Enter your Email Address to subscribe to our newsletters

New delhi, 10 സെപ്റ്റംബര്‍ (H.S.)
സിജെപി പ്രതിഷേധത്തില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാന്‍ പ്രചാരണം നടത്തിയെന്നാരോപിച്ച് ഗൗതം ബുദ്ധ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയോട് 5 ലക്ഷം വ്യക്തിഗത ബോണ്ട് ആവശ്യപ്പെട്ട് നോട്ടീസ് പുറപ്പെടുവിച്ച ഗ്രേറ്റര്‍ നോയിഡ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനെ സസ്പെന്‍ഡ് ചെയ്തു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സുപ്രീം കോടതിയെ ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ഥി അക്ഷത് ത്രിപാഠിക്ക് നല്‍കിയ നോട്ടീസിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.
സെപ്റ്റംബര്‍ 4 ന് പുറപ്പെടുവിച്ച നോട്ടീസില്‍ അക്ഷത് ത്രിപാഠി വിദ്യാര്‍ഥികള്‍ക്കിടയില്‍ ''സര്‍ക്കാരിനെതിരായ തെറ്റിദ്ധരിപ്പിക്കുന്ന പ്രസംഗങ്ങള്‍'' നടത്തുന്നതായും ധര്‍ണയില്‍ പങ്കെടുക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതായും ആരോപിച്ചിരുന്നു. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ സാഹചര്യമുണ്ടാകും എന്ന പൊലീസിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു മജിസ്ട്രേറ്റിന്റെ നടപടി.
വിദ്യാര്‍ഥി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസിന്റെ നിയമസാധുതയും നടപടിക്രമവും ചോദ്യം ചെയ്തത്. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് വിഷയം പരാമര്‍ശിക്കപ്പെട്ടത്.നോട്ടീസില്‍ അക്ഷത് ത്രിപാഠിയോട് ആറുമാസത്തേക്ക് 5 ലക്ഷം വീതമുള്ള രണ്ട് ജാമ്യക്കാരോടൊപ്പം 5 ലക്ഷം വ്യക്തിഗത ബോണ്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബിഎന്‍എസ്എസിലെ ബന്ധപ്പെട്ട വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
വിദ്യാര്‍ഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട എഫ്ഐആറുകള്‍ റദ്ദാക്കുകയും വിദ്യാര്‍ഥികള്‍ക്കെതിരെ നിര്‍ബന്ധിത നടപടികള്‍ സ്വീകരിക്കുന്നത് തടയുകയും ചെയ്ത സുപ്രീം കോടതിയുടെ സെപ്റ്റംബര്‍ 1-ലെ ഉത്തരവിനും മജിസ്ട്രേറ്റിന്റെ നടപടി വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
ഇതിന് മറുപടിയായി, വിഷയം കഴിഞ്ഞ ദിവസം തന്റെ മുമ്പാകെ പരാമര്‍ശിച്ചപ്പോള്‍ തന്നെ താന്‍ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നുവെന്നും സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം തേടിയിരുന്നുവെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. തുടര്‍ന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനെ സസ്പെന്‍ഡ് ചെയ്തതായി കോടതിയെ അറിയിച്ചത്.
---------------
Hindusthan Samachar / Sreejith S