Enter your Email Address to subscribe to our newsletters

Kozhikode 11 സെപ്റ്റംബര് (H.S.)
മധ്യപ്രദേശിലെ ഭോപ്പാലിൽ സേവനമനുഷ്ഠിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച മലയാളി സൈനികൻ മിഥിലാജിന്റെ (36) ഭൗതിക ശരീരം പൂർണ ഔദ്യോഗിക ബഹുമതികളോടെ കാരമൂല ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഇന്ത്യൻ ആർമി എഎസ്സി ബറ്റാലിയൻ നോൺ കമ്മിഷൻ്റ് ഓഫിസറായിരുന്നു മിഥിലാജ്.
ബുധനാഴ്ച രാത്രി എട്ട് മണിയോടെ ഭോപ്പാലില് നിന്നും എത്തിച്ച മിഥിലാജിന്റെ ഭൗതിക ശരീരം നെല്ലിക്കാപറമ്പിൽ നിന്നും വിലാപ യാത്രയായാണ് സ്വന്തം വീട്ടിലെത്തിച്ചത്. തുടർന്ന് ഇന്നലെ രാവിലെ എട്ട് മണിയോടെ അദ്ദേഹം പഠിച്ച കാരമൂല ആസാദ് യുപി സ്കൂളിൽ പൊതുദർശനത്തിന് വച്ചു. നാടിന്റെ വീരപുത്രനെ അവസാനമായി ഒരുനോക്ക് കാണാൻ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകളാണ് സ്കൂളിലേക്ക് ഒഴുകിയെത്തിയത്.
മേജർ റിനൂബിന്റെ നേതൃത്വത്തിൽ രാജ്യത്തിൻ്റെ ഔദ്യോഗിക ബഹുമതികൾക്കുള്ള ചടങ്ങുകൾ നടന്നു. തിരുവമ്പാടി എംഎൽഎ സികെ കാസിം, കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ തുടങ്ങി നിരവധി ജനപ്രതിനിധികളും ആദരാഞ്ജലികൾ അർപ്പിച്ചു. രാവിലെ ഒമ്പതരയോടെ ഔദ്യോഗിക ചടങ്ങുകളും പ്രത്യേക പ്രാർഥനകളും പൂർത്തിയാക്കി ഭൗതികശരീരം കാരമൂല ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.
ചൊവ്വാഴ്ച രാത്രിയാണ് ഭോപ്പാലില് ജോലിക്കിടെ മിഥിലാജിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. സംഭവം ശ്രദ്ധയില്പ്പെട്ട മറ്റ് സൈനികര് ഉടന് തന്നെ അദ്ദേഹത്തെ സൈനിക ആശുപത്രിയില് എത്തിച്ചു. എന്നാല് ആശുപത്രിയില് എത്തിയതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. പിന്നാലെ കോഴിക്കോട് കാരമൂലയിലെ കുടുംബവുമായി സൈന്യം ബന്ധപ്പെടുകയായിരുന്നു. ഹൃദയഘാതം ഉണ്ടാകുകയും ആശുപത്രിയില് എത്തിച്ചതിന് പിന്നാലെ മിഥിലാജ് മരിക്കുകയുമായിരുന്നുവെന്നാണ് ബന്ധുക്കള്ക്ക് ലഭിച്ച വിവരം.
തുടര്ന്ന് ഭോപ്പാലിലെ നടപടിക്രമങ്ങളെല്ലാം പൂര്ത്തിയാക്കി ഭൗതിക ശരീരം സ്വദേശമായ കാരമൂലയില് എത്തിച്ചു. കാരമൂല സ്വദേശിയായ കുഞ്ഞാലി, ആമിന ദമ്പതികളുടെ മകനാണ് മിഥിലാജ്. ഹന്നതസ്നീമാണ് ഭാര്യ. അഹമ്മദ് മാസിൻ, മിൻസാ ഫാത്തിമ എന്നിവര് മക്കളാണ്. മിൻഹാജ്, അഞ്ജു ഫാത്തിമ എന്നിവരാണ് സഹോദരങ്ങള്.
ഹൃദയഘാതവും ലക്ഷണങ്ങളും
ഹൃദയ പേശികളിലേക്ക് രക്തം വഹിച്ച് കൊണ്ടുപോകുന്ന ധമനികളിലുണ്ടാകുന്ന തടസം മൂലമാണ് ഹൃദയാഘാതം സംഭവിക്കുന്നത്. കൊറോണറി ധമനികളില് കൊഴുപ്പ് അടിഞ്ഞ് കൂടുമ്പോഴാണ് രക്തയോട്ടം തടസപ്പെടുന്നത്. ധമനികളില് പെട്ടെന്ന് ഉണ്ടാകുന്ന ചുരുങ്ങലും ഹൃദയാഘാതത്തിന് കാരണമാകും. പുകവലി, ഉയര്ന്ന രക്ത സമ്മര്ദം, അമിത പ്രമേഹം, അമിതവും ചിട്ടയില്ലാത്തതുമായ ഭക്ഷണക്രമം എന്നിവയാണ് പ്രധാനമായും ഹൃദയാഘാതത്തിനുള്ള കാരണങ്ങള്.
നെഞ്ചിന്റെ മധ്യഭാഗത്തായി വേദന അനുഭവപ്പെടുകയും വേദന പിന്നീട് കൈകൾ, പുറം, കഴുത്ത്, താടിയെല്ല്, വയർ എന്നിവിടങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുകയാണ് ഹൃദയഘാതത്തിന്റെ പ്രധാന ലക്ഷണങ്ങള്. ചിലര്ക്ക് വേദനയ്ക്ക് പിന്നാലെ ശ്വാസ തടസം, അമിത വിയര്പ്പ്, തലകറക്കം, ബോധക്ഷയം എന്നിവയും കാണാറുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR