Enter your Email Address to subscribe to our newsletters

Islamabad , 10 സെപ്റ്റംബര് (H.S.)
ഇസ്ലാമാബാദ്: സൗദി അറേബ്യയ്ക്ക് നേരെ യെമനിലെ ഹൂതി വിമതർ തുടർച്ചയായി നടത്തുന്ന മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ, ചരിത്രപരമായ 'മക്ക പ്രതിരോധ കരാറുമായി' ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടിൽ മലക്കം മറിഞ്ഞ് പാകിസ്ഥാൻ. സൗദിക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് മറുപടിയായി യെമനിൽ നേരിട്ട് സൈനിക നീക്കം നടത്താനുള്ള സാധ്യത പാകിസ്ഥാൻ പൂർണ്ണമായും തള്ളി. സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച മക്ക കരാർ ഒരു 'പ്രതിരോധ സഖ്യം' (Defensive Alliance) മാത്രമാണെന്നും ആക്രമണങ്ങൾക്ക് വേണ്ടിയുള്ളതല്ലെന്നും പാകിസ്ഥാൻ വ്യക്തമാക്കി.
കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് എന്നിവർ ചേർന്ന് നിർണ്ണായകമായ 'മക്ക ജോയിന്റ് ഡിഫൻസ് എഗ്രിമെന്റിൽ' ഒപ്പുവെച്ചത്. മൂന്ന് രാജ്യങ്ങളിലൊന്നിന് നേരെ ആക്രമണമുണ്ടായാൽ അത് മൂവർക്കും എതിരെയുള്ള ആക്രമണമായി കണ്ട് സംയുക്തമായി പ്രതിരോധിക്കും എന്നതായിരുന്നു പ്രധാന വ്യവസ്ഥ. 'ഇസ്ലാമിക് നാറ്റോ' എന്ന നിലയിൽ ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച സഖ്യമാണിത്. എന്നാൽ സൗദിയിലെ തെക്കൻ മേഖലയിൽ ഹൂതികൾ നടത്തിയ ശക്തമായ മിസൈൽ ആക്രമണത്തിൽ 73-ലധികം പേർക്ക് പരിക്കേറ്റതിന് പിന്നാലെയാണ് പാകിസ്ഥാൻ നിർണ്ണായകമായ നിലപാട് മാറ്റം പ്രഖ്യാപിച്ചത്.
യെമനിലെ സംഘർഷങ്ങൾ സൗദിയിലേക്ക് വ്യാപിക്കുകയാണെങ്കിൽ മക്ക കരാറിലെ വ്യവസ്ഥകൾ പ്രകാരം പാകിസ്ഥാൻ സൈനികമായി ഇടപെടാൻ ബാധ്യസ്ഥരാണെന്ന് നേരത്തെ പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പ്രസ്താവിച്ചിരുന്നു. സൗദിയുടെ സുരക്ഷ ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ പ്രസ്താവന വന്ന് മണിക്കൂറുകൾക്കകം പാക് വിദേശകാര്യ മന്ത്രാലയം ഇതിൽ വ്യക്തത വരുത്തുകയും യെമനിൽ നേരിട്ടുള്ള സൈനിക നീക്കങ്ങൾ തള്ളിക്കളയുകയും ചെയ്തു. ആക്രമണങ്ങൾ തടയുക എന്നതിലുപരി മേഖലയിലെ സമാധാനവും സ്ഥിരതയും സംരക്ഷിക്കാനുള്ള പ്രതിരോധ മുൻകരുതൽ മാത്രമാണ് മക്ക കരാറെന്നാണ് പാക് വിദേശകാര്യ വക്താവ് സജ്ജാദ് ഹൈദർ ഖാൻ പ്രതിവാര വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചത്.
നിലവിൽ മൂന്ന് രാജ്യങ്ങൾ തമ്മിലുള്ള ഈ കൂട്ടായ്മ വിപുലീകരിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നും, സഖ്യത്തിന്റെ ഘടനയും പ്രവർത്തന രീതികളും കൂടുതൽ ഏകീകരിക്കേണ്ടതുണ്ടെന്നും പാകിസ്ഥാൻ അറിയിച്ചു. ഈജിപ്ത്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ സഖ്യത്തിൽ ചേരാൻ താല്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഇതിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല. അതേസമയം, ഹൂതി ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രതീക്ഷിച്ചിരുന്ന സഖ്യത്തിൽ നിന്ന് പാകിസ്ഥാൻ പിന്നോട്ടുപോയത് നയതന്ത്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. റിയാദിന് നൽകിയ സുരക്ഷാ ഉറപ്പുകളിൽ പാകിസ്ഥാന്റെ മലക്കംമറിച്ചിൽ അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടുകയാണ്.
---------------
Hindusthan Samachar / Roshith K