Enter your Email Address to subscribe to our newsletters

Thiruvanathapuram, 11 സെപ്റ്റംബര്‍ (H.S.)
ഭീഷണിപ്പെടുത്തി കള്ളമൊഴികള്‍ സൃഷ്ടിച്ച് രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ കേസെടുക്കുന്ന ഇ.ഡിയുടെ പ്രവര്‍ത്തനശൈലിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന് എം.വി. ഗോവിന്ദന്‍. സി.എം.ആര്‍.എല്‍ കേസില്‍ വ്യാപാരിയുടെ മൊഴി രേഖപ്പെടുത്തിയത് മകളെ കേസില്‍ പ്രതിചേര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയാണെന്ന് വ്യാപാരിയായ ഹസ്സന്‍ വാരിസ് വെളിപ്പെടുത്തിയിരിക്കുകയാണ്. സ്വന്തം മകളെ രക്ഷിക്കണമോ അതോ മറ്റാരുടെയെങ്കിലും മകളെ രക്ഷിക്കണമോ എന്ന അന്ത്യശാസനവും നല്‍കിയ കാര്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആയുധ ധാരികളായ സി.ആര്‍.പി.എഫ് അംഗങ്ങളെ ചുറ്റും നിര്‍ത്തി തോക്കിന്‍കുഴലിന് മുന്നില്‍ മൊഴിയെടുക്കുന്ന രീതി കേട്ടുകേള്‍വിപോലുമില്ലാത്തതാണ്. അഭിഭാഷകനുമായി സംസാരിക്കണമെന്ന ആവശ്യംപോലും നിരാകരിച്ചുകൊണ്ടാണ് ഇത്തരമൊരു മൊഴി മുഹമ്മദ് റിയാസിനെതിരെ തയ്യാറാക്കിയിരിക്കുന്നത്.
മാപ്പുസാക്ഷികളെ ഭീഷണിപ്പെടുത്തി സൃഷ്ടിച്ച് കേസെടുക്കുന്ന രീതിയാണ് അരവിന്ദ് കെജെരിവാളിനെതിരെയും സ്വീകരിച്ചത്. ഈ രീതി കേരളത്തിലും അവലംബിക്കുകയാണ്. രമേശ് ചെന്നിത്തലയുള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കളുടെയും മാധ്യമ പ്രവര്‍ത്തകരുടേയും പേരുകളെല്ലാം സി.എം.ആര്‍.എലുമായി ബന്ധപ്പെട്ട ഡയറിയില്‍ ഉണ്ടായിരുന്നു. അവയൊന്നും പരിശോധിക്കാതെ നിയമാനുസൃതം പണം വാങ്ങിയ ആള്‍ക്കെതിരെ കേസെടുക്കുകയെന്ന വിചിത്രമായ രീതിയാണ് കേന്ദ്ര ഏജന്‍സികള്‍ സ്വീകരിച്ചത്.
കേന്ദ്ര ഏജന്‍സി ഇത്തരത്തില്‍ തെറ്റായ നടപടികളിലൂടെ കേസെടുക്കാന്‍ തമിഴ്നാട് സര്‍ക്കാരിനോടും പഞ്ചാബ് സര്‍ക്കാരിനോടും വിവിധ കേസുകളില്‍ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇ.ഡിയുടെ രാഷ്ട്രീയ സ്വഭാവം മനസ്സിലാക്കി അവ തള്ളിക്കളയുന്ന നടപടിയാണ് ഈ സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചത്. കേന്ദ്ര ഏജന്‍സിയെ രാഷ്ട്രീയാവശ്യത്തിന് ഉപയോഗിക്കുന്ന പ്രശ്നം അഖിലേന്ത്യാതലത്തില്‍ ഉന്നയിക്കുന്ന കോണ്‍ഗ്രസ്സിന് ഇക്കാര്യത്തില്‍ എന്തുപറയാനുണ്ടെന്ന് വ്യക്തമാക്കേണ്ടതുണ്ട്.
ഇം.എം.എസ്സിനേയും അഴീക്കോടന്‍ രാഘവനെയുംപോലെയുള്ളവര്‍ക്ക് നേരെപോലും അഴിമതി ആരോപണം ഉന്നയിച്ച ആളുകളാണ് ഇപ്പോള്‍ പിണറായി വിജയനെതിരെ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S