യൽ ഡ്രൈവ്: ഓഗസ്റ്റിൽ 2,593 പേർ അറസ്റ്റിൽ

ഓണം ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് എക്സൈസ് വകുപ്പ് നടത്തിയ സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവിൽ വൻ ലഹരിവേട്ട. ഓഗസ്റ്റ് ഒന്ന് മുതൽ 31 വരെയുള്ള ഒരു മാസത്തിനിടെ അബ്കാരി, എൻഡിപിഎസ് കേസുകളിലായി 2,593 പേരെ എക്സൈസ് അറസ്റ്റ് ചെയ്തുവെന്ന് എക്സൈസ് മന്ത്രി എം ലിജു പത്രസമ്മേളനത്തിൽ വ്യക്തമാക്കി. 2,126 അബ്കാരി കേസുകളിൽ നിന്നായി 1,600 പ്രതികളെയും 1,086 എൻഡിപിഎസ് കേസുകളിൽ നിന്നായി 993 പ്രതികളെയുമാണ് പിടികൂടിയത്. ഡ്രൈവിൻ്റെ ഭാഗമായി 8,336 ലിറ്റർ സ്പിരിറ്റ്, 5,683 ലിറ്റർ വിദേശമദ്യം, 17,048 ലിറ്റർ വാഷ്, 302.2 ലിറ്റർ ചാരായം, 1,202 ലിറ്റർ കള്ള്, 927 ലിറ്റർ അന്യസംസ്ഥാന മദ്യം എന്നിവ പിടിച്ചെടുത്തു.

മയക്കുമരുന്ന് വേട്ടയിൽ 111.398 കിലോഗ്രാം കഞ്ചാവ്, 2,444 കഞ്ചാവ് ചെടികൾ, 1,126 ഗ്രാം കഞ്ചാവ് മിട്ടായി, 666.8 ഗ്രാം എംഡിഎംഎ, 429.60 ഗ്രാം മെത്താഫിറ്റമൈൻ, 164.68 ഗ്രാം ഹാഷിഷ് ഓയിൽ, 96.09 ഗ്രാം ഹെറോയിൻ, 25.298 ഗ്രാം ബ്രൗൺ ഷുഗർ എന്നിവയും എക്സൈസ് സംഘം പിടിച്ചെടുത്തു. കൂടാതെ പുകയില വിരുദ്ധ നിയമപ്രകാരം (COTPA) രജിസ്റ്റർ ചെയ്ത 8,445 കേസുകളിൽ നിന്നായി 786.04 കിലോഗ്രാം പുകയില ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും 16,88,206 രൂപ പിഴയായി ഈടാക്കുകയും ചെയ്തു.

സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള ലഹരിവേട്ട

ഈ സർക്കാർ അധികാരത്തിൽ വന്ന മേയ് 18 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് വലിയ രീതിയിലുള്ള എൻഫോഴ്സ്മെൻ്റ് നടപടികളാണ് നടന്നത്. 6,664 അബ്കാരി കേസുകളും 3,687 എൻഡിപിഎസ് കേസുകളും 28,736 കോട്പ കേസുകളും രജിസ്റ്റർ ചെയ്തു. അബ്കാരി കേസുകളിൽ 5,301 പേരെയും എൻഡിപിഎസ് കേസുകളിൽ 3,338 പേരെയും അറസ്റ്റ് ചെയ്തു. 17,312 ലിറ്റർ വിദേശമദ്യം, 9,092 ലിറ്റർ സ്പിരിറ്റ്, 47,049 ലിറ്റർ വാഷ്, 579.38 കിലോഗ്രാം കഞ്ചാവ്, 1,620.30 ഗ്രാം എംഡിഎംഎ, 1,365.54 ഗ്രാം മെത്താഫിറ്റമെൻ, 10,384.64 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങൾ എന്നിവ പിടിച്ചെടുത്തു. കോട്പ കേസ് പിഴയിനത്തിൽ മാത്രം ഇതുവരെ 57,41,708 രൂപ ഈടാക്കിയിട്ടുണ്ട്.

കള്ളുഷാപ്പുകളിൽ 'ഓപ്പറേഷൻ ശുദ്ധി': 22,375 പരിശോധനകൾ നടത്തി

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കള്ളുഷാപ്പുകളിൽ മായം ചേർത്തു കള്ള് വിൽക്കുന്നുണ്ടോ എന്നും, ഭക്ഷ്യസുരക്ഷാ ആക്ട് പ്രകാരമുള്ള ലൈസൻസ് ലഭ്യമാക്കിയിട്ടുണ്ടോ എന്നും ഉറപ്പുവരുത്തുന്നതിനായി ആരംഭിച്ച 'ഓപ്പറേഷൻ ശുദ്ധി' പരിപാടിയുടെ ഭാഗമായി വ്യാപക പരിശോധനകൾ പൂർത്തിയാക്കി. 2026 ജൂൺ 25-നാണ് ഈ പരിശോധനകൾക്ക് തുടക്കമിട്ടത്. ഷാപ്പുകളുടെയും പരിസരത്തിൻ്റെയും ശുചിത്വം പരിശോധിക്കുക, നിയമാനുസൃത ലൈസൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ.

സംസ്ഥാനത്താകെ 5171 കള്ളുഷാപ്പുകളാണ് നിലവിലുള്ളത്. ഇവയിൽ പ്രവർത്തിക്കുന്ന 4152 ഷാപ്പുകളിൽ നടത്തിയത് ആകെ 22,375 പരിശോധനകളാണ്. 3505 സാമ്പിളുകളാണ് ഇവിടങ്ങളിൽ നിന്നും സ്വീകരിച്ചത്. ശേഖരിച്ച സാംപിളുകൾ കൂടുതൽ രാസപരിശോധനയ്ക്കായി കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ലബോറട്ടറി ഫലം ലഭിച്ച ശേഷം കൂടുതൽ നിയമനടപടികൾ സ്വീകരിക്കും. ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാത്ത ഷാപ്പുകൾക്ക് അത് ഉടനടി ലഭ്യമാക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്. ഈ നിർദേശം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ കൈക്കൊള്ളും. കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട് എന്നീ ജില്ലകളിലെ കള്ളുഷാപ്പുകളിൽ നിന്നും ഈന്തപന തോട്ടങ്ങളിൽ നിന്നുമാണ് പ്രധാനമായും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിലവിൽ കള്ളുഷാപ്പുകൾക്കെതിരെ 18 കേസുകളും ബാറുകൾക്കെതിരെ 15 കേസുകളും എടുത്തിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News