പേപ്പാറ വന്യജീവി സങ്കേതത്തില് മഴക്കാല പക്ഷി സര്വേയില് 124 ഇനം പക്ഷികളെ കണ്ടെത്തി
Thiruvananthapuram, 01 സെപ്റ്റംബര് (H.S.) വനം വകുപ്പിനെ സംബന്ധിച്ച് വനസംരക്ഷണ പ്രവര്ത്തനങ്ങള്ക്ക് പക്ഷികളുടെ കണക്കെടുപ്പ് നിര്ണായകമാണ്. സാധാരണ കരുതും പോലെ വെറുതെ പക്ഷികളുടെ എണ്ണം രേഖപ്പെടുത്തല് മാത്രമല്ലിത്. ഓരോ പക്ഷികളുടെയും സാന്നിധ്യവും സാന്നിധ്
PEPPARA WILDLIFE SANCTUARY


Thiruvananthapuram, 01 സെപ്റ്റംബര് (H.S.)

വനം വകുപ്പിനെ സംബന്ധിച്ച് വനസംരക്ഷണ പ്രവര്ത്തനങ്ങള്ക്ക് പക്ഷികളുടെ കണക്കെടുപ്പ് നിര്ണായകമാണ്. സാധാരണ കരുതും പോലെ വെറുതെ പക്ഷികളുടെ എണ്ണം രേഖപ്പെടുത്തല് മാത്രമല്ലിത്. ഓരോ പക്ഷികളുടെയും സാന്നിധ്യവും സാന്നിധ്യമില്ലായ്മയുമൊക്കെ പാരിസ്ഥികമായ ചില സൂചനകൾ നല്കുന്നു. അതിനാല് പക്ഷി സര്വേ തുടര്ച്ചയായി നടത്തുന്നത് വനം വകുപ്പ് തന്നെ മുന്കൈ എടുത്താണ്.

സാധാരണ വേനല്ക്കാലങ്ങളിലാണ് പക്ഷി സര്വ്വേ നടത്തുകയെങ്കിലും ഇത്തവണ തിരുവനന്തപുരം ജില്ലയിലെ പേപ്പാറ വന്യജീവി സങ്കേതത്തില് ഒരു മഴക്കാല പക്ഷി സര്വേ വനം വകുപ്പ് സംഘടിപ്പിക്കുകയുണ്ടായി. പക്ഷിനിരീക്ഷകരുടെ കൂട്ടായ്മയായ വാര്ബ്ലേര്സ് ആന്ഡ് വെയ്ഡേഴ്സും വനം വകുപ്പും സംയുക്തമായി പേപ്പാറ വന്യജീവി സങ്കേതത്തില് നടത്തിയ മഴക്കാല പക്ഷി സര്വേയില് 124 ഇനം പക്ഷികളെയാണ് കണ്ടെത്തിയത്.

വന്യജീവി സങ്കേതത്തിലെ പേപ്പാറ, കാണിത്തടം, ബോണക്കാട്, അട്ടയാര്, ഏഴുമടക്ക്, അതിരുമല, പാണ്ടിപത്ത് എന്നിങ്ങനെ ഏഴിടങ്ങള് കേന്ദ്രീകരിച്ചാണ് കണക്കെടുപ്പ് നടത്തിയത്. പശ്ചിമഘട്ടത്തിലെ തനത് പക്ഷികളായ സന്ധ്യക്കിളി, വാലന് പുല്ക്കുരുവി, മരപ്രാവ്, അശാമ്പു ചിലുചിലപ്പന്, നീലക്കിളി പാറ്റാപ്പിടിയന്, വെള്ളവയറന്, പാറ്റാപ്പിടിയന് എന്നിവയെ കൂടാതെ കൊമ്പന് കാട്ടുമൂങ്ങ, കൊല്ലിക്കുറുവന് മൂങ്ങ, കരിമ്പരുന്ത്, വിറയന് പുള്ള്, വെള്ളിയെറിയന് പരുന്ത്, വലിയ കിന്നരിപ്പരുന്ത്, ചെമ്പന് കാട്ടുപരുന്ത്, കാക്കമരംകൊത്തി, സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പല് എന്നീ അപൂര്വമായ പക്ഷികളെ മഴക്കാല കണക്കെടുപ്പില് രേഖപ്പെടുത്തി.

വരണ്ട പ്രദേശങ്ങളില് സാധാരണമായി കാണുന്ന ദേശീയ പക്ഷിയായ മയിലിനെ വന്യജീവി സങ്കേതത്തിലെ ഉയര്ന്ന പ്രദേശങ്ങളിലെ പുല്മേടുകളില് കണ്ടെത്തിയത് കാലാവസ്ഥാവ്യതിയാനത്തിൻ്റെ ശക്തമായ സൂചനയായി പക്ഷിനിരീക്ഷകര് വിലയിരുത്തുന്നു. പേപ്പാറ വന്യജീവി സങ്കേതത്തിലെ ഏകദേശം 6000 അടി ഉയരത്തിലുള്ള ഈര്പ്പം നിറഞ്ഞ പ്രദേശത്ത് മയിലുകളെ കണ്ടെത്തിയത് അത്ഭുതപ്പെടുത്തുന്നുവെന്ന് സംഘത്തിലെ പക്ഷി നിരീക്ഷകനായ സി സുശാന്ത് പറഞ്ഞു.

പേപ്പാറയിലെ താഴ്ന്ന പ്രദേശങ്ങളില് മുന്പും മയിലുകളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഉയര്ന്ന ഈര്പ്പം നിറഞ്ഞ തണുത്ത പ്രദേശത്ത് മയിലുകളെ കണ്ടെത്തുക എന്നത് കാലാവസ്ഥാ വ്യതിയാനത്തിൻ്റെ സൂചനയായി വിലയിരുത്താമെന്ന് അദ്ദേഹം പറയുന്നു. കാരണം മയിലുകളെ പൊതുവേ വരണ്ട പ്രദേശത്ത് മാത്രമാണ് കണ്ടെത്തുകയെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം വന്യജീവി വിഭാഗം വൈല്ഡ്ലൈഫ് വാര്ഡന് എസ്. വി. വിനോദിൻ്റെ മേല്നോട്ടത്തില് 2025 മുതല് കാലാനുഗതമായി പേപ്പാറ വന്യജീവി സങ്കേതത്തില് നടത്തിവരുന്ന തുടര് പക്ഷി സര്വേകളില് 20 വര്ഷത്തിനു ശേഷം ആദ്യമായി ഇരട്ടത്തലച്ചി കുയില്, രാത്രിസഞ്ചരനായ മാകാച്ചികാട, നിര്പക്ഷികളായ നീര്ക്കാട, ചൂളന് എരണ്ട എന്നിവയേയും കണ്ടെത്തി.

പശ്ചിമഘട്ടത്തിലെ തനത് പക്ഷിയും നിലനില്പ്പ് ഭീഷണി നേരിടുന്നതുമായ വാലന് പുല്ക്കുരുവിയുടെ പ്രജനനം കണ്ടെത്തിയത് മഴക്കാല പക്ഷി സര്വേയുടെ പ്രാധാന്യം അടിവരയിടുന്നു. മഴക്കാല സര്വേയില് പക്ഷികളെ കൂടാതെ പശ്ചിമഘട്ടത്തില് മാത്രം കാണുന്ന ഉരഗങ്ങളെയും ഉഭയജീവികളെയും കണ്ടെത്തുകയുണ്ടായി.

കേരളത്തിലെ ചിത്രശലഭങ്ങളിലെ അത്യപൂര്വനായ നീല നവാബിനെ കണ്ടെത്തിയത് പ്രകൃതി നിരീക്ഷകരില് പ്രതീക്ഷയുണര്ത്തി. അഗസ്ത്യവനം ബയോളജിക്കല് പാര്ക്ക് കണ്സര്വേറ്റര് കെ. എന്. ശ്യാം മോഹന്ലാല് ഐഎഫ്എസ് മഴക്കാല പക്ഷി സര്വേ ഉദ്ഘാടനം ചെയ്തു.

വൈല്ഡ്ലൈഫ് വാര്ഡന് എസ്. വി. വിനോദ്, പേപ്പാറ അസിസ്റ്റൻ്റ് വൈല്ഡ്ലൈഫ് വാര്ഡന് വി. ബ്രിജേഷ്, മുതിര്ന്ന പക്ഷിനിരീക്ഷകരായ സി. സുശാന്ത്, എസ്. രാജീവന്, ആര്. ജയപ്രകാശ്, ജോസ് കെ. എസ്, വിനോബ ആനന്ദ്, എസ്. പ്രശാന്ത് നാരായണന്, ജി. സന്തോഷ് കുമാര്, എസ്. എല്. ധനുഷ്, ബ്ലെസന് സന്തോഷ് ജോര്ജ് എന്നിവരുടെ നേതൃത്വത്തില് നടത്തിയ സര്വേയില് കേരളത്തിനകത്തും പുറത്തും നിന്നുമായി 28 പക്ഷിനിരീക്ഷകര് പങ്കെടുത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News