Enter your Email Address to subscribe to our newsletters

Thiruvanathapuram, 10 സെപ്റ്റംബര്‍ (H.S.)
തിരുവന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയും അനുബന്ധമായി അഞ്ച് ആശുപത്രികളും പ്രവർത്തിക്കുന്ന മെഡിക്കൽകോളേജ് കാമ്പസിനെയും പരിസരപ്രദേശങ്ങളെയും പവർകട്ടിൽ നിന്നും ഒഴിവാക്കണമെന്ന ആവശ്യം കെ.എസ്.ഇ.ബി അടിയന്തരമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
കെ.എസ്.ഇ.ബി ചീഫ് എഞ്ചിനീയർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ആർ.സി.സി, എസ്.എ.റ്റി, ശ്രീചിത്ര, മെഡിക്കൽ കോളേജ് തുടങ്ങിയ ആശുപത്രികളാണ് കാമ്പസിൽ പ്രവർത്തിക്കുന്നത്.
അഞ്ച് ആശുപത്രികളിലായി 50,000 കിടക്കകൾ ഉണ്ടെന്ന് പൊതുപ്രവർത്തകനായ പി.കെ.രാജു സമർപ്പിച്ച പരാതിയിൽ പറയുന്നു. ആശുപത്രി പരിസരത്ത് നൂറുകണക്കിന് ലോഡ്ജുകൾ പ്രവർത്തിക്കുന്നുണ്ട്. ഗുരുതരാവസ്ഥയിൽ തുടർ ചികിത്സ തേടുന്നവരും അവരുടെ ബന്ധുക്കളുമാണ് ഇവിടങ്ങളിൽ താമസിക്കുന്നത്.
ദിവസേന മൂന്നും നാലും തവണയാണ് പവർകട്ടിന്റെ പേരിൽ വൈദ്യുതി നിലയ്ക്കുന്നതെന്ന് പരാതിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ മെഡിക്കൽകോളേജ് പരിസരം പവർകട്ടിൽ നിന്നും ഒഴിവാക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.
മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് പരിഗണിക്കും.
---------------
Hindusthan Samachar / Sreejith S