നിധി കിട്ടിയ സ്വർണ്ണമെന്ന് വിശ്വസിപ്പിച്ച് നൽകിയത് മുക്കുപണ്ടം; വ്യാപാരിയിൽ നിന്ന് രണ്ട് ലക്ഷം രൂപ തട്ടി
Kasargode, 10 സെപ്റ്റംബര്‍ (H.S.) പുരാതന നിധിയിൽ നിന്ന് ലഭിച്ച തങ്കമെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ സ്വർണ്ണാഭരണങ്ങൾ നൽകി കാഞ്ഞങ്ങാട് അജാനൂരിലെ വ്യാപാരിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിനെതിരെ പൊലീസ് കേസെടുത്തു. അജാനൂർ സ്വദേശിയായ വ്യാപാരിയ
Kerala police


Kasargode, 10 സെപ്റ്റംബര്‍ (H.S.)

പുരാതന നിധിയിൽ നിന്ന് ലഭിച്ച തങ്കമെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ സ്വർണ്ണാഭരണങ്ങൾ നൽകി കാഞ്ഞങ്ങാട് അജാനൂരിലെ വ്യാപാരിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിനെതിരെ പൊലീസ് കേസെടുത്തു.

അജാനൂർ സ്വദേശിയായ വ്യാപാരിയുടെ പരാതിയിൽ കർണാടക സ്വദേശികളായ ശാന്തി (50), രാജു എന്നിവർക്കെതിരെയാണ് ഹൊസ്ദുർഗ് പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്. തട്ടിപ്പിലൂടെ വ്യാപാരിക്ക് രണ്ട് ലക്ഷം രൂപ നഷ്ടമായി. വാടകയ്ക്ക് വീട് വേണമെന്ന് ആവശ്യപ്പെട്ട് വ്യാപാരിയെ സമീപിച്ച് സൗഹൃദം സ്ഥാപിച്ചാണ് പ്രതികൾ തട്ടിപ്പിന്റെ വലവിരിച്ചത്. വ്യാപാരിയുടെ ഫോൺ നമ്പർ കൈക്കലാക്കിയ പ്രതികൾ ദിവസങ്ങൾ കഴിഞ്ഞാണ് തട്ടിപ്പിന്റെ പ്രധാന ഘട്ടത്തിലേക്ക് കടന്നത്.

കർണാടകയിലെ മൈസൂരുവിൽ തങ്ങൾ താമസിക്കുന്ന സ്ഥലത്ത് മണ്ണുമാന്തി കുഴിയെടുക്കുന്നതിനിടെ പുരാതനമായ സ്വർണ്ണാഭരണങ്ങൾ അടങ്ങിയ നിധി ലഭിച്ചുവെന്നാണ് പ്രതികൾ വ്യാപാരിയെ വിശ്വസിപ്പിച്ചത്. രേഖകളില്ലാത്തതിനാൽ ഇത്തരം ആഭരണങ്ങൾ ജ്വല്ലറികളിൽ വിൽക്കാൻ സാധിക്കുന്നില്ലെന്നും കുറഞ്ഞ വിലയ്ക്ക് മുഴുവൻ സ്വർണ്ണവും നൽകാമെന്നും ഇവർ പറഞ്ഞു. തുടക്കത്തിൽ സംശയം തോന്നാതിരിക്കാൻ ഒരു പുരാതന നാണയവും സ്വർണ്ണമാലയുടെ ഒരു കഷ്ണവും ഇവർ പരിശോധനയ്ക്കായി കൈമാറി. ഇത് സമീപത്തെ ജ്വല്ലറിയിൽ എത്തിച്ച് പരിശോധിപ്പിച്ചപ്പോൾ യഥാർത്ഥ സ്വർണ്ണമാണെന്ന് വ്യാപാരിക്ക് ബോധ്യപ്പെട്ടു. ഇതോടെ പ്രതികളിൽ പൂർണ്ണ വിശ്വാസമുണ്ടായ വ്യാപാരി ബാക്കി ആഭരണങ്ങൾ കൂടി വാങ്ങാൻ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു.

തങ്ങളുടെ കൈവശം രണ്ട് കിലോയിലധികം വരുന്ന അമൂല്യമായ ആഭരണങ്ങളുണ്ടെന്നും ഇവ മുഴുവൻ കൈമാറാൻ അടിയന്തര ആവശ്യത്തിനായി രണ്ട് ലക്ഷം രൂപ നൽകിയാൽ മതിയെന്നുമായിരുന്നു പ്രതികളുടെ വാഗ്ദാനം. ആഭരണങ്ങൾ കൈപ്പറ്റിയ ശേഷം ഘട്ടങ്ങളായി വിറ്റ് തുകയിൽ നിന്ന് 25 ശതമാനം കമ്മീഷൻ വ്യാപാരിക്ക് ലാഭമായി എടുക്കാമെന്നും ബാക്കി പണം പിന്നീട് നൽകിയാൽ മതിയെന്നും വിശ്വസിപ്പിച്ചു. തുടർന്ന് കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ പെട്രോൾ പമ്പിനടുത്ത് വെച്ച് വ്യാപാരി മറ്റുള്ളവരിൽ നിന്ന് കടം വാങ്ങിയ രണ്ട് ലക്ഷം രൂപ ഇവർക്ക് കൈമാറുകയും പകരം ആഭരണങ്ങൾ അടങ്ങിയ സഞ്ചി ഏറ്റുവാങ്ങുകയുമായിരുന്നു. പണം വാങ്ങി പ്രതികൾ അതിവേഗം സ്ഥലംവിട്ടു.

സഞ്ചിയിലുണ്ടായിരുന്ന ആഭരണങ്ങളുമായി ഉടൻതന്നെ ജ്വല്ലറിയിലെത്തി വിശദമായ പരിശോധന നടത്തിയപ്പോഴാണ് മുഴുവൻ ആഭരണങ്ങളും മുക്കുപണ്ടമാണെന്ന് വ്യാപാരി തിരിച്ചറിഞ്ഞത്. തട്ടിപ്പിനിരയായെന്ന് വ്യക്തമായതോടെ ഇദ്ദേഹം ഹൊസ്ദുർഗ് പൊലീസിൽ അഭയം പ്രാപിക്കുകയായിരുന്നു. പ്രതികൾക്കായി അതിർത്തി കേന്ദ്രീകരിച്ചും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News