Enter your Email Address to subscribe to our newsletters

Ernakulam , 11 സെപ്റ്റംബര് (H.S.)
ചെക്ക് കേസിൽ തടവ് ശിക്ഷ ലഭിച്ച മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. പരാതിക്കാരനായ ദിനേശ് മേനോൻ ആണ് ഹർജി നൽകിയത്. കണ്ണൂര് വിമാനത്താവളത്തില് ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് ദിനേശ് മേനോൻ്റെ പരാതി. സെപ്റ്റംബർ ഒന്ന് മുതൽ മാണി സി കാപ്പൻ അയോഗ്യൻ എന്നാണ് ഹർജിയിലെ വാദം .സ്പീക്കർക്ക് കത്ത് നൽകിയിട്ടും നടപടിയെടുത്തില്ലെന്നും നടപടി നീട്ടിക്കൊണ്ട് പോകാൻ സ്പീക്കർ ശ്രമിക്കുന്നുവെന്നുമാണ് ഹർജിക്കാരൻ്റെ ആക്ഷേപം .
ഹർജി തീർപ്പാക്കുന്നത് വരെ എംഎൽഎ എന്ന നിലയിലുള്ള ആനുകൂല്യങ്ങൾ തടയണമെന്നും പാലാ നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നാല് ചെക്ക് കേസുകളിലുമായി മൂന്നര വർഷമം തടവും 5.30 കോടി രൂപ പിഴയുമാണ് മുംബൈയിലെ ബോറിവാലി അഡീഷണൽ മെട്രോ പോളിറ്റൻ മജിസ്ട്രേറ്റ് കോടതി മാണി സി കാപ്പന് ശിക്ഷ വിധിച്ചത് . ശിക്ഷ ഒരുമിച്ചനുഭവിക്കണമെന്ന് കോടതി ഉത്തരവിൽ പറയുന്നില്ല.
പ്രത്യേക തടവ് ശിക്ഷയാണ് വിധിച്ചതെന്ന് ഹർജിക്കാരൻ പറയുന്നു . ജനപ്രാതിനിത്യ നിയമ പ്രകാരം രണ്ട് വർഷമോ അതിൽ കൂടുതലോ തടവുശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഏതൊരു ജനപ്രതിനിധിയും ഉടനടി അയോഗ്യനാക്കപ്പെടും. കൂടാതെ സുപ്രീം കോടതിയുടെ ചരിത്രപ്രസിദ്ധമായ 'ലിലി തോമസ് കേസ്' വിധി പ്രകാരം ഈ അയോഗ്യത വിധി വരുന്ന ദിവസം മുതൽ ഉടനടി നിലവിൽ വരുമെന്നും ഹർജിയിൽ വാദമുയർത്തി.
കുറച്ച് ദിവസങ്ങൾക്ക് മുന്പ് കാപ്പനെതിരെയുള്ള ജാമ്യമില്ലാ വാറണ്ട് മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതി പിൻവലിക്കുകയും കേസിൽ ശിക്ഷ വിധിച്ചതിനൊപ്പം പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ടും ഒഴിവാക്കുകയും ചെയ്തതിന് പിന്നാലെയാണ് പരാതിക്കാരന് ഹർജിയുമായി രംഗത്തെത്തിയത്.
നേരത്തെ കേസിൽ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു ബോറിവലി മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. എന്നാൽ കാപ്പൻ നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ നൽകിയതിനെത്തുടർന്നാണ് വാറണ്ട് പിൻവലിക്കാൻ കോടതി തീരുമാനിച്ചത്. അതേസമയം തനിക്കെതിരായ ശിക്ഷാ വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് മാണി സി കാപ്പൻ വ്യക്തമാക്കിയിരുന്നു. കേസിന് പിന്നില് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെന്നും മാണി സി കാപ്പന് ആരോപിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR