വിളവൂർക്കലിനെ നടുക്കിയ കൊലപാതകത്തിൻ്റെ ചുരുളഴിയുന്നു
Thiruvananthapuram, 11 സെപ്റ്റംബര് (H.S.) വിവാഹ വാർഷിക ദിനത്തിൽ ഭർത്താവിനൊപ്പമുള്ള സന്തോഷത്തിന് പകരം അവൾ തെരഞ്ഞെടുത്തത് സ്വന്തം ചോരയിലുണ്ടായ കുഞ്ഞിൻ്റെ ജീവനെടുക്കാൻ. കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒന്നരവയസ്സുകാരിയുടെ ചേതനയറ്റ ശരീരത്തിന് മുന്നിൽ യാതൊര
MOTHER KILLS BABY GIRL


Thiruvananthapuram, 11 സെപ്റ്റംബര് (H.S.)

വിവാഹ വാർഷിക ദിനത്തിൽ ഭർത്താവിനൊപ്പമുള്ള സന്തോഷത്തിന് പകരം അവൾ തെരഞ്ഞെടുത്തത് സ്വന്തം ചോരയിലുണ്ടായ കുഞ്ഞിൻ്റെ ജീവനെടുക്കാൻ. കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒന്നരവയസ്സുകാരിയുടെ ചേതനയറ്റ ശരീരത്തിന് മുന്നിൽ യാതൊരു ഭാവവ്യത്യാസവുമില്ലാതെ നിന്ന അമ്മ നാടിൻ്റെയാകെ കണ്ണീരായി മാറുകയാണ്. തിരുവനന്തപുരം വിളവൂർക്കലിൽ സ്വന്തം മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയുടെ ക്രൂരതയുടെ നടുക്കത്തിലാണ് കേരളം.

വിളവൂർക്കൽ പൊറ്റയിൽ ആശുപത്രിക്ക് സമീപമുള്ള വീട്ടിൽ വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. അഭിജിത്തിൻ്റെയും ക്രിസ്റ്റിയുടെയും മകൾ അന്നയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഉച്ചഭക്ഷണത്തിന് ശേഷം ക്രിസ്റ്റി കുഞ്ഞുമായി മുറിയിൽ കയറി വാതിലടച്ച് ഉറങ്ങാൻ കിടക്കുകയായിരുന്നു. വൈകിട്ട് മൂന്നരയ്ക്കും നാലരയ്ക്കും ഇടയിലുള്ള സമയത്താണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം.

ഏറെനേരം കഴിഞ്ഞിട്ടും ഇവരെ പുറത്തു കാണാത്തതിനെ തുടർന്ന് വീട്ടിലുണ്ടായിരുന്ന അഭിജിത്തിൻ്റെ കുഞ്ഞമ്മ ജസീന്ത മുറിയുടെ വാതിലിൽ തട്ടിവിളിച്ചു. തുടർന്ന് അമ്മ ക്രിസ്റ്റി കതക് തുറന്നപ്പോഴാണ് രക്തത്തിൽ കുളിച്ച് തറയിൽ അനക്കമില്ലാതെ കിടക്കുന്ന കുഞ്ഞിനെ കണ്ടത്. എന്ത് പറ്റിയെന്ന് മുറിയിൽ കയറിയ ജസീന്ത ചോദിച്ചപ്പോൾ താൻ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് യാതൊരു ഭാവവ്യത്യാസവുമില്ലാതെ ക്രിസ്റ്റി മറുപടി നൽകുകയായിരുന്നു.

ഇതോടെ അബോധാവസ്ഥയിൽ കിടന്ന കുഞ്ഞിനെയുമെടുത്ത് നിലവിളിച്ചുകൊണ്ട് ജസീന്ത പുറത്തേക്ക് ഓടി. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ ആദ്യം വിളവൂർക്കൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. എന്നാൽ വിദഗ്ധ ചികിത്സ നൽകിയെങ്കിലും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടം പരിശോധനകൾക്കായി മോർച്ചറിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് ഫൊറൻസിക് വിഭാഗം എത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കൃത്യം നടത്താൻ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തിട്ടുണ്ടെന്നാണ് സൂചന. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മലയിൻകീഴു പൊലീസ് ബിഎൻഎസ് 103(1) വകുപ്പ് പ്രകാരം കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

ദാമ്പത്യപ്രശ്നങ്ങൾ കൊലപാതകത്തിലേക്ക്ഭർത്താവ് അഭിജിത്തിൻ്റെ സംശയവും ഇതിനെത്തുടർന്നുണ്ടായ ദാമ്പത്യപ്രശ്നങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഭർത്താവുമായുള്ള നിരന്തരമായ പ്രശ്നങ്ങൾ കാരണം കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാനായിരുന്നു തൻ്റെ ശ്രമമെന്ന് ക്രിസ്റ്റി പൊലീസിനോട് സമ്മതിച്ചു. കുടുംബപ്രശ്നങ്ങളെ തുടർന്ന് കുറച്ചുനാളുകളായി സ്വന്തം വീട്ടിലായിരുന്ന ക്രിസ്റ്റി ശ്രീകൃഷ്ണ ജയന്തി ദിനത്തിലാണ് ഭർത്താവിൻ്റെ വീട്ടിൽ തിരിച്ചെത്തിയത്. പാളയം പള്ളിയിൽ വച്ച് വിവാഹിതരായ ഇവർക്ക് മൂന്നു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് കുഞ്ഞുണ്ടായത്. ആ കുഞ്ഞിനെയാണ് നാലാം വിവാഹ വാർഷിക ദിനത്തിൽ തന്നെ അമ്മ ഇല്ലാതാക്കിയത്.

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ക്രിസ്റ്റി ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മാനസികാരോഗ്യം പരിശോധിച്ചുവരികയാണെന്നും അതിന് ശേഷമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു.

പ്രസവാനന്തര വിഷാദരോഗം ഉൾപ്പെടെയുള്ള മാനസിക പ്രശ്നങ്ങൾ പ്രതിക്ക് ഉണ്ടായിരുന്നോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ദമ്പതികൾ തമ്മിൽ പ്രശ്നങ്ങളുള്ളതായി നാട്ടുകാർക്കോ ബന്ധുക്കൾക്കോ കാര്യമായ അറിവില്ലായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ സ്വന്തം കുഞ്ഞിനെ അമ്മ തന്നെ കൊലപ്പെടുത്തിയതിൻ്റെ ഞെട്ടൽ പ്രദേശവാസികൾക്ക് ഇതുവരെ മാറിയിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News