Enter your Email Address to subscribe to our newsletters

Kochi, 01 സെപ്റ്റംബര്‍ (H.S.)
അനാശാസ്യകേന്ദ്രം എന്നത് ലൈംഗിക ചൂഷണത്തിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കാന്‍ നടത്തുന്ന സ്ഥാപനമാണെന്ന് ഹൈക്കോടതി. അതുകൊണ്ട് തന്നെ അനാശാസ്യ കേന്ദ്രങ്ങളില്‍ ലൈംഗിക ആവശ്യങ്ങള്‍ക്കായി എത്തുന്ന ഇടപാടുകാര്‍ക്ക് എതിരെയും കേസെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിലവിലെ കോടതി ഉത്തരവുകള്‍ റദ്ദാക്കിയാണ് ഹൈക്കോടതി നിര്‍ണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
അനാശ്യാസ കേന്ദ്രങ്ങളില്‍ എത്തുന്നവരെ വ്യഭിചാര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണക്കാക്കാം. 1956ലെ ഇമ്മോറല്‍ ട്രാഫിക് (പ്രിവന്‍ഷന്‍) നിയമത്തിലെ 5, 7 വകുപ്പുകള്‍ പ്രകാരം അവര്‍ക്കെതിരെ കേസ് എടുക്കാമെന്നും ജസ്റ്റിസുമാരായ വി.രാജ വിജയരാഘവന്‍, കെ.വി.ജയകുമാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
മുനമ്പം പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടാം പ്രതിയായ ചാവക്കാട് സ്വദേശി നൗഷാദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ നിര്‍ണായക ഉത്തരവ്. ലോഡ്ജില്‍ വച്ച് ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി ആരോപിച്ച് നൗഷാദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഇമ്മോറല്‍ ട്രാഫിക് (പ്രിവന്‍ഷന്‍) നിയമത്തിലെ 3, 4, 5 വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. എന്നാല്‍ താന്‍ വെറുമൊരു 'ഇടപാടുകാരന്‍' മാത്രമാണെന്നും അതിനാല്‍ ഇമ്മോറല്‍ ട്രാഫിക് പ്രിവന്‍ഷന്‍ നിയമ പ്രകാരമുള്ള കുറ്റങ്ങള്‍ തനിക്കെതിരെ നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കാന്‍ ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.
ഹൈക്കോടതിയുടെ വേവ്വേറെ സിംഗിള്‍ ബെഞ്ചുകളില്‍ നിന്ന് ഈ വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. വിജയകുമാര്‍ കേസ്, ജിത്ത് ജോയ് കേസ് എന്നിവയില്‍ ഇടപാടുകാരനായി എത്തുന്നയാള്‍ കുറ്റക്കാരനല്ല എന്ന നിലപാടിലായിരുന്നു ഉത്തരവുകള്‍. എന്നാല്‍ മാത്യു കേസ്, അഭിജിത്ത് കേസ്, ശരത് ചന്ദ്രന്‍ കേസ് എന്നിവയില്‍ ഇടപാടുകാരന്‍ നല്‍കുന്ന പണം ലൈംഗിക ചൂഷണത്തിനുള്ള പ്രേരണയാണെന്നും അതിനാല്‍ 5, 7 വകുപ്പുകള്‍ ബാധകമാണെന്നുമുള്ള വിരുദ്ധ ഉത്തരവുകളും ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിഷയം ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് എത്തിയത്.
അനാശാസ്യകേന്ദ്രം എന്നത് ലൈംഗിക ചൂഷണത്തിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കാന്‍ നടത്തുന്ന സ്ഥാപനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പണം നല്‍കി ഇത്തരം സേവനം തേടുന്ന ഇടപാടുകാരന്‍ ഈ ബിസിനസ് വ്യവസ്ഥിതിയെ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. 7-ാം വകുപ്പിലെ 'വ്യഭിചാരം നടത്താന്‍ പങ്കാളിയാകുന്ന വ്യക്തി' എന്ന നിര്‍വചനത്തിലും 5-ാം വകുപ്പിലെ സാമ്പത്തികം നല്‍കി 'പ്രേരിപ്പിക്കുന്ന വ്യക്തി' എന്ന നിര്‍വചനത്തിലും ഇടപാടുകാരന്‍ ഉള്‍പ്പെടും.
വാണിജ്യ അടിസ്ഥാനത്തിലുള്ള ലൈംഗിക ചൂഷണവും മനുഷ്യക്കടത്തും തടയുകയാണ് ഈ നിയമത്തിന്റെ പ്രാഥമിക ലക്ഷ്യമെന്നും ഇടപാടുകാരെ കുറ്റവിമുക്തരാക്കിയാല്‍ നിയമത്തിന്റെ മൂല്യം ഇല്ലാതാകുമെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന്, ഇടപാടുകാര്‍ക്ക് ഒഴിവാകാനാകില്ലെന്ന മാത്യു, അഭിജിത്ത്, ശരത് ചന്ദ്രന്‍ കേസുകളിലെ നിയമ വ്യാഖ്യാനമാണ് ശരിയെന്ന് ഹൈക്കോടതി വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S