Enter your Email Address to subscribe to our newsletters

Pathanamthitta , 11 സെപ്റ്റംബര് (H.S.)
ലൈഫ് ഭവന പദ്ധതിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി അറസ്റ്റിലായ വില്ലേജ് എക്സ്റ്റന്ഷന് ഓഫിസര് എം.ആര് റാണി ലക്ഷ്മിക്കെതിരെ വീണ്ടും കേസ്. അരുവാപ്പുലം ഗ്രാമപഞ്ചായത്തിൽ 20,64,946 രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് കോന്നി പൊലീസ് കേസെടുത്തത്. ലൈഫ് മിഷൻ, ടോയ്ലെറ്റ് മെയിൻ്റനൻസ് ഫണ്ട് എന്നിവയിലെ തുകകളിൽ തിരിമറി നടത്തിയെന്നാണ് ആരോപണം.
പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തിയ തുകയേക്കാൾ അധികം തുക ഗുണഭോക്താക്കൾക്ക് കൈമാറിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പട്ടികയിൽ ഉൾപ്പെടാത്ത ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കും പദ്ധതി തുക കൈമാറിയെന്നാണ് കണ്ടെത്തൽ. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നേരത്തെ സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലും റാണി ലക്ഷ്മി സമാനമായ രീതിയില് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. സീതത്തോട് പഞ്ചായത്തില് മാത്രം ഭവന നിർമ്മാണം, ശുചിമുറി നവീകരണം എന്നിവയുടെ പേരില് ബന്ധുക്കളെ ഉള്പ്പെടുത്തി 69.68 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടത്തിയത്.
തണ്ണിത്തോട് പഞ്ചായത്തില് 2 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് നല്കിയ പരാതിയിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. നിലവില് കൊട്ടാരക്കര സബ് ജയിലില് റിമാൻഡിലാണ് പ്രതി. പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്തതോടെ തട്ടിപ്പിന് പിന്നില് കൂടുതല് പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതുൾപ്പെടെ കാര്യങ്ങളിൽ വിശദമായി അന്വേഷണം നടക്കുമെന്നാണ് വിവരം.
മൂന്ന് പഞ്ചായത്തുകളില് നിന്നും ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ റാണി ലക്ഷ്മിയെ സര്വീസില് നിന്ന് സസ്പെന്ഡ് ചെയ്തിരുന്നു. സീതത്തോട് പഞ്ചായത്ത് പ്രസിഡൻ്റ്, ജില്ലാ ഇന്റേണല് വിജിലന്സ് ഓഫിസര്, ജില്ലാ ജോയിൻ്റ് ഡയറക്ടര് എന്നിവര് നല്കിയ അന്വേഷണ റിപ്പോര്ട്ടുകളുടെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഇവരെ സസ്പെൻഡ് ചെയ്തത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR