Enter your Email Address to subscribe to our newsletters

Kozhikode , 11 സെപ്റ്റംബര് (H.S.)
പ്രകൃതി ചതിച്ചാലുംപാരമ്പര്യമായി ചെയ്ത് വരുന്ന നെൽകൃഷിയെ കൈവിടില്ലെന്ന സന്ദേശമാണ് മാവൂർ പാടത്തെ കർഷകനായ മരക്കാർ ബാവ കാർഷിക കേരളത്തിന് നൽകുന്നത്. ആഴ്ചകളായി ഒരു തുള്ളി മഴ പോലും പെയ്യാതെ വയലെല്ലാം വറ്റിവരണ്ട് വിണ്ടു കീറിയിട്ടും മോട്ടോർ വച്ച് വെള്ളമടിച്ച് വയലിനെ പരുവപ്പെടുത്തിയെടുത്താണ് ഇത്തവണ ബാവ നെൽകൃഷി ഇറക്കുന്നത്.
മാവൂർ പാടത്തെ മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്താണ് നെൽകൃഷി ഇറക്കിയത്. ഓരോ വർഷവും പുത്തൻ പരീക്ഷണങ്ങളുമായാണ് മരക്കാർ ബാവ കൃഷിയിടത്തിലേക്ക് ഇറങ്ങാറുള്ളത്. ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. എന്നാൽ മഴ പെയ്യേണ്ട സമയത്ത് മഴയില്ലാതെ പ്രകൃതി ചതിച്ചെങ്കിലും പുതിയ നെല്ലിനങ്ങൾ തന്നെയാണ് മാവൂർ പാടത്ത് ഇറക്കുന്നത്. ബിരിയാണി കയമയും ബസുമതിയും ഐആർഎട്ട് പച്ചരിയുമാണ് മരക്കാർ ബാവയുടെ പാടത്തെ പുതിയ ഇനങ്ങൾ.
ഇതിന് പുറമെ പൗർണമിയും മട്ടത്രിവേണിയും കൃഷി ഇറക്കുന്നുണ്ട്. മാവൂർ പാടത്ത് കൃഷി ചെയ്യുന്ന നെല്ലിനങ്ങൾക്കെല്ലാം 120 ദിവസത്തെ മൂപ്പാണ് വിളവെടുപ്പിന് വേണ്ടത്. ട്രാക്റ്റർ ഇറക്കി വയലിനെ പരുവപ്പെടുത്തി എടുക്കുന്നതിൽ പോലും ഇത്തവണ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ദിവസങ്ങളോളം മോട്ടോർ വച്ച് വെള്ളം അടിച്ച് വയലിൽ ചെളി ആക്കിയ ശേഷമാണ് ട്രാക്റ്റർ ഇറക്കാൻ സാധിച്ചത്. പ്രകൃതിയുടെ കടുത്ത പരീക്ഷണങ്ങളെ നേരിട്ട് വിളവ് കൊയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് ഇത്തവണ മരക്കാർ ബാവക്കുള്ളത്.
നെൽ കൃഷിയിൽ ഈ പ്രവാശ്യം വ്യത്യസ്തമായ ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വളെര ഏറം പ്രയാസപ്പട്ട രീതിയിലാണ് ഇത്തവണ വരൾച്ച വന്നത്. വയലുകൾ എല്ലാം വരണ്ട് കീറി. മോട്ടർ ഉപയോഗിച്ച് വെളളളം നിറച്ചാണ് കൃഷി ഇറക്കുന്നത്. ഇങ്ങനെ പോകുവാണെങ്കിൽ കൃഷി വിജയിപ്പിച്ചെടുക്കാൻ പറ്റുമോ എന്ന ആശങ്കയിലാണ്. എന്നാൽ ഭയപ്പെട്ട് നിന്നാൽ അന്നം അന്യമായി പോകും എന്ന ചിന്തയിലാണ് മുന്നോട്ട് പോകാമെന്ന് തീരുമാനിച്ചതെന്ന് മരക്കാർ ബാവ പറഞ്ഞു.
മറ്റ് കർഷകരെല്ലാം കടുത്ത വെയിലിൽ കൃഷിയിറക്കാതെ മാറി നിന്നപ്പോൾ മരക്കാർ ബാവ അതൊന്നും കാര്യമാക്കാതെ കൃഷിയിലേക്ക് ഇറങ്ങുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നും വയനാട്ടിൽ നിന്നുമാണ് കൃഷിക്ക് ആവശ്യമായ വ്യത്യസ്തയിനം വിത്തുകൾ എത്തിച്ചത്.
മാവൂർ കൃഷിഭവൻ്റെ മാർഗനിർദേശത്തിലാണ് നെൽകൃഷി ചെയ്യുന്നത്. നെൽകൃഷിക്ക് വേണ്ടി നേരത്തെ വിതച്ച വിത്ത് മുളച്ച് ഞാറു നടീലിന് പാകമായതോടെ ഞാറനടീൽ ഉത്സവമായാണ് മാവൂർ പാടത്ത് കൃഷിയിറക്കിയത്.
കോഴിക്കോട് പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫിസർ അജയ് അലക്സും മറ്റ് കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കർഷകരും മാവൂർ പാടത്തെ മരക്കാർ ബാവയുടെ ഞാറു നടിയിൽ ഉത്സവത്തിൽ എത്തിച്ചേർന്നു. എത്ര വെല്ലുവിളികൾ ഉണ്ടെങ്കിലും കൃഷിയോടുള്ള അടങ്ങാത്ത അഭിനിവേശം ഉണ്ടെങ്കിൽ ഏതു കൃഷിയെയും വിജയിപ്പിച്ചെടുക്കാൻ സാധിക്കും എന്നാണ് മരക്കാർ ബാവ നൽകുന്ന സന്ദേശം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR