പൈലറ്റുമാര്ക്ക് മയക്കുമരുന്ന് പരിശോധന നിര്ബന്ധമാക്കി; ഉത്തരവിറക്കി
New delhi, 10 സെപ്റ്റംബര്‍ (H.S.) എയര്‍ ഇന്ത്യ പൈലറ്റ് മയക്ക് മരുന്ന് ഉപയോഗിച്ച് വിമാനം പറത്തി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ലൈന്‍ പൈലറ്റുമാര്‍ക്ക് മയക്കുമരുന്ന് പരിശോധന നിര്‍ബന്ധമാക്കി ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. രാജ്യത്തെ എല്ലാ വിമാനക്
Air India Express


New delhi, 10 സെപ്റ്റംബര്‍ (H.S.)

എയര്‍ ഇന്ത്യ പൈലറ്റ് മയക്ക് മരുന്ന് ഉപയോഗിച്ച് വിമാനം പറത്തി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ലൈന്‍ പൈലറ്റുമാര്‍ക്ക് മയക്കുമരുന്ന് പരിശോധന നിര്‍ബന്ധമാക്കി ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. രാജ്യത്തെ എല്ലാ വിമാനക്കമ്പനികളിലെയും പൈലറ്റുമാരില്‍ 2027 ജൂലൈ മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കാനാണ് ഉത്തരവിറക്കിയിരിക്കുന്നത്.

പൈലറ്റുമാരിലെ മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായുള്ള പുതിയ മാനദണ്ഡങ്ങളുടെ കരട് ഈ മാസം അവസാനത്തോടെ അന്തിമമാക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹന്‍ നായിഡു അറിയിച്ചു. പങ്കാളികളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും പരിഷ്‌കരിച്ച സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ്‌സിന്റെ കരടിന് അന്തിമരൂപം നല്‍കുക. നിലവില്‍ പൈലറ്റുമാര്‍ക്കിടയില്‍ റാന്‍ഡം അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് പരിശോധന നടത്തുന്നത്.

നിലവിലുള്ള മാനദണ്ഡമനുസരിച്ച് പ്രതിവര്‍ഷം 10 ശതമാനം പൈലറ്റുമാരെയും എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരെയും മാത്രമാണ് ഇത്തരത്തില്‍ പരിശോധിക്കാറുള്ളത്. ഡിജിസിഎയുടെ നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരമാണ് പ്രതിവര്‍ഷം 10 ശതമാനം പൈലറ്റുമാര്‍ക്കും എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്കും സൈക്കോ ആക്ടീവ് പദാര്‍ഥങ്ങള്‍ക്കായുള്ള റാന്‍ഡം പരിശോധനകള്‍ നടത്തുന്നത്. രാജ്യത്തെ വിവിധ വാണിജ്യ എയര്‍ലൈനുകളിലായി പതിനായിരത്തിലധികം പൈലറ്റുമാര്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.

ഓഗസ്റ്റ് നാലാം തീയതി ഫൂക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം പെട്ടെന്ന് 300 അടി താഴേക്ക് പതിക്കുകയും നിരവധി യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് ഡിജിസിഎന്റെ ശക്തമായ ഇടപെടല്‍. അപകട സമയത്ത് വിമാനം നിയന്ത്രിച്ചിരുന്ന പ്രധാന പൈലറ്റ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിച്ചിരുന്നു.

ഇതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ നാലാം തീയതി ഈ പൈലറ്റിനെ എയര്‍ ഇന്ത്യ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. അപകടത്തെക്കുറിച്ച് അന്വേഷിച്ച എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) പ്രാഥമിക റിപ്പോര്‍ട്ടില്‍ പൈലറ്റിന്റെ ലഹരി ഉപയോഗം ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്ന് ചൂണ്ടിക്കാണിക്കുകയും ഡിജിസിഎ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

145 യാത്രക്കാരുമായി 36,000 അടി ഉയരത്തില്‍ സഞ്ചരിക്കവേ വിമാനത്തിന്റെ മൂന്ന് ഹൈഡ്രോളിക് സിസ്റ്റങ്ങളും ഒരുമിച്ച് പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നാണ് വിമാനം താഴേക്ക് പതിച്ചതെന്നും 24 പേര്‍ക്ക് പരിക്കേറ്റതെന്നും എഎഐബി വ്യക്തമാക്കി. സംഭവം നടന്ന ഉടന്‍ തന്നെ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും തങ്ങളുടെ എല്ലാ പൈലറ്റുമാര്‍ക്കും മയക്കുമരുന്ന് പരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ രാജ്യത്തെ മുഴുവന്‍ എയര്‍ലൈനുകള്‍ക്കും ബാധകമാകുന്ന രീതിയില്‍ ഡിജിസിഎ ഉത്തരവിറക്കിയിരിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News