ഐ.ഡി.എസ്.എഫ്.എഫ്.കെ: നഗരജീവിതത്തിന്റെ നേര്ക്കാഴ്ചകളുമായി 10 ചിത്രങ്ങള്
Thiruvanathapuram, 10 സെപ്റ്റംബര്‍ (H.S.) കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെപ്റ്റംബര്‍ 25 മുതല്‍ 30 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 18മത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്.കെ)യുടെ ഭാഗമാ
idsfk


Thiruvanathapuram, 10 സെപ്റ്റംബര്‍ (H.S.)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെപ്റ്റംബര്‍ 25 മുതല്‍ 30 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 18മത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്.കെ)യുടെ ഭാഗമായി നഗരങ്ങളിലെ പൊതുഇടങ്ങളും മനുഷ്യജീവിതവും പ്രമേയമാക്കുന്ന 'നഗരി' പാക്കേജില്‍ 10 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 'ഇന്ത്യന്‍ നഗരങ്ങളിലെ പൊതുമണ്ഡലം' എന്ന പ്രമേയത്തില്‍ ഒരുക്കിയ ചലച്ചിത്രസമാഹാരത്തില്‍ തിരുവനന്തപുരത്തെ മാനവീയം വീഥിയുടെ സാംസ്‌കാരികജീവിതം പകര്‍ത്തുന്ന മലയാളചിത്രവും ഉള്‍പ്പെടുന്നു.

തെരുവുകള്‍, ചന്തകള്‍, കളിയിടങ്ങള്‍ തുടങ്ങി നഗരജീവിതത്തിന്റെ ഭാഗമായ പൊതുഇടങ്ങളില്‍ വ്യത്യസ്ത ജാതി, വര്‍ഗ, പ്രായ, ലിംഗവിഭാഗങ്ങളില്‍പ്പെട്ട മനുഷ്യര്‍ എങ്ങനെ ഇടപെടുന്നുവെന്നാണ് ചിത്രങ്ങള്‍ അന്വേഷിക്കുന്നത്. നഗരവികസനം ആരെയെല്ലാം ഉള്‍ക്കൊള്ളുന്നു, ആരെയെല്ലാം പുറന്തള്ളുന്നു എന്ന ചോദ്യത്തോടൊപ്പം പൊതുസ്ഥലങ്ങളില്‍ സ്വന്തം ഇടം കണ്ടത്തൊനുള്ള മനുഷ്യരുടെ ശ്രമങ്ങളും ഈ പാക്കേജ് അവതരിപ്പിക്കുന്നു.

നഗരവികസനത്തിന്റെ പേരില്‍ നഷ്ടമാകുന്ന തെരുവുജീവിതത്തിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയാണ് 'മഹാദ്വാര്‍' എന്ന ചിത്രം. ഗുജറാത്തിലെ ഭുജില്‍ സാമൂഹിക നിയന്ത്രണങ്ങള്‍ക്കിടയിലും സൗഹൃദത്തിന്റെ തുരുത്തുകള്‍ കണ്ടത്തെുന്ന മുസ്ലിംയുവാക്കളുടെ ജീവിതം പകര്‍ത്തുകയാണ് 'മൗജ് നി ഖോജ്', ആഗ്രയിലെ സദര്‍ മാര്‍ക്കറ്റില്‍ ബലൂണ്‍ വി്ല്‍ക്കുന്ന കുട്ടികളുടെ ജീവിതം പരിചയപ്പെടുത്തുകയാണ് 'പക്ഡം പക്ഡായ്'. മുംബൈയിലെ തെരുവോരത്ത് ക്ഷൗരവൃത്തി ചെയ്യുന്ന കുടിയേറ്റക്കാരായ സഹോദരങ്ങളുടെ ജീവിതമാണ് 'ഹിസ്സ'യുടെ പ്രമേയം.

ശ്രീകാന്ത് ശിവസ്വാമി, രാജേഷ് ആര്‍., നിതിന്‍ ആര്‍. എന്നിവര്‍ ഒരുക്കിയ 'മാനവീയം', ജനകീയ ഇടപെടലുകളിലൂടെ ഒരു നഗരവീഥി എല്ലാവര്‍ക്കും പ്രാപ്യമായ സാംസ്‌കാരിക ഇടമായി മാറിയതിന്റെ കഥ പറയുന്നു. കലാകാരന്മാര്‍, സാമൂഹികപ്രവര്‍ത്തകര്‍, സാധാരണ പൗരര്‍ എന്നിവരുടെ അനുഭവങ്ങളിലൂടെ സാമൂഹിക ഉള്‍ക്കൊള്ളലും പൗരബോധവും സ്വാതന്ത്ര്യവും സംഗമിക്കുന്ന മാനവീയം വീഥിയുടെ സാംസ്‌കാരിക ജീവിതമാണ് ചിത്രം പകര്‍ത്തുന്നത്.

ബംഗാളിലെ ബരാസത് റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഇടത്തിലേക്ക് മെട്രോ നിര്‍മ്മാണം കടന്നുവരുമ്പോഴുള്ള അതിജീവന പ്രതിസന്ധികള്‍ പകര്‍ത്തുന്ന 'ഫൂല്‍ ഗാഡി', മുംബൈയിലെ ജോഗേശ്വരി ഈസ്റ്റില്‍ സ്വന്തം ഇടവഴിയെ ക്രിക്കറ്റ് കളിയിടമാക്കി പൊതു ഇടത്തെ സര്‍ഗാത്മകമായി തിരിച്ചുപിടിക്കുന്ന കുട്ടികളുടെ കഥയായ 'പാസ്‌കല്‍ പ്രീമിയര്‍ ലീഗ്‌' എന്നിവയും പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

'ഹൗ മച്ച് സ്‌പേസ് ഡസ് എ ഫയര്‍ഫ്‌ലൈ ടേക്ക്?', 'ഇന്‍ സെര്‍ച്ച് ഓഫ് ഹ്യൂമന്‍സ'്, 'ത്രൂ ദി ഡാപ്പിള്‍ഡ് ലൈറ്റ്' എന്നിവയാണ് ഈ പാക്കേജിലെ മറ്റു ചിത്രങ്ങള്‍.

---------------

Hindusthan Samachar / Sreejith S


Latest News