Enter your Email Address to subscribe to our newsletters

Kozhikode , 11 സെപ്റ്റംബര് (H.S.)
സിപിഎമ്മിൻ്റെ വുപുലീകൃത സംസ്ഥാന സമിതി യോഗം ചേരാനിരിക്കെ, പാർട്ടിയിൽ കടുത്ത ആഭ്യന്തര തർക്കങ്ങളും ചേരിതിരിവുകളും മുറുകുന്നു. മുൻകാലങ്ങളിൽ പാർട്ടിയിലെ പ്രമുഖ വിഭാഗമായിരുന്ന കണ്ണൂർ ലോബിയിൽ തന്നെ വലിയ ഭിന്നതകൾ ഉടലെടുത്തതാണ് നിലവിലെ പ്രധാന സവിശേഷത. കണ്ണൂർ പാർട്ടി ഘടകം പൂർണമായും വിഭജിക്കപ്പെട്ട അവസ്ഥയിലാണ്.
മുൻ മുഖ്യമന്ത്രി പിണറായി വിജയന് മുൻപുണ്ടായിരുന്ന പൂർണാധിപത്യവും പിടിവള്ളിയും പാർട്ടിയിൽ നഷ്ടപ്പെട്ടതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. വ്യക്തിപരമായ വീഴ്ചകളും അഴിമതി ആരോപണങ്ങളും കാരണം പാർട്ടി അണികൾക്കിടയിൽ പോലും അദ്ദേഹത്തോടുള്ള വിശ്വാസ്യത തകർന്നിരിക്കുകയാണ്. സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന പൊതുബോധം ശക്തമായതോടെ, അദ്ദേഹത്തെ സംരക്ഷിച്ച് മുന്നോട്ടു പോകുന്നത് പാർട്ടിക്ക് കൂടുതൽ ദോഷം ചെയ്യുമെന്ന ചിന്ത പ്രബലമാകുന്നുണ്ട്.
വിമർശനങ്ങൾ ശക്തിപ്പെടുന്നു
കണ്ണൂരിലെ ഭിന്നതകൾക്ക് പുറമേ, കോഴിക്കോട് ഉൾപ്പെടെയുള്ള മറ്റു ജില്ലകളിലും പ്രാദേശിക നേത്യത്വങ്ങൾക്കിടയിൽ കടുത്ത അസംതൃപ്തി പുകയുകയാണ്. മന്ത്രി മുഹമ്മദ് റിയാസിന് നൽകുന്ന അമിത പ്രാധാന്യത്തിനെതിരെ ഒപ്പം നിന്നവർ പോലും രഹസ്യമായി എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം, തോമസ് ഐസക് ഉൾപ്പെടെയുള്ള നേതാക്കൾ ചില വിഷയങ്ങളിൽ ശക്തമായ നിലപാടുകളുമായി രംഗത്തെത്തുന്നുണ്ട്. ഇ പി ജയരാജൻ ശക്തമായ ഒരു നിലപാടെടുക്കുകയാണെങ്കിൽ ഒരു വലിയ വിഭാഗം അണികൾ അദ്ദേഹത്തിന് പിന്നിൽ അണിനിരക്കാൻ സാധ്യതയുണ്ട്. കൂടാതെ കെടി കുഞ്ഞിക്കണ്ണനെ പോലുള്ള മുതിർന്ന നേതാക്കളുടെ പ്രതികരണങ്ങളും, പുതിയ തലമുറയിലെ പി രാജീവ്, കെ എൻ ബാലഗോപാൽ തുടങ്ങിയവരുടെ നിലപാടുകളും വരും ദിവസങ്ങളിൽ നിർണായകമാകും. പാർട്ടിയുടെ പരമ്പരാഗത തത്ത്വങ്ങളും ഭരണരീതികളും പൂർണമായും റദ്ദാക്കിക്കൊണ്ടുള്ള ഭരണമാണ് നടക്കുന്നതെന്ന വിമർശനവും ശക്തിപ്പെട്ടിട്ടുണ്ട്.
രാഷ്ട്രീയ മാറ്റങ്ങൾ ലക്ഷമിട്ടുകൊണ്ടുള്ള നീക്കം
കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ നിലനിൽപ്പ് തന്നെ അപകടത്തിലാകുന്ന സാഹചര്യത്തിൽ, പിണറായി വിജയനെ മാറ്റിനിർത്തി പാർട്ടിയെ രക്ഷിക്കാനുള്ള നീക്കങ്ങൾ കേന്ദ്ര കമ്മിറ്റിയുടെയും സംസ്ഥാന സമ്മേളനത്തിൻ്റെയും തലത്തിൽ ഉയർന്നുവന്നേക്കുമെന്നാണ് ഇടത് രാഷ്ട്രീയ നിരീക്ഷകനായ എൻ പി ചേക്കുട്ടി അഭിപ്രായപ്പെട്ടത്. വരുന്ന വിപുലീകൃത സംസ്ഥാന സമിതി യോഗത്തിലും തുടർന്ന് നടക്കുന്ന സമ്മേളനങ്ങളിലും നിർണായകമായ പല രാഷ്ട്രീയ മാറ്റങ്ങൾക്കും സിപിഎം സാക്ഷ്യം വഹിച്ചേക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന.
കോഴിക്കോട്ടെ യോഗത്തിൽ കാര്യമായ നേതൃമാറ്റമോ തിരുത്തൽ നടപടികളോ ഉണ്ടാകില്ലെന്നാണ് കണ്ണൂരിൽ നിന്നുള്ള ഇടത് നിരീക്ഷകനായ കെ സി ഉമേഷ് ബാബു അഭിപ്രായപ്പെട്ടത്. പ്ലീനം നടത്തുന്നതിന് പകരം വിശാല സമിതികൾ വിളിച്ചു ചേർക്കുന്നത് വഴി വിമർശനങ്ങളെ വഴിതിരിച്ച് വിടാനാണ് ശ്രമം നടക്കുന്നത്. തിരുത്തലുകൾ കേവലം ചർച്ചകളിൽ ഒതുങ്ങും. പാർട്ടി കമ്മിറ്റികളിൽ വിമർശനങ്ങൾ ഉയരുമെങ്കിലും എം എ ബേബി അടക്കമുള്ള കേന്ദ്ര നേതാക്കളുടെ ഇടപെടലോടെ കാര്യങ്ങൾ കേന്ദ്ര കമ്മിറ്റിയുടെ തീരുമാനത്തിന് വിട്ട് അവസാനിപ്പിക്കാനാണ് സാധ്യത.
ഇതിലൂടെ വരും ദിവസങ്ങളിൽ വിമർശനങ്ങൾ തണുത്തുപോകും. പാർട്ടിയിലും സംസ്ഥാന കമ്മിറ്റിയിലും ഭൂരിഭാഗം ആളുകളും പിണറായി വിജയനെ പിന്തുണയ്ക്കുന്നവരാണ്. അതുകൊണ്ട് മറ്റ് നേതാക്കളുടെ കടുത്ത നിലപാടുകൾക്കോ വിമർശനങ്ങൾക്കോ പാർട്ടിക്കുള്ളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയില്ല. ബംഗാളിൽ പാർട്ടി നേരിട്ട തിരിച്ചടിയുടെ സമാനമായ അവസ്ഥയിലേക്ക് കേരളത്തിലും കാര്യങ്ങൾ നീങ്ങുകയാണെന്ന മുന്നറിയിപ്പും ഉയർന്നുവരുന്നു. ബംഗാൾ തെരഞ്ഞെടുപ്പിൽ പാർട്ടി ദയനീയ പരാജയം ഏറ്റുവാങ്ങിയപ്പോഴും ഇതുപോലുള്ള യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ ഒരു തരത്തിലുള്ള നേതൃമാറ്റവും അവിടെയും കണ്ടില്ല.
രാഷ്ട്രീയ പ്രവർത്തകർ പാർട്ടി മാറാൻ സാധ്യതയെന്ന് വിലയിരുത്തൽ
താഴെത്തട്ടിലുള്ള പാർട്ടി പ്രവർത്തകരിൽ വലിയ നിരാശയുണ്ട്. മുതിർന്ന നേതാക്കൾ സാമ്പത്തികമായി സുരക്ഷിതരാകുകയും അനാവശ്യ ആഡംബര ജീവിതം നയിക്കുകയും ചെയ്യുമ്പോൾ സാധാരണ പ്രവർത്തകർ അവഗണിക്കപ്പെടുകയാണ്. അഴിമതി ആരോപണങ്ങളും കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളും മുറുകുമ്പോൾ, വരുന്ന കാലങ്ങളിൽ വലിയൊരു വിഭാഗം നേതാക്കൾ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്ക് പ്രത്യേകിച്ച് ബിജെപിയിലേക്ക് ചേക്കേറാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
ചുരുക്കത്തിൽ ഇപ്പോൾ നടക്കുന്ന ചർച്ചകൾ വെറുമൊരു കണ്ണിൽ പൊടിയിടൽ മാത്രമാണെന്നും പാർട്ടിയിൽ ഒരു പുതിയ തലമുറ മാറ്റമോ യഥാർഥ നവീകരണമോ ഉണ്ടാകില്ലെന്നുമാണ് ഉയർന്നുവരുന്ന പൊതുവിലയിരുത്തൽ. അതേസമയം പ്രസ്ഥാനത്തിൻ്റെ മൂല്യങ്ങളും പാരമ്പര്യവും സംരക്ഷിക്കാൻ നേതൃത്വത്തിൽ തിരുത്തലുകളോ മാറ്റങ്ങളോ അത്യന്താപേക്ഷിതമാണെന്ന പൊതുബോധം നടപ്പിലാക്കപ്പെട്ടാൽ അത് സിപിഎമ്മിൻ്റെ ഒരു വൻ തിരിച്ചു വരവായിരിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR