Enter your Email Address to subscribe to our newsletters

Kozhikode , 11 സെപ്റ്റംബര് (H.S.)
മൾട്ടിപ്ലക്സുകളിലും സിനിമ തിയറ്ററുകളിലും ലീഗൽ മെട്രോളജി വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ മിന്നൽ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. ഭക്ഷ്യവസ്തുക്കൾക്ക് അമിതവില ഈടാക്കുന്നതായും കൃത്യമായ അളവിൽ സാധനങ്ങൾ നൽകുന്നില്ല എന്നതിലും നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഇതുവരെ നടത്തിയ 35 പരിശോധനകളിൽ വൻ തോതിലുള്ള അളവുതൂക്ക ലംഘനങ്ങളാണ് കണ്ടെത്തിയത്.
പോപ്കോൺ, ശീതളപാനീയങ്ങൾ എന്നിവയുടെ വിൽപനയിലാണ് പ്രധാനമായും കുറവ് കണ്ടെത്തിയത്. 75 ഗ്രാം ലഭിക്കേണ്ട പോപ്കോൺ പാക്കറ്റുകളിൽ 25 ഗ്രാം വരെ കുറവുണ്ടായിരുന്നതായി പരിശോധനയിൽ തെളിഞ്ഞു. അതുപോലെ 450 മില്ലിലിറ്റർ ശീതളപാനീയത്തിൽ 35 മില്ലിലിറ്റർ വരെ കുറവു വരുത്തിയാണ് ഉപഭോക്താക്കൾക്ക് നൽകിയിരുന്നത്. അളവിൽ കുറവ് വരുത്തി വിൽപന നടത്തിയതിന് ലീഗൽ മെട്രോളജി ആക്ട് 2009, സെക്ഷൻ 30 പ്രകാരം നാല് കേസുകൾ രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിച്ചുവരുന്നു.
ഭക്ഷ്യവസ്തുക്കൾ അളന്നു നൽകാൻ ഉപയോഗിക്കുന്ന ത്രാസുകൾ സമയബന്ധിതമായി പരിശോധന നടത്തി കൃത്യത ഉറപ്പുവരുത്തി സാക്ഷ്യപ്പെടുത്തണമെന്ന് നിയമമുണ്ട്. എന്നാൽ ഈ ചട്ടം പാലിക്കാതെ ഉപകരണം ഉപയോഗിച്ച മൂന്ന് തിയറ്ററുകൾക്കെതിരെ ലീഗൽ മെട്രോളജി ആക്ട് സെക്ഷൻ 24, സെക്ഷൻ 33 എന്നിവ പ്രകാരം കേസെടുത്തു.
പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂൾസ് 6(1) പ്രകാരം ഉത്പന്നങ്ങളിൽ ഉണ്ടായിരിക്കേണ്ട നിർദിഷ്ട വിവരങ്ങളും പ്രഖ്യാപനങ്ങളും രേഖപ്പെടുത്താതെ വിൽപന നടത്തിയ ഒരു സ്ഥാപനത്തിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, കൃത്യമായ അളവ് രേഖപ്പെടുത്താതെ 'ലാർജ്', 'മീഡിയം', 'സ്മാൾ' എന്നിങ്ങനെ നോൺ സ്റ്റാൻഡേർഡ് രീതിയിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് വിൽപന നടത്തുന്ന പ്രവണതയ്ക്കെതിരെ സെക്ഷൻ 34 പ്രകാരം ഏഴ് കേസുകളും ചുമത്തിയിട്ടുണ്ട്.
ഇതുവരെ നടന്ന 35 പരിശോധനകളിൽ നിന്നായി 15 നിയമലംഘനങ്ങൾ കണ്ടെത്തുകയും 62,000/- രൂപ പിഴയായി ഈടാക്കുകയും ചെയ്തു. പല കേസുകളിലും തുടർനടപടികൾ പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് ലീഗൽ മെട്രോളജി കൺട്രോളർ രാജേഷ് സാം ഇടിവി ഭാരതിനോട് പറഞ്ഞു. ഉപഭോക്താക്കളെ വഞ്ചിക്കുന്ന തരത്തിൽ ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജനകീയ പരാതികൾ വ്യാപകമായതിനെ തുടർന്നാണ് ലീഗൽ മെട്രോളജി വകുപ്പ് സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധന ആരംഭിച്ചത്.
റെഡി ടു സർവ് കാറ്റഗറിയിൽ വരുന്നതിനാൽ വിലയുടെ കാര്യത്തിൽ ലീഗൽ മെട്രോളജി വകുപ്പിന് ഇടപെടാനാവില്ല. പാക്കേജ് പ്രോഡക്ടിൽ നിശ്ചിത എംആർപിയുള്ള ഉത്പന്നമാണെങ്കിൽ മാത്രമേ ഇടപെടാനാവൂ. അതു മുതലെടുത്താണ് പലതും വിളമ്പാൻ തയാറാക്കി കൊള്ള ലാഭം കൊയ്യുന്നത്. തിയറ്ററുകളിൽ ടിക്കറ്റു നിരക്കിനെക്കാൾ കൂടുതലാണ് പോപ്കോൺ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വില. സാധാരണ തിയറ്റർ മാത്രമാണെങ്കിൽ 50 രൂപമുതൽ പാനീയവും 60 രൂപമുതൽ പോപ്കോണും ലഭിക്കും. മാളിലെ തിയറ്ററുകളിൽ പലയിടത്തും 240 രൂപ മുതലാണ് പോപ്കോൺ വില. അത് അളവിനും രുചി ഭേദത്തിനും അനുസരിച്ച് 400 രൂപ വരെയുണ്ട് വില. ഒരു സുലൈമാനിക്കുണ്ട് 100 രൂപ എന്നതാണ് ഉദ്യോഗസ്ഥരെ ഞെട്ടിച്ചത്.
ചില തിയറ്ററുകളിലേക്ക് കുടിവെള്ളം പോലും കൊണ്ടുപോകാൻ പറ്റില്ല. ചുരുക്കിപ്പറഞ്ഞാൽ സിനിമ കാണാൻ 200 രൂപ മതിയെങ്കിലും ഒരു കട്ടനും പോപ്കോണും കഴിക്കണമെങ്കിൽ 350 രൂപ ചെലവാകും. ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾതന്നെ ഭക്ഷണവസ്തുക്കളും പാനീയങ്ങളുമെല്ലാം ഓർഡർ ചെയ്യാൻപറ്റും. അവധിദിവസത്തിനും സീസണുമൊക്കെ അനുസരിച്ച് വില മാറും. വെള്ളിമുതൽ ഞായർ വരെ 20 രൂപ കൂട്ടിയാണ് വിൽപന.
ലീഗൽ മെട്രോളജിക്ക് പുറമേ സിവിൽസപ്ലൈസും ഭക്ഷ്യസുരക്ഷാവകുപ്പും തിയറ്ററുകളിലെ കഫേകളിൽ പരിശോധന നടത്തി. പലതരത്തിലുള്ള വീഴ്ചകൾ കണ്ടെത്തിയതിൻ്റെ പേരിൽ ഭക്ഷ്യസുരക്ഷാവകുപ്പ് നോട്ടിസ് നൽകിയിട്ടുണ്ട്. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാനും സിനിമ കാണാനെത്തുന്നവർക്ക് സൗജന്യമായി കുടിവെള്ളം നൽകാനും സിവിൽ സപ്ലൈസ് അധികൃതർ നിർദേശം നൽകി. ഈ ക്രമക്കേടുകൾക്കെല്ലാം പരിഹാരം കണ്ടെത്തേണ്ട ചുമതല തദ്ദേശസ്ഥാപനങ്ങൾക്കാണ്. മുനിസിപ്പാലിറ്റി കോർപറേഷൻ അധികൃതരുടെ അടിയന്തര ഇടപെടൽ വിഷയത്തിൽ ഉണ്ടായിട്ടില്ലെങ്കിൽ ക്രമക്കേടുകൾ നിർബാധം തുടരുമെന്നതിൽ ഒരു സംശയവുമില്ല.
വിശദ പരിശോധന നടത്തണം : മനുഷ്യാവകാശ കമ്മിഷൻ
മൾട്ടിപ്ലസ് തിയറ്ററുകളിൽ ശുദ്ധജലം സൗജന്യമായി നൽകാത്ത സാഹചര്യത്തിൽ, തിയറ്ററിലുള്ള കഫേകളിൽ നിന്നും ഭക്ഷണപാനീയങ്ങൾ വാങ്ങാൻ സാമ്പത്തികമായി പ്രാപ്തിയില്ലാത്ത സാധാരണ പ്രേക്ഷകർക്ക് കുടിവെള്ളവും ആരോഗ്യപരമായ അത്യാവശ്യങ്ങൾക്കുള്ള ലഘുഭക്ഷണവും പുറത്തു നിന്നും കൊണ്ടുവരുന്നത് തടയുന്ന തിയറ്റർ അധികൃതരുടെ നടപടിയെ കുറിച്ച് നിയമവ്യവസ്ഥകൾക്ക് വിധേയമായി വിശദപരിശോധന നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.
വിഷയത്തിലുള്ള മനുഷ്യാവകാശ പ്രശ്നങ്ങൾ മുൻനിർത്തി വിലക്കുകൾ നിയമപ്രകാരം നിലനിൽക്കുന്നതല്ലെങ്കിൽ അവ അവസാനിപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നിർദേശം നൽകി. ബന്ധപ്പെട്ട തിയറ്ററുകൾക്കെതിരെ നിയമാനുസൃതം നടപടികൾ സ്വീകരിക്കുന്നതിന് ഭക്ഷ്യസുരക്ഷാ കമ്മിഷണർക്കും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്കും കമ്മിഷൻ നിർദേശം നൽകി. ഭക്ഷ്യസുരക്ഷാ കമ്മിഷണറും പ്രിൻസിപ്പൽ ഡയറക്ടറും സ്വീകരിച്ച നടപടികൾ മൂന്നാഴ്ചക്കുള്ളിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR