Enter your Email Address to subscribe to our newsletters

Idukki , 11 സെപ്റ്റംബര് (H.S.)
വനംവകുപ്പിൻ്റെ എതിർപ്പുകളെ തുടർന്ന് നിർമാണം നിലച്ച വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൻ്റെ പണികൾ പുനരാരംഭിക്കാൻ ധാരണയായി. പദ്ധതി പൂർത്തിയാക്കാൻ ആവശ്യമായ ആറര ഏക്കർ ഭൂമി വനംവകുപ്പ് വിട്ടുനൽകും. ഇതിന് പകരമായി ഇതേ അളവിലുള്ള ഭൂമി റവന്യൂ വകുപ്പ് മറ്റൊരിടത്ത് വനംവകുപ്പിന് കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത്.
എൻസിസിയുടെ എയർ വിങ് കേഡറ്റുകൾക്ക് ചെറുവിമാനങ്ങൾ പറത്തുന്നതിൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സത്രത്തിൽ എയർസ്ട്രിപ്പ് നിർമിച്ചത്. രാജ്യത്ത് തന്നെ എൻസിസി കേഡറ്റുകൾക്കായി നിർമിക്കുന്ന ആദ്യത്തെ എയർസ്ട്രിപ്പുകളിലൊന്നാണിത്. സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇവിടെ 800 മീറ്റർ നീളമുള്ള റൺവേ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നേരത്തെ തന്നെ ഒരുക്കിയിരുന്നു. പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിലായിരുന്നു നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചിരുന്നത്.
പരീക്ഷണ പറക്കൽ വിജയകരംവ്യോമസേനയുടെ ചെറുവിമാനവും ഹെലികോപ്ടറും ഇവിടെ പരീക്ഷണാടിസ്ഥാനത്തിൽ വിജയകരമായി ലാൻഡ് ചെയ്തിരുന്നു. എന്നാൽ പിന്നീട് പെയ്ത കനത്ത മഴയിൽ റൺവേയുടെ ഷോൾഡറിൻ്റെ ഒരു ഭാഗം ഇടിഞ്ഞതാണ് നിർമാണം തടസപ്പെടാൻ കാരണമായത്. തകർന്ന ഭാഗത്ത് സംരക്ഷണ ഭിത്തി നിർമിക്കുന്നതിനും കൂടുതൽ സ്ഥലം ഉപയോഗിക്കുന്നതിനും വനംവകുപ്പ് അനുമതി നൽകിയിരുന്നില്ല. പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ പീരുമേട് എംഎൽഎ സിറിയക് തോമസിൻ്റെ നേതൃത്വത്തിൽ ജില്ലാ കലക്ടർ ഡോ. ദിനേശൻ ചെറുവാട്ടും കോട്ടയം ഡിഎഫ്ഒയും ചേർന്ന് നടത്തിയ ചർച്ചയിലാണ് പ്രശ്നപരിഹാരമായത്.
ആറര ഏക്കറോളം സ്ഥലം എൻസിസിക്ക് വിട്ടുനൽകാൻ യോഗത്തിൽ തീരുമാനമായതായി എംഎൽഎ സിറിയക് തോമസ് വ്യക്തമാക്കി. വനംവകുപ്പ് വിട്ടുനൽകുന്ന സ്ഥലത്തിന് പകരമായി റവന്യൂ ഭൂമി വനംവകുപ്പിന് കൈമാറുമെന്നും ഇതുമായി ബന്ധപ്പെട്ട നടപടികൾ ഈ മാസം തന്നെ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേഡറ്റുകൾക്ക് പരിശീലനംഎയർസ്ട്രിപ്പിൻ്റെ വികസനത്തോടൊപ്പം കേഡറ്റുകൾക്ക് പരിശീലനത്തിന് അനുയോജ്യമായ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കേണ്ടതുണ്ട്. റൺവേയുടെ തകർന്ന ഭാഗം പുനർനിർമിക്കുന്നതിനൊപ്പം പരിശീലനത്തിനായി എത്തുന്ന എൻസിസി കേഡറ്റുകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും രണ്ടാംഘട്ടമായി ഒരുക്കും. രണ്ടു മാസത്തിനകം എയർസ്ട്രിപ്പിലെ നിർമാണങ്ങൾ പുനരാരംഭിക്കാൻ സാധിക്കുമെന്ന് ജില്ലാ കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു.
ഇവിടെ ആങ്കറിനോട് ചേർന്നിരിക്കുന്ന കുന്നിൻ്റെ ഒരു ഭാഗം നീക്കം ചെയ്യേണ്ടതുണ്ടെന്ന് കലക്ടർ വ്യക്തമാക്കി. ഇത് വിമാനങ്ങളുടെ കാഴ്ചപരിധിയെയും പറക്കലിനെയും ബാധിക്കുന്നുണ്ടെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടതാണ്. കേഡറ്റുകൾക്കുള്ള മറ്റ് സൗകര്യങ്ങൾക്കും ശുചിമുറിക്കും താമസത്തിനും അടക്കം എല്ലാത്തിനുമായി ആറ് ഏക്കറോളം സ്ഥലം ആവശ്യമായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് പുറമെ ഭാവിയിൽ ഈ എയർസ്ട്രിപ്പിനോട് അനുബന്ധിച്ച് കുട്ടികൾക്കായി ഡ്രോൺ സ്റ്റേഷനും റിമോട്ട് പൈലറ്റ് ട്രെയിനിങ് സെൻ്ററും ആരംഭിക്കാനും എൻസിസി തീരുമാനിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ എൻസിസി കേഡറ്റുകൾക്ക് വ്യോമയാന രംഗത്ത് മികച്ച പരിശീലനം ലഭിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഈ പദ്ധതി പൂർത്തിയാകുന്നതോടെ ഇടുക്കി ജില്ലയുടെ വികസനത്തിനും ഇത് വലിയ മുതൽക്കൂട്ടായി മാറും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR