മാണി സി. കാപ്പന് തടവ് ശിക്ഷ; 5.30 കോടി രൂപ പിഴയും നല്കണം; ശിക്ഷ സാമ്പത്തിക തട്ടിപ്പിന്
Mumbai, 01 സെപ്റ്റംബര്‍ (H.S.) പ്രവാസി മലയാളി നല്‍കിയ സാമ്പത്തിക തട്ടിപ്പ് കേസില്‍ പാല എംഎല്‍എം മാണി സി കാപ്പന് ഒരു വര്‍ഷം തടവ് ശിക്ഷ. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് 3.25 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് ശിക്ഷ. ഒരു
mani c kappan


Mumbai, 01 സെപ്റ്റംബര്‍ (H.S.)

പ്രവാസി മലയാളി നല്‍കിയ സാമ്പത്തിക തട്ടിപ്പ് കേസില്‍ പാല എംഎല്‍എം മാണി സി കാപ്പന് ഒരു വര്‍ഷം തടവ് ശിക്ഷ. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് 3.25 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് ശിക്ഷ. ഒരു വര്‍ഷം തടവും 5.30 കോടി രൂപ പിഴയും മുംബൈ ബോറിവലി അഡീഷനല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതി വിധിച്ചു.

4 ചെക്കു കേസുകളില്‍ ഓരോ വര്‍ഷം വീതം തടവാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. നഷ്ടപരിഹാര തുക ഈടാക്കുന്ന മുറയ്ക്ക് അപ്പീല്‍ കാലയളവിന് ശേഷം പരാതിക്കാരനായ ദിനേശ് മേനോന് കൈമാറാനും കോടതി ഉത്തരവിട്ടു. 2010ല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി വാഗ്ദാനം ചെയ്ത് രണ്ട് കോടി രൂപ വാങ്ങിയ ശേഷം 25 ലക്ഷം രൂപ മാത്രം മടക്കി നല്‍കി വഞ്ചിച്ചെന്നായിരുന്നു ദിനേശ് മേനോന്റെ പരാതി. തുടര്‍ന്ന് നഷ്ടപരിഹാരം സഹിതം 3.25 കോടി രൂപ നല്‍കാമെന്ന് 2013ല്‍ കരാറുണ്ടായെങ്കിലും ഈടായി നല്‍കിയ ചെക്കുകള്‍ മടങ്ങിയെന്നും പരാതിക്കാരന്‍ പറയുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേട്ട് ഫസ്റ്റ് ക്ലാസ് കോടതി മുതല്‍ സുപ്രീം കോടതി വരെ എത്തിയ മറ്റൊരു വഞ്ചനാ കേസ് കൂടി നിലനില്‍ക്കുന്നുണ്ട്. നിലവില്‍ ഇത് ജനപ്രതിനിധികളുടെ കേസുകള്‍ വാദിക്കുന്ന കോടതി മുന്‍പാകെ വിചാരണയ്ക്ക് എത്തിയിരുന്നു.

വിധി പ്രസ്താവിക്കുന്ന ദിവസമായതിനാല്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മാണി സി.കാപ്പന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളി. തുടര്‍ന്ന്, ശിക്ഷ നടപ്പാക്കുന്നതിനായി അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാന്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന് കോടതി നിര്‍ദേശം നല്‍കി. 1881ലെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് സെക്ഷന്‍ 138 പ്രകാരമാണ് മാണി സി.കാപ്പനെ ശിക്ഷിച്ചിരിക്കുന്നത്.

ആദ്യ ചെക്കു കേസില്‍ മാണി സി.കാപ്പന് ഒരു വര്‍ഷത്തെ സാധാരണ തടവുശിക്ഷയും 1.20 കോടി നഷ്ടപരിഹാരവും വിധിച്ചു. ഇന്നു മുതല്‍ തുക അടച്ചു തീര്‍ക്കുന്നതുവരെ പ്രതിവര്‍ഷം 9 ശതമാനം പലിശ സഹിതം ഒരു മാസത്തിനകം ഈ തുക നല്‍കണം. തുക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ മൂന്ന് മാസം കൂടി അധിക തടവ് അനുഭവിക്കണം. രണ്ടാമത്തെ കേസില്‍ ആറ് മാസം സാധാരണ തടവും 70 ലക്ഷം രൂപ നഷ്ടപരിഹാരവുമാണ് ശിക്ഷ. ഇതിനും പ്രതിവര്‍ഷം 9 ശതമാനം പലിശസഹിതം ഒരു മാസത്തിനകം നല്‍കേണ്ടതുണ്ട്. തുക നല്‍കിയില്ലെങ്കില്‍ മൂന്ന് മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും.

മൂന്നാമത്തെ കേസില്‍ ഒരു വര്‍ഷത്തെ സാധാരണ തടവും 1.70 കോടി രൂപ നഷ്ടപരിഹാരം വിധിച്ചിട്ടുണ്ട്. ഉത്തരവ് തീയതി മുതല്‍ പ്രതിവര്‍ഷം 9 ശതമാനം പലിശസഹിതം ഒരു മാസത്തിനകം അടയ്‌ക്കേണ്ട ഈ തുക നല്‍കിയില്ലെങ്കില്‍ ആറ് മാസം കൂടി അധിക സാധാരണ തടവ് അനുഭവിക്കണം. നാലാമത്തെ കേസില്‍ ഒരു വര്‍ഷത്തെ സാധാരണ തടവും 1.70 കോടി രൂപയാണ് നഷ്ടപരിഹാരം വിധിച്ചിരിക്കുന്നത്. 9 ശതമാനം പലിശസഹിതം ഒരു മാസത്തിനകം തുക നല്‍കിയില്ലെങ്കില്‍ ആറ് മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും. അതേ സമയം, വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും മാണി സി.കാപ്പന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News