മെഡിസെപ് രണ്ടാംഘട്ടത്തിലെ പ്രീമിയത്തിന് ജിഎസ്ടി ഈടാക്കില്ല
Thiruvanathapuram, 10 സെപ്റ്റംബര്‍ (H.S.) സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് രണ്ടാംഘട്ടത്തില്‍ സര്‍ക്കാര്‍ പൂര്‍ണമായി അടയ്ക്കുന്ന പ്രീമിയത്തിന് ചരക്ക് സേവന നികുതി (ജിഎസ്ടി) ഈടാക്കേണ്ടതില്ലെന്ന് സം
VD Satheeshan


Thiruvanathapuram, 10 സെപ്റ്റംബര്‍ (H.S.)

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് രണ്ടാംഘട്ടത്തില്‍ സര്‍ക്കാര്‍ പൂര്‍ണമായി അടയ്ക്കുന്ന പ്രീമിയത്തിന് ചരക്ക് സേവന നികുതി (ജിഎസ്ടി) ഈടാക്കേണ്ടതില്ലെന്ന് സംസ്ഥാന ജിഎസ്ടി മുന്‍കൂര്‍ വിധിനിര്‍ണയ അതോറിറ്റി വ്യക്തമാക്കി. പദ്ധതി നടത്തിപ്പിനായി തെരഞ്ഞെടുക്കപ്പെട്ട ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി സമര്‍പ്പിച്ച അപേക്ഷയിലാണ് അതോറിറ്റിയുടെ നിര്‍ണായക ഉത്തരവ്. 2026 ഓഗസ്റ്റ് 17ന് പുറപ്പെടുവിച്ച 17-ാം മുന്‍കൂര്‍ വിധിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന മെഡിസെപ്പിലെ 'എ' വിഭാഗത്തില്‍പ്പെടുന്നവര്‍ക്കാണ് നികുതി ഇളവ് ലഭിച്ചിട്ടുള്ളത്. നികുതി ഇളവ് ലഭിക്കുന്നതിന് പ്രധാനമായും മൂന്ന് നിബന്ധനകള്‍ പാലിക്കപ്പെടണമെന്ന് അതോറിറ്റി വ്യക്തമാക്കി.

ഇന്‍ഷുറന്‍സ് സേവനം കേന്ദ്ര സര്‍ക്കാരിനോ സംസ്ഥാന സര്‍ക്കാരിനോ കേന്ദ്രഭരണ പ്രദേശത്തിനോ നല്‍കുന്നതായിരിക്കണം എന്നതാണ് ആദ്യത്തെ നിബന്ധന. കൂടാതെ, സേവനം ഒരു ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി നല്‍കുന്നതായിരിക്കണം. പദ്ധതിയുടെ മുഴുവന്‍ പ്രീമിയവും സര്‍ക്കാര്‍ തന്നെ വഹിക്കണം എന്നതാണ് മൂന്നാമത്തെ നിബന്ധന. മെഡിസെപ് രണ്ടാംഘട്ടത്തിലെ 'എ' വിഭാഗത്തില്‍ ഈ മൂന്ന് നിബന്ധനകളും പാലിക്കപ്പെടുന്നതായി അതോറിറ്റി വിലയിരുത്തിയതോടെയാണ് ഈ വിഭാഗത്തിലെ ഇന്‍ഷുറന്‍സ് സേവനത്തിന് ജിഎസ്ടി ഇളവ് അനുവദിക്കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയത്.

ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണെങ്കിലും, ജിഎസ്ടി ഇളവിന് ഇത് തടസമല്ലെന്നും അതോറിറ്റി വ്യക്തമാക്കി. കേന്ദ്ര ചരക്ക് സേവന നികുതി നിയമത്തിലെ 93-ാം ഉപവകുപ്പ് പ്രകാരം, സേവനത്തിന് നല്‍കേണ്ട പ്രതിഫലം നല്‍കാന്‍ ബാധ്യതയുള്ള വ്യക്തിയാണ് സേവനത്തിന്റെ സ്വീകര്‍ത്താവ് എന്ന വ്യവസ്ഥയും അതോറിറ്റി പരിഗണിച്ചു.

മെഡിസെപ് കരാര്‍ വ്യവസ്ഥകള്‍ പ്രകാരം 'എ' വിഭാഗത്തിലെ ഗുണഭോക്താക്കളുടെ മുഴുവന്‍ ഇന്‍ഷുറന്‍സ് പ്രീമിയവും നല്‍കാനുള്ള ബാധ്യത കേരള സര്‍ക്കാരിനാണ്. അതിനാല്‍ നികുതി ആവശ്യങ്ങള്‍ക്കായി ഇന്‍ഷുറന്‍സ് സേവനത്തിന്റെ സ്വീകര്‍ത്താവ് കേരള സര്‍ക്കാരാണെന്ന് അതോറിറ്റി വിലയിരുത്തി.

സര്‍ക്കാര്‍ ജീവനക്കാരും മറ്റ് ഗുണഭോക്താക്കളും ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതികളെക്കുറിച്ച് കേന്ദ്ര പരോക്ഷ നികുതികളും കസ്റ്റംസ് ബോര്‍ഡും 2017 നവംബര്‍ 15ന് പുറപ്പെടുവിച്ച സര്‍ക്കുലറിലെ വിശദീകരണവും അതോറിറ്റി പരിഗണിച്ചു. സര്‍ക്കാര്‍ പൂര്‍ണമായി പ്രീമിയം വഹിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്ക് ബന്ധപ്പെട്ട വിജ്ഞാപനത്തിലെ 40-ാം ഇനം പ്രകാരം ജിഎസ്ടി ഇളവ് ലഭിക്കാമെന്ന നിലപാടാണ് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുള്ളതെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.

---------------

Hindusthan Samachar / Sreejith S


Latest News