Enter your Email Address to subscribe to our newsletters

Kichi, 11 സെപ്റ്റംബര് (H.S.)
കൊച്ചി: മുൻമന്ത്രിയും സി.പി.എം നേതാവുമായ പി. എ. മുഹമ്മദ് റിയാസിനെതിരായി നൽകിയ മൊഴി പിൻവലിക്കാൻ അനുവദിക്കില്ലെന്ന കർശന നിലപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). റിയാസിന്റെ സുഹൃത്തും വ്യാപാരിയുമായ ഹസൻ വാരിസ് നൽകിയ രഹസ്യമൊഴി പിൻവലിക്കണമെന്ന ആവശ്യമാണ് ഇ.ഡി തള്ളിയത്. റെയ്ഡിനിടെ ഭീഷണിപ്പെടുത്തിയാണ് മൊഴി വാങ്ങിയതെന്ന വാരിസിന്റെ വാദം മുഖവിലയ്ക്കെടുക്കാനാകില്ലെന്നും അന്വേഷണ ഏജൻസി വ്യക്തമാക്കി.
അന്വേഷണ ഏജൻസിയുടെ വാദം കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (PMLA) ഇ.ഡിക്ക് ഒപ്പിട്ടു നൽകുന്ന മൊഴികൾക്ക് ശക്തമായ നിയമസാധുതയും തെളിവുമൂല്യവുമുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയിരുന്നെങ്കിൽ അപ്പോൾത്തന്നെ പോലീസിനെയോ കോടതിയെയോ സമീപിക്കാമായിരുന്നു. നടപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള മുൻകൂർ തന്ത്രത്തിന്റെ ഭാഗമായാണ് ഇപ്പോൾ സത്യവാങ്മൂലം നൽകിയിരിക്കുന്നതെന്നാണ് ഇ.ഡിയുടെ നിലപാട്.
ഒരു വ്യക്തിക്ക് മൊഴി മാറ്റണമെന്ന് ആവശ്യപ്പെടാൻ അവകാശമുണ്ടെങ്കിലും അത് സ്വമേധയാ റദ്ദാക്കാൻ അന്വേഷണ ഏജൻസിക്ക് നിയമപരമായി കഴിയില്ലെന്ന് ഇ.ഡി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. അതിനാൽ ഹസൻ വാരിസ് ആദ്യം നൽകിയ മൊഴിയും, പിന്നീട് അത് തിരുത്താൻ ആവശ്യപ്പെട്ട് നൽകിയ കത്തും കോടതിയിൽ നേരിട്ട് സമർപ്പിക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കോടതിയാണെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്.
ഭീഷണിയെന്ന ആരോപണവുമായി ഹസൻ വാരിസ് കഴിഞ്ഞ മാസം കോഴിക്കോട്ടെ വസതിയിൽ നടന്ന റെയ്ഡിനിടെ തന്നെ ഭീഷണിപ്പെടുത്തിയാണ് റിയാസിനെതിരായ വ്യാജ മൊഴിയിൽ ഒപ്പിടുവിച്ചതെന്നാണ് ഹസൻ വാരിസിന്റെ പ്രധാന ആരോപണം. മൊഴി നൽകാൻ വിസമ്മതിച്ചപ്പോൾ കുടുംബത്തെയും 22 വയസ്സുള്ള മകളെയും കേസിൽ പ്രതിയാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി വാരിസ് ഇ.ഡി ഡയറക്ടർക്ക് സത്യവാങ്മൂലം നൽകിയിരുന്നു.
മുഹമ്മദ് റിയാസിൽ നിന്ന് താൻ പണം സ്വീകരിക്കുകയോ, റിയാസിന്റെ നിർദേശപ്രകാരം വിദേശത്തേക്ക് ഹവാല ഇടപാട് വഴി പണം കടത്തുകയോ ചെയ്തിട്ടില്ലെന്നും വാരിസ് വ്യക്തമാക്കുന്നു. ഓഗസ്റ്റ് 18-നായിരുന്നു ഇ.ഡി റെയ്ഡും മൊഴിയെടുപ്പും നടന്നത്; തൊട്ടുപിന്നാലെ ഓഗസ്റ്റ് 20-ന് തന്നെ മൊഴി തിരുത്തണമെന്ന് കാട്ടി കത്ത് നൽകിയിരുന്നതായും അദ്ദേഹം അവകാശപ്പെടുന്നു.
രാഷ്ട്രീയ വിവാദം കനക്കുന്നുസി.എം.ആർ.എൽ-എക്സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കിടയിലാണ് റിയാസിനെതിരെ 20.5 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദനവും ഹവാല പണമിടപാടും ആരോപിച്ച് ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകിയത്. റിയാസിന്റെ സുഹൃത്തുക്കളായ ഹസൻ വാരിസ്, പി. നിഖിൽ എന്നിവരിലൂടെ പണം വിദേശത്തേക്ക് കടത്തിയെന്ന മൊഴികളാണ് ഇ.ഡി ഇതിനായി നിരത്തിയത്.
എന്നാൽ ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി പി. എ. മുഹമ്മദ് റിയാസ് രംഗത്തെത്തി. തന്നെയും കുടുംബത്തെയും ലക്ഷ്യമിട്ട് അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന രാഷ്ട്രീയ വേട്ടയാടലാണിതെന്നും, നിയമപരമായി നേരിടുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വാരിസിന്റെ മൊഴി പിൻവലിക്കൽ വിഷയത്തിൽ ഇ.ഡി സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാട് കേസിൽ നിർണായക വഴിത്തിരിവായി മാറിയിരിക്കുകയാണ്.
---------------
Hindusthan Samachar / Roshith K