Enter your Email Address to subscribe to our newsletters

Ernakulam , 01 സെപ്റ്റംബര് (H.S.)
സാങ്കേതിക, ഡിജിറ്റൽ സർവകലാശാലാ വൈസ് ചാൻസലർമാരെ നിയമിച്ചതിൽ സംസ്ഥാന സർക്കാർ ആർ എസ് എസിന് പൂർണമായും കീഴടങ്ങിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ്. കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി സി നിയമനത്തിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയെ കേന്ദ്ര സർക്കാരിനും ആർ എസ് എസ് അജണ്ടകൾക്കും വിട്ടുനൽകുന്ന നിലപാടാണ് നിലവിലെ സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാർ നൽകുന്ന പാനലിൽ നിന്നായിരിക്കണം വി സി നിയമനം നടപ്പിലാക്കേണ്ടത് എന്നതാണ് നിയമം. ഇതിനു വിരുദ്ധമായി ചാൻസലർ സ്വന്തം നിലയിൽ വി സി യെ നിയമിച്ചപ്പോൾ മുൻ എൽഡിഎഫ് സർക്കാർ കോടതിയെ സമീപിക്കുകയുണ്ടായി. ഹൈക്കോടതി സർക്കാരിന് അനുകൂലമായി വിധിച്ചപ്പോൾ ചാൻസലർ സുപ്രീം കോടതിയെ സമീപിക്കുകയും തുടർന്ന് ഉയർന്ന കോടതി വിഷയത്തിൽ ഇടപെട്ട് പ്രത്യേക കമ്മിറ്റിയെ നിയമിക്കുകയുമായിരുന്നു. ആ കമ്മിറ്റിക്ക് മുമ്പാകെ സർക്കാർ പാനൽ സമർപ്പിക്കുകയാണ് ഉണ്ടായത്. എന്നാൽ നിലവിൽ യുജിസി ചട്ടങ്ങൾക്കനുസരിച്ച് സർവകലാശാലാ നിയമത്തിൽ ഭേദഗതി വരുത്താമെന്ന് പുതിയ യുഡിഎഫ് സർക്കാർ ഉറപ്പുനൽകിയതിലൂടെ സ്വന്തം അധികാരങ്ങൾ ബലികഴിച്ച് കീഴടങ്ങുകയാണ് ചെയ്തിരിക്കുന്നത്.
ആർ എസ് എസ് അജണ്ട ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്ക് വളർത്താൻ ശ്രമിക്കുകയാണ്. വ്യവസ്ഥകൾ ലംഘിച്ച് സുപ്രീം കോടതി വിധിയുടെ തെറ്റായ വ്യാഖ്യാനം നൽകി സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന പ്രഖ്യാപനം നടത്തിയാണ് താൽക്കാലിക വിസിമാരെ നിയമിച്ചതെന്നും രാജീവ് ആരോപിച്ചു. ബിജെപി പറയുന്നത് അതേപടി നടപ്പിലാക്കാൻ സർക്കാർ തയാറാകുന്നു. ബിജെപി വക്താക്കളെ പോലെയാണ് വന്ദേമാതരം ആലപിക്കുന്ന വിഷയത്തിൽ കേന്ദ്ര നിലപാടിനെ പിന്തുണച്ച് കോൺഗ്രസ് മന്ത്രിമാർ സംസാരിക്കുന്നത്. മുട്ടിൽ നിൽക്കാൻ പറയുമ്പോൾ കാൽ നക്കുന്ന അവസ്ഥയിലേക്ക് സർക്കാർ എത്തിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
വർഗീയ അജണ്ടയുടെ നടത്തിപ്പുകാരായി യുഡിഎഫ് സർക്കാർ മാറിയെന്നും ബിജെപിയെക്കാൾ വേഗതയിൽ അവരുടെ താല്പര്യങ്ങൾ നടപ്പിലാക്കാൻ ഭരണകൂടം ശ്രമിക്കുകയാണെന്നും പി രാജീവ് ചൂണ്ടിക്കാട്ടി. അതേസമയം, സിപിഎം - സിപിഐ വിഷയങ്ങൾ മുന്നണി തലത്തിൽ തന്നെ തീർപ്പാക്കുമെന്നും, പാർട്ടി തോൽവി സംബന്ധിച്ച രാഷ്ട്രീയ വിശദീകരണങ്ങളല്ല മറിച്ച് സർക്കാരിൻ്റെ നിലപാട് മാറ്റങ്ങളാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടേണ്ടതെന്നും അദ്ദേഹം ചോദ്യങ്ങൾക്ക് മറുപടിയായി പ്രതികരിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR