Enter your Email Address to subscribe to our newsletters

Kannur, 01 സെപ്റ്റംബര് (H.S.)
കണ്ണൂർ: പയ്യന്നൂരിൽ നടന്ന പൊതുയോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ രാഷ്ട്രീയ പ്രസംഗം ചില കേന്ദ്രങ്ങൾ ബോധപൂർവ്വം തെറ്റായി വ്യാഖ്യാനിച്ച് സിപിഐഎമ്മിനെതിരെ ആസൂത്രിതമായ രാഷ്ട്രീയ ആക്രമണം അഴിച്ചുവിടുകയാണെന്ന് പാർട്ടി നേതാക്കൾ. ജനാധിപത്യപരവും പാർട്ടി നിലപാടുകൾ വ്യക്തമാക്കുന്നതുമായ ഒരു പ്രസംഗത്തെ ഭീഷണിയായി ചിത്രീകരിക്കുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന് സിപിഐ(എം) നേതൃത്വം വ്യക്തമാക്കി.
പിണറായി വിജയന്റെ പ്രസംഗത്തിൽ എവിടെയാണ് ഭീഷണിയുടെ സ്വരമുള്ളതെന്ന് പയ്യന്നൂർ മുൻ എംഎൽഎ ടി.ഐ. മധുസൂദനൻ ചോദിച്ചു. പാർട്ടിയിൽ നിന്ന് അകന്നുപോയവരെയും ആശയക്കുഴപ്പത്തിലായവരെയും തിരികെ പ്രസ്ഥാനത്തിലേക്ക് സ്വാഗതം ചെയ്യുകയാണ് നേതാവ് ചെയ്തത്. ഇതിനെ വധഭീഷണിയെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണന്റെ വിലകുറഞ്ഞ തന്ത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രക്തസാക്ഷിയെ വിറ്റ് വോട്ട് നേടിയെന്ന് ആരോപണംവി. കുഞ്ഞികൃഷ്ണൻ പയ്യന്നൂരിലെ ജനങ്ങൾക്കിടയിൽ നിരന്തരം കള്ളം പ്രചരിപ്പിക്കുകയാണെന്ന് ടി.ഐ. മധുസൂദനൻ ആരോപിച്ചു. രക്തസാക്ഷി ധൻരാജിന്റെ പേര് ദുരുപയോഗം ചെയ്തും വൈകാരികമായി വിറ്റുകാശാക്കിയുമാണ് കുഞ്ഞികൃഷ്ണൻ തിരഞ്ഞെടുപ്പിൽ എംഎൽഎ ആയി മാറിയത്. യഥാർത്ഥ വസ്തുതകളെല്ലാം മറച്ചുവെച്ച് സ്വന്തം രാഷ്ട്രീയ അസ്തിത്വം നിലനിർത്താൻ പാർട്ടിയെയും രക്തസാക്ഷി കുടുംബങ്ങളെയും അവഹേളിക്കുകയാണ് കുഞ്ഞികൃഷ്ണൻ ചെയ്യുന്നത്. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ പാർട്ടി ശത്രുക്കളുടെ ചട്ടുകമായി മാറിയ ആളാണ് കുഞ്ഞികൃഷ്ണനെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ഫണ്ടുകളുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. എന്നിട്ടും ആ വിഷയങ്ങളെ വീണ്ടും പൊക്കിപ്പിടിച്ച് വിവാദങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നത് പാർട്ടിക്ക് പൊതുജനങ്ങൾക്കിടയിലുള്ള സ്വാധീനം തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്.
തെറ്റായ പ്രചാരണങ്ങളെ തുറന്നുകാട്ടുംപയ്യന്നൂരിൽ പാർട്ടിയുടെ അടിത്തറ തകർക്കാൻ നടത്തുന്ന ഇത്തരം ഗൂഢനീക്കങ്ങളെ ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് നേതാക്കൾ വ്യക്തമാക്കി. പാർട്ടി വിരുദ്ധ ശക്തികളുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങി പ്രവർത്തിക്കുന്നവരുടെ കള്ള പ്രചാരണങ്ങൾ ജനങ്ങൾക്ക് മുന്നിൽ അധികനാൾ നിലനിൽക്കില്ല. വ്യാജവാർത്തകളും ഭീഷണി ആരോപണങ്ങളും പടച്ചുവിട്ട് പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ കഴിയില്ലെന്നും, പയ്യന്നൂരിലെ ജനങ്ങൾ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് മുന്നോട്ട് പോകുമെന്നും നേതൃത്വം കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / Roshith K