മദ്രാസ് റെജിമെന്റിലെ ആയുധ മോഷണം: സൈനിക ഉദ്യോഗസ്ഥന്റെ അറസ്റ്റിന് സാധ്യത
Hydrabad, 10 സെപ്റ്റംബര്‍ (H.S.) ബൊല്ലാറം മദ്രാസ് റെജിമെന്റിലെ ആയുധ മോഷണക്കേസില്‍ ഒരു സൈനിക ഉദ്യോഗസ്ഥനെതിരെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. കഴിഞ്ഞ പത്ത് ദിവസമായി നടക്കുന്ന ഊര്‍ജിതമായ അന്വേഷണത്തിനൊടുവിലാണ് ഉദ്യോഗസ്ഥനിലേക്ക് അന്വേഷണ സംഘത്തിന
regement


Hydrabad, 10 സെപ്റ്റംബര്‍ (H.S.)

ബൊല്ലാറം മദ്രാസ് റെജിമെന്റിലെ ആയുധ മോഷണക്കേസില്‍ ഒരു സൈനിക ഉദ്യോഗസ്ഥനെതിരെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. കഴിഞ്ഞ പത്ത് ദിവസമായി നടക്കുന്ന ഊര്‍ജിതമായ അന്വേഷണത്തിനൊടുവിലാണ് ഉദ്യോഗസ്ഥനിലേക്ക് അന്വേഷണ സംഘത്തിന്റെ സംശയം നീളുന്നത്. പൊലീസ്, എന്‍ഐഎ, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന പ്രത്യേക സംഘം കഴിഞ്ഞ ഏഴ് ദിവസമായി ഇയാളെ രഹസ്യ കേന്ദ്രത്തില്‍ വച്ച് ചോദ്യം ചെയ്തുവരികയാണ്. വരും ദിവസങ്ങളില്‍ തന്നെ ഈ ആയുധ മോഷണക്കേസിലെ ദുരൂഹതകള്‍ അവസാനിക്കുമെന്നും പ്രതികളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

ഓഗസ്റ്റ് 30ന് വൈകിട്ട് ആറിനും 31ന് രാവിലെ ഏഴിനും ഇടയിലാണ് ബൊല്ലാറം മദ്രാസ് റെജിമെന്റില്‍ നിന്ന് വന്‍ ആയുധശേഖരം മോഷണം പോയത്. സംഭവത്തില്‍ ലെഫ്റ്റനന്റ് കേണല്‍ മായങ്ക് ഗോവിതിര്‍കര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബൊല്ലാറം പൊലീസാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്.

12 തോക്കുകള്‍, 21 മാഗസിനുകള്‍, ഒരു നൈറ്റ് വിഷന്‍ ബൈനോക്കുലര്‍, 1912 റൗണ്ട് വെടിയുണ്ടകള്‍ എന്നിവയാണ് അതീവ സുരക്ഷയുള്ള ഇവിടെ നിന്ന് നഷ്ടപ്പെട്ടത്. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ ഗൗരവമുള്ള വിഷയമായതിനാല്‍ ന്യൂഡല്‍ഹിയില്‍ നിന്നുള്ള മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്. മിലിറ്ററി ഇന്റലിജന്‍സ്, എന്‍ഐഎ, മല്‍ക്കാജ്ഗിരി പൊലീസ് എന്നിവര്‍ സംയുക്തമായാണ് കേസില്‍ ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ആയുധങ്ങള്‍ തീവ്രവാദ സംഘടനകളുടെ കൈകളില്‍ എത്തിയിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം ഗൗരവമായി പരിശോധിക്കുന്നുണ്ട്.

മദ്രാസ് റെജിമെന്റ് പരിസരത്തെയും ചുറ്റുപാടുകളിലെയും നൂറുകണക്കിന് സിസിടിവി കാമറകള്‍ പൊലീസ് ഇതിനോടകം പരിശോധിച്ചു കഴിഞ്ഞു. എന്നാല്‍ മോഷണം പോയവയില്‍ ഒരു മാഗസിന്‍ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ആയുധപ്പുരയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍, പരിസരത്ത് പ്രവേശിക്കാന്‍ അനുമതിയുള്ള 42 പേരുടെ പട്ടിക തയ്യാറാക്കി അന്വേഷണ സംഘത്തിന് കൈമാറി. ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്ന് മോഷണത്തില്‍ പങ്കില്ലെന്ന് ഉറപ്പായ ചിലരെ അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ബാക്കിയുള്ളവരെ ചോദ്യം ചെയ്തപ്പോഴാണ് ഒരു സൈനിക ഉദ്യോഗസ്ഥന്റെ ഇടപെടലുകളില്‍ അന്വേഷണ സംഘത്തിന് ശക്തമായ സംശയം ഉയര്‍ന്നത്.

ഈ മാസം മൂന്ന് മുതല്‍ പൊലീസ്, എന്‍ഐഎ, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംശയമുള്ള ഉദ്യോഗസ്ഥനെ വിവിധ ഘട്ടങ്ങളിലായി ചോദ്യം ചെയ്തുവരികയാണ്. സഹപ്രവര്‍ത്തകരുടെ മൊഴികളുടെയും വിവിധ കോണുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News