Enter your Email Address to subscribe to our newsletters

Thiruvananthapuram, 11 സെപ്റ്റംബര് (H.S.)
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ്, മുഖ്യമന്ത്രിയുടെ മകൾ ടി. വീണ എന്നിവർക്കെതിരായ അഴിമതി ആരോപണങ്ങളിൽ സംസ്ഥാന പോലീസിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിർണായക റിപ്പോർട്ട് കൈമാറി. സി.എം.ആർ.എൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ കത്തിലാണ് സാമ്പത്തിക ഇടപാടുകളുടെ തെളിവായി ടി. വീണയുടെ വാട്സാപ് സന്ദേശങ്ങളും ബാങ്ക് ഇടപാട് വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത്. റിയാസിന്റെ അനധികൃത സ്വത്ത് സമ്പാദനവും വിദേശത്തേക്കുള്ള പണമിടപാടുകളും വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ടെന്നാണ് അന്വേഷണ ഏജൻസിയുടെ പ്രധാന വാദം.
വാട്സാപ് സന്ദേശങ്ങളും ഡയറിക്കുറിപ്പുകളും തെളിവ്അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത ടി. വീണയുടെ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നുള്ള വാട്സാപ് സന്ദേശങ്ങൾ, ചുവന്ന പുറംചട്ടയുള്ള ഡയറിയിലെ രേഖപ്പെടുത്തലുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ എന്നിവയാണ് ഇ.ഡി കത്തിൽ പ്രധാനമായും പരാമർശിച്ചിരിക്കുന്നത്. വീണയുടെ ഡയറിയിലെ ഏഴ് പേജുകളിൽ പണം കൈമാറിയതിന്റെ കൃത്യമായ വിവരങ്ങളുണ്ടെന്നാണ് റിപ്പോർട്ടിലെ അവകാശവാദം. കേരളത്തിലെ വിവിധ വ്യക്തികൾക്ക് കൈമാറിയ പണത്തിന്റെ വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ടെന്നും, ദുബായിലേക്ക് പണം കടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ സാധൂകരിക്കുന്നതാണ് വാട്സാപ് സന്ദേശങ്ങളെന്നും ഇ.ഡി കത്തിൽ പറയുന്നു.
കൂടാതെ, റിയാസ് മന്ത്രിയായിരുന്ന കാലയളവിൽ 20.5 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നും അതിലൊരു പങ്ക് ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയെന്നുമാണ് ഏജൻസിയുടെ മറ്റൊരു ആരോപണം. ദുബായിൽ ബിസിനസും കമ്പനിയും ആരംഭിക്കുന്നതിനാണ് ഈ തുക വിനിയോഗിച്ചതെന്നും, റിയാസിന്റെ സുഹൃത്തുക്കൾ വഴിയാണ് പണം കടത്തിയതെന്നും ഇ.ഡി ആരോപിക്കുന്നു. ഇതിനുപുറമെ, സി.എം.ആർ.എല്ലിൽ നിന്ന് വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി സേവനങ്ങളൊന്നും നൽകാതെ 3.28 കോടി രൂപ കൈപ്പറ്റിയത് മുൻ മുഖ്യമന്ത്രിക്കുള്ള കൈക്കൂലിയാണെന്ന ഗുരുതരമായ കണ്ടെത്തലും റിപ്പോർട്ടിൽ ആവർത്തിക്കുന്നുണ്ട്.
വിജിലൻസ് അന്വേഷണ സാധ്യതയും സർക്കാർ നീക്കങ്ങളുംഅഴിമതി നിരോധന നിയമപ്രകാരം മുൻ മുഖ്യമന്ത്രിക്കും മുൻ മന്ത്രിക്കുമെതിരെ കേസെടുക്കണമെന്നാണ് ഇ.ഡി പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്ന കണ്ടെത്തലുകൾ അതീവ ഗൗരവത്തോടെയാണ് സർക്കാർ വീക്ഷിക്കുന്നത്. അഴിമതി ആരോപണങ്ങളിൽ നേരിട്ട് കേസെടുക്കണമോ അതോ പ്രാഥമിക വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമോ എന്ന കാര്യത്തിൽ ആഭ്യന്തര വകുപ്പും നിയമ വിദഗ്ധരും പരിശോധന നടത്തിവരികയാണ്. ജനപ്രതിനിധികൾക്കെതിരെ അന്വേഷണത്തിന് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമായതിനാൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ നിയമോപദേശം ലഭിച്ച ശേഷമാകും അന്തിമ തീരുമാനം ഉണ്ടാവുക. ഇ.ഡി നൽകിയ കണ്ടെത്തലുകൾ അടിസ്ഥാന രേഖയായി പരിഗണിച്ച് വിജിലൻസ് തലത്തിലുള്ള തുടർനടപടികളിലേക്ക് കടക്കാനാണ് സർക്കാർ തലത്തിലെ ആലോചന.
രാഷ്ട്രീയ പ്രേരിതമെന്ന് സി.പി.എമ്മും മുഹമ്മദ് റിയാസുംഅതേസമയം, ഇ.ഡിയുടെ നീക്കങ്ങൾ പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സി.പി.എമ്മും മുഹമ്മദ് റിയാസും. പിണറായി വിജയനെ കേസിൽ പ്രതിചേർക്കുന്നതിനായി ടി. വീണയുടെ മേൽ കേന്ദ്ര ഏജൻസി കടുത്ത സമ്മർദ്ദം ചെലുത്തുകയാണെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി. എക്സാലോജിക് ഇടപാടുകൾ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നുവെന്ന് വ്യാജമൊഴി നൽകാൻ ആവശ്യപ്പെട്ട് അറസ്റ്റ് ഭീഷണി മുഴക്കിയതായും അദ്ദേഹം ആരോപിച്ചു. ദുബായ് യാത്രകളെ ഹവാല ഇടപാടുകളുമായി ബന്ധിപ്പിക്കുന്നത് വസ്തുതാവിരുദ്ധമാണെന്നും, ഇത്തരം രാഷ്ട്രീയ വേട്ടയാടലുകളെ നിയമപരമായും രാഷ്ട്രീയമായും ശക്തമായി നേരിടുമെന്നും പാർട്ടി നേതൃത്വവും വ്യക്തമാക്കി. വരും ദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റിനാണ് ഈ സംഭവവികാസങ്ങൾ തിരികൊളുത്തുന്നത്.
---------------
Hindusthan Samachar / Roshith K