Enter your Email Address to subscribe to our newsletters

Kozhikode , 11 സെപ്റ്റംബര് (H.S.)
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹീം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ സന്ദർശിക്കാൻ ഞായറാഴ്ച കേരളത്തിലെത്തും. അഞ്ചുദിവസത്തെ ഇന്ത്യ പര്യടനത്തിൻ്റെ ഭാഗമായാണ് അദ്ദേഹം കോഴിക്കോട് എത്തുന്നത്. ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമായിരിക്കും മലേഷ്യൻ പ്രധാനമന്ത്രിയുടെ കേരള സന്ദർശനം. ഇന്ത്യയും മലേഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ ഈ സന്ദർശനത്തെ രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്.
മർകസിൽ പ്രത്യേക പ്രാർഥന സംഗമം
കോഴിക്കോട്ടെത്തുന്ന അദ്ദേഹം മർകസ് സെൻട്രൽ കാമ്പസിൽ കാന്തപുരവുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് മർകസ് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന പ്രത്യേക പ്രാർഥന സംഗമത്തിലും ഗ്രാൻഡ് മുഫ്തി ഒരുക്കുന്ന വിരുന്നിലും അൻവർ ഇബ്റാഹീം പങ്കെടുക്കും. വിദ്യാഭ്യാസം, വൈജ്ഞാനികം, സാമൂഹിക വികസനം തുടങ്ങിയ വിഷയങ്ങളിൽ മത, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സുപ്രധാന ചർച്ചയും ഇതിനോടനുബന്ധിച്ച് നടക്കും. മർകസ് സന്ദർശനത്തിന് ശേഷം അൻവർ ഇബ്റാഹീം ഗ്രാൻഡ് മുഫ്തിയുമൊത്ത് ദക്ഷിണേന്ത്യയിലെ പ്രമുഖ തീർഥാടന കേന്ദ്രമായ മടവൂർ സി.എം വലിയുല്ലാഹി മഖാമും സന്ദർശിക്കും. കേരളത്തിലെ ഇസ്ലാമിക പൈതൃക കേന്ദ്രങ്ങളെക്കുറിച്ചുള്ള മലേഷ്യൻ പ്രധാനമന്ത്രിയുടെ താത്പര്യം കൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഇത് രണ്ടാം സന്ദർശനം
ഇത് രണ്ടാം തവണയാണ് അൻവർ ഇബ്റാഹീം ഗ്രാൻഡ് മുഫ്തിയെ സന്ദർശിക്കാൻ കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രിയാകുന്നതിന് ഏതാനും ആഴ്ചകൾക്ക് മുൻപ് 2022 സെപ്റ്റംബറിലായിരുന്നു അദ്ദേഹത്തിൻ്റെ ആദ്യ മർകസ് സന്ദർശനം. അന്നും കാന്തപുരവുമൊത്ത് അദ്ദേഹം മടവൂർ മഖാം സന്ദർശിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക വിനിമയത്തിൽ കാന്തപുരം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. 2023ൽ മതപണ്ഡിതർക്കുള്ള പരമോന്നത ബഹുമതിയായ ഹിജ്റ പുരസ്കാരം മലേഷ്യൻ സർക്കാർ കാന്തപുരത്തിന് സമ്മാനിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ആറുപതിറ്റാണ്ട് നീണ്ട ഹദീസ് അധ്യാപനത്തിന് ആദരസൂചകമായി മലേഷ്യൻ സർക്കാരിൻ്റെ ആഭിമുഖ്യത്തിൽ 2023, 2024, 2025 വർഷങ്ങളിൽ ക്വാലാലംപൂരിൽ ഗ്രാൻഡ് മുഫ്തിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഹദീസ് പാരായണ സംഗമങ്ങൾ സംഘടിപ്പിച്ചിരുന്നു.
പ്രതീക്ഷയോടെ പ്രവാസി സമൂഹം
മലേഷ്യയിലെ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമവുമായും തൊഴിൽ പ്രശ്നങ്ങളുമായും ബന്ധപ്പെട്ട് നേരത്തെ ഗ്രാൻഡ് മുഫ്തി മികച്ച ഇടപെടലുകൾ നടത്തിയിരുന്നു. കേരളത്തിൽ നിന്ന്, പ്രത്യേകിച്ച് കോഴിക്കോട് നിന്ന് മലേഷ്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ചും അദ്ദേഹം ചർച്ചകൾക്ക് മുൻകൈയെടുത്തിരുന്നു. മലേഷ്യൻ പ്രധാനമന്ത്രിയുടെ നിലവിലെ ഇന്ത്യൻ പര്യടനവും കേരള സന്ദർശനവും ഇരുരാജ്യങ്ങൾക്കുമിടയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
വാണിജ്യം, വിനോദസഞ്ചാരം, നിക്ഷേപം, സാമ്പത്തിക സഹകരണം, വിദ്യാഭ്യാസം, കണക്ടിവിറ്റി തുടങ്ങിയ രംഗങ്ങളിൽ വലിയ ചലനങ്ങളും മുന്നേറ്റങ്ങളും സൃഷ്ടിക്കാൻ ഈ സന്ദർശനം സഹായിക്കുമെന്നാണ് പ്രത്യാശിക്കുന്നത്. ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനൊപ്പം കേരളത്തിൻ്റെ വികസന സ്വപ്നങ്ങൾക്ക് കൂടി കരുത്തേകുന്നതാണ് അൻവർ ഇബ്റാഹീമിൻ്റെ സന്ദർശനം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR