യു ഡി എഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എം എം മണി
Idukki , 11 സെപ്റ്റംബര് (H.S.) സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി മുൻ വൈദ്യുതി മന്ത്രി എം.എം. മണി. നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണം സർക്കാരിൻ്റെ ദീർഘവീക്ഷണമില്ലായ്മയാണെന്ന് അദ്ദേഹം ആരോപിച്ചു. വൈദ്യുത
M M Mani


Idukki , 11 സെപ്റ്റംബര് (H.S.)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി മുൻ വൈദ്യുതി മന്ത്രി എം.എം. മണി. നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണം സർക്കാരിൻ്റെ ദീർഘവീക്ഷണമില്ലായ്മയാണെന്ന് അദ്ദേഹം ആരോപിച്ചു.

വൈദ്യുതി മേഖലയിൽ ഭാവിയിലെ ആവശ്യകത കണക്കിലെടുത്ത് ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതാണ് പ്രതിസന്ധിക്ക് വഴിവെച്ചതെന്നും എം.എം. മണി പറഞ്ഞു. ചെറുതോണിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃത്രിമ വൈദ്യുതി ക്ഷാമം സൃഷ്ടിക്കുന്നു

സംസ്ഥാനത്ത് കൃത്രിമമായി വൈദ്യുതി ക്ഷാമം സൃഷ്ടിച്ച് പുതിയ വൈദ്യുതി കരാറിൻ്റെ പേരിൽ കമ്മീഷൻ അടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ഗുരുതര ആരോപണവും എം.എം. മണി ഉന്നയിച്ചു. ആവശ്യമായ വൈദ്യുതി പുറത്തുനിന്ന് വാങ്ങാൻ ഇപ്പോഴും അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രതിസന്ധി പരിഹരിക്കുന്നതിനായി വേണ്ട നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയാണെന്നാണ് അദ്ദേഹത്തിൻ്റെ വിമർശനം.

വൈദ്യുതി ലഭ്യത സംബന്ധിച്ച് നിലവിൽ പ്രതിസന്ധിയുണ്ടെങ്കിലും ആവശ്യമായ വൈദ്യുതി വാങ്ങാൻ കഴിയുന്ന സാഹചര്യം നിലനിൽക്കുന്നുണ്ടെന്ന് മുൻ മന്ത്രി വ്യക്തമാക്കി. ദീർഘകാലാടിസ്ഥാനത്തിൽ വൈദ്യുതി ആവശ്യകത വർധിക്കുമെന്ന് കണക്കിലെടുത്ത് നേരത്തെ തന്നെ പദ്ധതികൾ തയ്യാറാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങളുട പ്രശ്നങ്ങൾ പരിഹരിക്കാനാകില്ലെങ്കിൽ രാജിവെക്കണം

ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന് കഴിയുന്നില്ലെങ്കിൽ അധികാരത്തിൽ തുടരുന്നതിൽ അർഥമില്ലെന്നും എം.എം. മണി പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാർ രാജിവെച്ച് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിലവിലെ ഭരണസംവിധാനത്തിൽ ജനങ്ങൾക്ക് വിശ്വാസമില്ലാത്ത സാഹചര്യമാണെങ്കിൽ ഭരണം ഗവർണറെ ഏൽപ്പിച്ച് തെരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടതെന്നും എം.എം. മണി അഭിപ്രായപ്പെട്ടു. വൈദ്യുതി മേഖലയിലെ ഇപ്പോഴത്തെ പ്രതിസന്ധി താൽക്കാലികമായി മാത്രം കാണാതെ ദീർഘകാല ആവശ്യങ്ങൾ മുൻനിർത്തി പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിൽ നിലവിൽ കടുത്ത വൈദ്യുതി പ്രതിസന്ധിയാണ് നേരിടുന്നത്. അമിതമായ ചൂടും മഴക്കുറവും കാരണം സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം വൻതോതിൽ വർദ്ധിച്ചിരിക്കുകയാണ്. കേന്ദ്ര വിഹിതത്തിൽ ഉണ്ടായ കുറവും, നാഷണൽ പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതക്കുറവും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. ഇതിനെത്തുടർന്ന് വൈകുന്നേരങ്ങളിലെ പീക്ക് അവറുകളിൽ (പ്രത്യേകിച്ച് വൈകിട്ട് 6:30 മുതൽ രാത്രി 12 മണി വരെ) പലയിടങ്ങളിലും 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ ഭാഗികമായ പവർകട്ട് ഏർപ്പെടുത്താൻ കെ.എസ്.ഇ.ബി നിർബന്ധിതരായിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാനും ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് കുറയ്ക്കാനും കെ.എസ്.ഇ.ബി പുതിയ നടപടികൾ സ്വീകരിക്കുന്നുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പവർകട്ടുകളെയും അറ്റകുറ്റപ്പണികളെയും കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താക്കളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലേക്ക് എസ്.എം.എസ് വഴി നേരിട്ട് അറിയിക്കുന്ന സംവിധാനം ഇപ്പോൾ നിലവിൽ വന്നിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News