Enter your Email Address to subscribe to our newsletters

Chennai, 10 സെപ്റ്റംബര്‍ (H.S.)
തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയില്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. അടിയന്തരാവസ്ഥ കാലത്തെ ഡിഎംകെയുടെ പോരാട്ടങ്ങളും മിസ നിയമപ്രകാരമുള്ള തന്റെ അറസ്റ്റും ജയില്‍വാസവും ഓര്‍മിപ്പിച്ച സ്റ്റാലിന്‍, ചരിത്രം ഒരിക്കലും തിരുത്തിയെഴുതാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി.
എക്‌സിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് സ്റ്റാലിന്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കിയത്. രാഷ്ട്രീയ ആരോപണങ്ങള്‍ കൊണ്ട് ഡിഎംകെയുടെ ചരിത്രമോ പ്രത്യയശാസ്ത്ര പോരാട്ടങ്ങളോ മാറ്റാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥയെ എതിര്‍ത്തുകൊണ്ട് മറീന ബീച്ചില്‍ മുന്‍ മുഖ്യമന്ത്രി കരുണാനിധി വലിയൊരു സമ്മേളനം സംഘടിപ്പിക്കുകയും മിസ നിയമത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ 1976 ജനുവരി 31ന് അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ഡിഎംകെ സര്‍ക്കാരിനെ പിരിച്ചുവിട്ടതായും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ പിരിച്ചുവിട്ടതിന് തൊട്ടുപിന്നാലെ തന്നെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഗോപാലപുരത്തെ വസതിയില്‍ എത്തിയിരുന്നു. എന്നാല്‍ താന്‍ അന്ന് പ്രചാരണത്തിന് പോയിരിക്കുകയായിരുന്നു. മകന്‍ നാളെ വരുമെന്നും അപ്പോള്‍ താന്‍ തന്നെ വിളിക്കാമെന്നും പറഞ്ഞ് കരുണാനിധി പൊലീസിനെ മടക്കി അയക്കുകയായിരുന്നു. പിറ്റേദിവസം വീട്ടിലെത്തിയതിന് ശേഷമാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
ജയിലില്‍ കടുത്ത ശാരീരിക മാനസിക പീഡനങ്ങളാണ് താന്‍ നേരിട്ടതെന്ന് സ്റ്റാലിന്‍ പറഞ്ഞു. കുഷ്ഠരോഗികളെ പാര്‍പ്പിച്ചിരുന്ന സ്ഥലത്താണ് തങ്ങളെ അടച്ചത്. ചെറിയൊരു മുറിയില്‍ പത്തുപേരെയാണ് പാര്‍പ്പിച്ചിരുന്നത്. പൊലീസ് ലാത്തികൊണ്ടും ബൂട്ടിട്ടും തടവുകാരെ ക്രൂരമായി മര്‍ദിച്ചു. മുന്‍ എംപിയും ഡിഎംകെ നേതാവുമായ ചിട്ടി ബാബു ജയിലിലെ മര്‍ദനത്തെ തുടര്‍ന്നാണ് മരിച്ചത്. മര്‍ദനത്തില്‍ തന്റെ താടിയെല്ല് തകര്‍ന്നതായും അദ്ദേഹം വെളിപ്പെടുത്തി. അണ്ണാദുരൈയുടെ കാലം മുതലുള്ള ഡിഎംകെയുടെ ചരിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ആര് അപമാനിക്കാന്‍ ശ്രമിച്ചാലും ചരിത്രം മാറ്റാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരുണാനിധിക്കെതിരായ സര്‍ക്കാരിയാ കമ്മിഷന്‍ പരാമര്‍ശങ്ങളെയും അഴിമതി ആരോപണങ്ങളെയും സ്റ്റാലിന്‍ തള്ളി. ആരോപണങ്ങളില്‍ കഴമ്പുണ്ടായിരുന്നെങ്കില്‍ പിന്നീട് വന്ന സര്‍ക്കാരുകള്‍ നടപടി എടുക്കുമായിരുന്നു. ഡിഎംകെയ്‌ക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസുകള്‍ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പദവിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാനും ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വിജയ് തയാറാകണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. നിരവധി മഹാരഥന്മാരായ നേതാക്കള്‍ ഇരുന്ന തമിഴ്നാട് നിയമസഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം ഇപ്പോള്‍ മുഖ്യമന്ത്രിക്കുണ്ട്. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കി ക്രമസമാധാനം, ക്ഷേമപദ്ധതികള്‍, സംസ്ഥാനത്തിന്റെ വികസനം, അവകാശ സംരക്ഷണം എന്നിവയിലാകണം നിയമസഭാ ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ക്രമസമാധാന തകര്‍ച്ച, പരന്തൂര്‍ വിമാനത്താവള പദ്ധതി, കര്‍ഷകരുടെ കടാശ്വാസം, പാചകവാതക സിലിണ്ടര്‍ വാഗ്ദാനങ്ങള്‍ എന്നിവയിലെ സര്‍ക്കാരിന്റെ പരാജയങ്ങളെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
കാര്യക്ഷമമല്ലാത്ത ഭരണം മറച്ചുവയ്ക്കാന്‍ സിനിമ ഷൂട്ടിങ് പോലെ റീലുകള്‍ പോസ്റ്റ് ചെയ്ത് ഒരു തലമുറയെ മുഴുവന്‍ സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് സ്റ്റാലിന്‍ ആരോപിച്ചു. അധികാരത്തിലില്ലെങ്കിലും ഡിഎംകെ തമിഴ്നാടിനും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരും. അധികാരം നഷ്ടപ്പെടുന്നത് ഒരു പരാജയമായി പാര്‍ട്ടി ഒരിക്കലും കണ്ടിട്ടില്ല. അധികാരത്തില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും തമിഴ്നാടിന്റെ അവകാശങ്ങള്‍ക്കും വികസനത്തിനും ജനങ്ങള്‍ക്കും വേണ്ടി പോരാടുന്നത് തുടരും. മുന്‍ തലമുറകള്‍ക്ക് വേണ്ടി പോരാടിയ ഡിഎംകെ ഇന്നത്തെ തലമുറയ്ക്ക് വേണ്ടിയും പോരാടുമെന്നും അത് പാര്‍ട്ടിയുടെ മാറ്റാനാകാത്ത ചരിത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S