Enter your Email Address to subscribe to our newsletters

Thiruvananthapuram , 01 സെപ്റ്റംബര് (H.S.)
ശ്രീ ചിത്രയും ഇൻവേസീവ് ടെക്നോളോജീസും ചേർന്ന് ചിത്ര കോർ എന്ന കൊറോണറി സ്റ്റെന്റ് അവതരിപ്പിച്ചു. ഭാരതത്തിൽ 1990-കളിൽ ചെലവ് കുറഞ്ഞതും എന്നാൽ മികച്ചതുമായ ഹൃദ്രോഗ ചികിത്സാ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലെ മാതൃക ആയ 'ചിത്ര ഹാർട്ട് വാൽവ്' അവതരിപ്പിച്ചു കൊണ്ട് ആരംഭിച്ച ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായി ചിത്ര കോർ എന്ന 'കൊറോണറി സ്റ്റെന്റ്' പുറത്തിറക്കി.
ശ്രീ ചിത്രയും ഇൻവേസീവ് ടെക്നോളോജീസും ചേർന്നാണ് ചിത്ര കോർ പുറത്തിറക്കിയത്.
കൊബാൾട്ട്-ക്രോമിയം അലോയ് പ്ലാറ്റ്ഫോമിൽ നിർമ്മിച്ച, പോളിമർ കോട്ടിംഗുള്ളതും മരുന്ന് അടങ്ങിയിട്ടുള്ളതുമായ ഒരു സ്റ്റെന്റാണ് 'ചിത്ര കോർ'. നിലവിൽ വിപണിയിലുള്ള സാധാരണ സ്റ്റെന്റുകളെ അപേക്ഷിച്ച് 30-40% ലോഹം കുറച്ചു മാത്രം ഉപയോഗിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത; ഇതിനായി പേറ്റന്റ് നേടിയ രൂപകൽപ്പനയും പ്രത്യേക നിർമ്മാണ രീതിയുമാണ് അവലംബിച്ചിരിക്കുന്നത്. കുറഞ്ഞ അളവിലുള്ള ലോഹത്തിന്റെ ഉപയോഗം രക്തധമനികൾക്കുണ്ടാകുന്ന ക്ഷതം കുറയ്ക്കുകയും, രക്തധമനി വീണ്ടും ചുരുങ്ങുന്ന അവസ്ഥ , രക്തം കട്ടപിടിക്കൽ തുടങ്ങിയ സങ്കീർണ്ണതകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ശ്രീ ചിത്രയുടെ ബയോമെഡിക്കൽ ടെക്നോളജി (BMT) വിഭാഗത്തിലെ 'ആർട്ടിഫിഷ്യൽ ഇന്റേണൽ ഓർഗൻസ്' വിഭാഗമാണ് ഈ സ്റ്റെന്റ് രൂപകൽപ്പന ചെയ്തത്. 2024-ൽ ഒപ്പുവെച്ച ധാരണാപത്രപ്രകാരം ഇതിന്റെ സാങ്കേതികവിദ്യ 'ഇൻവേസീവ് ടെക്നോളോജീസ് പ്രൈവറ്റ് ലിമിറ്റഡിന്' കൈമാറി. 2025 ഡിസംബറിൽ ഇൻവേസീവ് ടെക്നോളോജീസ്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (CDSCO) നിർമ്മാണ ലൈസൻസ് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ഇന്റർവെൻഷണൽ കാർഡിയോളജി കൗൺസിൽ ഓഫ് കേരളയുടെ (ICCK) 2026-ലെ വാർഷിക സമ്മേളനത്തിലാണ് ഈ ഉൽപ്പന്നത്തിന്റെ 'സോഫ്റ്റ് ലോഞ്ച്' നടന്നത്.
ചിത്ര ടിൻ എന്ന പുതിയ സ്റ്റെന്റ് കൂടി ആഗോളതലത്തിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഇപ്പോൾ പ്രീ-ക്ലിനിക്കൽ മൂല്യനിർണ്ണയ ഘട്ടത്തിലാണ്. ടൈറ്റാനിയം നൈട്രൈഡ് (ടിൻ ) കോട്ടിംഗുള്ളതും പോളിമർ രഹിതവുമായ 'ബെയർ മെറ്റൽ' സ്റ്റെന്റാണിത്. ഇതിലെ ടിൻ കോട്ടിംഗ് ലോഹവും രക്തവും മറ്റു കോശങ്ങളും തമ്മിലുള്ള നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുന്നു, അതുവഴി രക്തധമനി വീണ്ടും ചുരുങ്ങുന്നതിനും രക്തം കട്ടപിടിക്കുന്നതിനുമുള്ള സാധ്യത കൂടുതൽ കുറയ്ക്കുന്നു. നിലവിൽ ആഗോള വിപണിയിലുള്ള കൊറോണറി സ്റ്റെന്റുകളിലൊന്നും ടിൻ കോട്ടിംഗ് ഉപയോഗിക്കുന്നില്ല എന്നത് ഇതിനെ ഈ വിഭാഗത്തിലെ ആദ്യത്തെ നൂതന ഉൽപ്പന്നമാക്കി മാറ്റുന്നു.
ശാസ്ത്ര-സാങ്കേതിക വകുപ്പിന് കീഴിലുള്ള 'ടെക്നിക്കൽ റിസർച്ച് സെന്റർ ഫോർ ബയോമെഡിക്കൽ ഡിവൈസസ്' ആണ് ഈ പദ്ധതിക്ക് പിന്തുണ നൽകിയത്. 2024-ലെ ഏജിസ് ഗ്രഹാം ബെൽ അവാർഡുകളിൽ മികച്ച മൂന്ന് ആരോഗ്യ-നൂതന ആശയങ്ങളിൽ ഒന്നായും, 2023-ൽ ഐഐടി മദ്രാസ് ഇൻകുബേഷൻ സെല്ലിന്റെ 'ബിൽഡ്' (ബോയിംഗ് യൂണിവേഴ്സിറ്റി ഇന്നൊവേഷൻ ലീഡർഷിപ്പ് ഡെവലപ്മെന്റ്) പ്രോഗ്രാമിൽ മികച്ച 12 നൂതന ആശയങ്ങളിൽ ഒന്നായും ഇത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR