Enter your Email Address to subscribe to our newsletters

Kasaragod , 11 സെപ്റ്റംബര് (H.S.)
അറബിക്കടലിൻ്റെ തിരമാലകൾ സാക്ഷിയാക്കി, നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഒരു കോട്ടയുടെ പശ്ചാത്തലത്തിൽ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾക്ക് തുടക്കം കുറിക്കാൻ ഇനി കാസർകോട്ടേക്ക് വരാം. രാജസ്ഥാനിലെ കൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ, 17-ാം നൂറ്റാണ്ടിൽ നിർമിച്ച ചന്ദ്രഗിരിക്കോട്ട ഡെസ്റ്റിനേഷൻ വെഡിങ് ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്കായി തുറന്നുകൊടുക്കുകയാണ്.
കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതലാണ് ചന്ദ്രഗിരിക്കോട്ട ഇത്തരം മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കുക. സംസ്ഥാന ആർക്കിയോളജി വകുപ്പിന് കീഴിലുള്ള ഒരു കോട്ട ഇത്തരം ചടങ്ങുകൾക്ക് വിട്ടുകൊടുക്കുന്നത് കേരളത്തിൽ ആദ്യമായാണ്. കോട്ടയിൽ പരിപാടികൾ സംഘടിപ്പിക്കുന്നതിനായി കാസർകോട് ഇവൻ്റ് മാനേജ്മെൻ്റ് ഗ്രൂപ്പായ ക്ലാപൗട്ട് ഇവൻ്റ്സുമായി ഡിടിപിസി ധാരണാപത്രം ഒപ്പുവച്ചു.
വരണമാല്യം അണിയിക്കൽ, വിവാഹനിശ്ചയം, ജന്മദിനാഘോഷം തുടങ്ങിയ ചടങ്ങുകളാണ് ഇവിടെ ആദ്യം നടത്തുക. ആദ്യഘട്ടത്തിൽ 200 പേർ പങ്കെടുക്കുന്ന ചടങ്ങുകൾക്ക് മാത്രമാകും അനുമതി നൽകുക. ഒരു വർഷത്തേക്കാണ് നിലവിൽ കരാർ നൽകിയിരിക്കുന്നതെങ്കിലും പിന്നീട് രണ്ടു വർഷം കൂടി പുതുക്കി നൽകും.
നവംബർ മുതൽ കോട്ടയിലേക്കുള്ള പ്രവേശനം ടിക്കറ്റ് മുഖേനയാക്കും. ഇതിനു മുന്നോടിയായി സഞ്ചാരികൾക്ക് വേണ്ടി ശുചിമുറി, ശുദ്ധജലം, വെളിച്ചം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന് ഡിടിപിസി കാസർകോട് സെക്രട്ടറി ജിജേഷ് പറഞ്ഞു.
ഇതിനുപുറമെ ചന്ദ്രഗിരി പാലത്തിൽ നിന്നും തൊട്ടടുത്ത പ്രദേശങ്ങളിലേക്കുള്ള ബോട്ടിങ് ഹൃദ്യമായ ഒരനുഭവമാണ്. ഇവിടെയുള്ള ചന്ദ്രഗിരി ബോട്ട് ക്ലബിൽ സ്പീഡ് ബോട്ടുകളും പുരവഞ്ചികളും ലഭ്യമാണ്. കാസർകോട് നഗരത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ മാത്രമാണ് ചന്ദ്രഗിരിക്കോട്ടയിലേക്കുള്ള ദൂരം. കാസർകോട് കാഞ്ഞങ്ങാട് കെഎസ്ടിപി തീരദേശപാതയിൽ മേൽപറമ്പിൽ നിന്ന് അര കിലോമീറ്റർ അകലെയാണ് കോട്ട സ്ഥിതി ചെയ്യുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR