Enter your Email Address to subscribe to our newsletters

Thiruvananthapuram, 11 സെപ്റ്റംബര് (H.S.)
ലയണൽ മെസി ഉൾപ്പെടുന്ന അർജൻ്റീന ഫുട്ബോൾ ടീമിൻ്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക തട്ടിപ്പും നികുതിവെട്ടിപ്പും നടന്നതായി കണ്ടെത്തൽ. സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി രണ്ട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നായി 213 കോടി രൂപ സമാഹരിച്ചതിലും 25.78 കോടി രൂപയുടെ നികുതി വെട്ടിച്ചതിലുമാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ക്രമക്കേടുകൾ കണ്ടെത്തിയത്. സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന് അന്വേഷണ സംഘം റിപ്പോർട്ട് കൈമാറി.
ടീമിൻ്റെ സന്ദർശനവുമായി ബന്ധപ്പെട്ട് അർജൻ്റീന ഫുട്ബോൾ അസോസിയേഷന് നൽകാൻ പണം സമാഹരിച്ചത് രണ്ട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നാണെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് (ആർബിസി) ആകെ 10 ലക്ഷം രൂപ മാത്രമാണ് അടിസ്ഥാന മൂലധനമായി ഉള്ളത്. എന്നാൽ ആർബിസി 137.75 കോടി രൂപ ശ്രീ ഗോകുലം ചിറ്റ് ആൻഡ് ഫിനാൻസിൽ നിന്നും 75 കോടി രൂപ ഹിന്ദുജ ലെയ്ൻഡ് ഫിനാൻസിൽ നിന്നുമാണ് വായ്പയായി എടുത്തിട്ടുള്ളത്.
ഇത്തരത്തിൽ ആകെ 213 കോടി രൂപയാണ് ഇവർ സമാഹരിച്ചത്. ശ്രീ ഗോകുലം നൽകിയ 137.75 കോടി രൂപയ്ക്ക് ഡയറക്ടർമാർ ഒപ്പിട്ട ചെക്കുകൾ മാത്രമാണ് ഈടായി നൽകിയിട്ടുള്ളത്. ഈ തുക ഇതുവരെ തിരിച്ചടച്ചിട്ടുമില്ല. ഹിന്ദുജയുടെ 75 കോടി രൂപ ആറ് വ്യത്യസ്ത പേരുകളിൽ വായ്പകളായാണ് അനുവദിച്ചതെങ്കിലും തുക മുഴുവൻ സ്പോൺസറുടെ ഒറ്റ അക്കൗണ്ടിലേക്കാണ് എത്തിയത്. വെറും 9.94 കോടി രൂപയ്ക്ക് വാങ്ങിയ വസ്തുക്കളുടെ മൂല്യം ഒരു വർഷത്തിനുള്ളിൽ 154.38 കോടിയായി ഉയർത്തിക്കാണിച്ചാണ് വായ്പയ്ക്കായി ഈടുവച്ചത്.
കണ്ടെത്തിയത് 25.78 കോടിയുടെ നികുതിവെട്ടിപ്പ്മെസിയുടെ വരവുമായി ബന്ധപ്പെട്ട് 25.78 കോടി രൂപയുടെ നികുതിവെട്ടിപ്പാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇതിനെതിരെ നടപടി ഉണ്ടാവാതിരിക്കാൻ കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ഉദ്യോഗസ്ഥർ ഇടപെട്ടുവെന്ന ഗുരുതര കണ്ടെത്തലും ഇതിനായി രൂപീകരിച്ച എസ്ഐടി നടത്തിയിട്ടുണ്ട്.
അർജൻ്റീന ഫുട്ബോൾ അസോസിയേഷന് 126.04 കോടി രൂപ അയച്ചപ്പോൾ നികുതിയിനത്തിൽ വെട്ടിച്ചത് 22.69 കോടി രൂപയാണ്. ഇതിനുപുറമേ ലീഗൽ ഫീസിനത്തിൽ കൈമാറിയ 1.90 കോടി രൂപയ്ക്ക് 34.15 ലക്ഷം രൂപയും നികുതിയിനത്തിൽ അടയ്ക്കേണ്ടതായുണ്ട്. കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൻ്റെ നവീകരണം, ക്ലബ്ബ് അംഗത്വം എന്നിവയുമായി ബന്ധപ്പെട്ട് 2.75 കോടി രൂപയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റും സ്പോൺസർ കൈപ്പറ്റിയത് അനധികൃതമായാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഫുട്ബോൾ പ്രേമികളുടെ വികാരം മുതലെടുത്ത് നടത്തിയ ഈ വൻ സാമ്പത്തിക ക്രമക്കേട് സംസ്ഥാനത്ത് വലിയ ചർച്ചയായിരിക്കുകയാണ്.
ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നീക്കം
നിലവിൽ മുഖ്യമന്ത്രി വി.ഡി സതീശന് കൈമാറിയിട്ടുള്ള റിപ്പോർട്ടിൽ തട്ടിപ്പിന് കൂട്ടുനിൽക്കുകയും ഇത് മൂടിവയ്ക്കുകയും ചെയ്ത ഉദ്യോഗസ്ഥർക്കെതിരെയും തട്ടിപ്പ് നടത്തിയ സ്പോൺസർക്കെതിരെയും കർശന നടപടി വേണമെന്ന ശുപാർശകളാണ് ഉൾപ്പെടുന്നത്. ഇതിനുപുറമേ അന്വേഷണത്തിൽ കണ്ടെത്തിയ മറ്റ് ദുരൂഹ ഇടപാടുകൾ പരിശോധിക്കാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി), ആദായ നികുതി വകുപ്പ്, റിസർവ് ബാങ്ക്, രജിസ്ട്രേഷൻ ഐജി, രജിസ്ട്രാർ ഓഫ് ചിറ്റ്സ് എന്നിവർക്ക് അന്വേഷണം കൈമാറണമെന്ന ശുപാർശയിലും സർക്കാർ ഉടൻ നടപടി സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR