Enter your Email Address to subscribe to our newsletters

Thiruvanathapuram, 11 സെപ്റ്റംബര്‍ (H.S.)
ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍. ഉദ്യോഗസ്ഥരുടെ മാറ്റം സംബന്ധിച്ച് പൊതുഭരണ വകുപ്പ് സമഗ്രമായ ഉത്തരവ് പുറപ്പെടുവിച്ചു. തിരുവനന്തപുരം, വയനാട്, കാസര്‍കോട് ജില്ലകള്‍ക്ക് പുതിയ കളക്ടര്‍മാരെ നിയമിച്ചതിനൊപ്പം സുപ്രധാന വകുപ്പുകളുടെ ഡയറക്ടര്‍മാര്‍, മിഷന്‍ തലവന്മാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ എംഡിമാര്‍ എന്നിവരടക്കം 36 ഐഎഎസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റുകയോ അധിക ചുമതലകള്‍ നല്‍കുകയോ ചെയ്തിരിക്കുന്നത്
കൃഷി വകുപ്പ് ഡയറക്ടറായ ഡോ. ശ്രീറാം വെങ്കിട്ടരാമനെ വനം വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയുമായി നിയമിച്ചു. ആരോഗ്യ അഡീഷനല്‍ സെക്രട്ടറി ഡോ. രേണു രാജിന് നാഷനല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ഇ-ഹെല്‍ത്ത് പ്രോജക്ട് ഡയറക്ടര്‍, സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മാനേജിങ് ഡയറക്ടര്‍ എന്നീ തസ്തികകള്‍ കൂടി നല്‍കി. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍, ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി മാനേജിങ് ഡയറക്ടര്‍ എന്നീ ചുമതലകളില്‍ നിന്ന് ഒഴിവാക്കി.
2026-2027 മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്തെ ഏകോപനം ശക്തമാക്കാന്‍ ശബരിമല എഡിഎം തസ്തിക ഐഎഎസ് കേഡറിലേക്ക് ഉയര്‍ത്തി പ്രത്യേക എക്‌സ്-കേഡര്‍ തസ്തിക സൃഷ്ടിച്ചതാണ് ഉത്തരവിലെ ഏറ്റവും ശ്രദ്ധേയമായ ഭരണപരിഷ്‌കാരം.
തലസ്ഥാന ജില്ലയായ തിരുവനന്തപുരം ഉള്‍പ്പെടെ മൂന്ന് പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ മാറി.
തിരുവനന്തപുരം കളക്ടറായി അഞ്ജു കെ.എസ്: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായിരുന്ന അഞ്ജു കെ.എസ് ഐഎഎസിനെ (2017 ബാച്ച്) പുതിയ തിരുവനന്തപുരം ജില്ലാ കളക്ടറായി നിയമിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ മോണിറ്ററിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ചുമതലയും ഇവര്‍ വഹിക്കും.
അനുകുമാരി ജിഎസ്ടിയിലേക്ക്: നിലവിലെ തിരുവനന്തപുരം കളക്ടര്‍ അനുകുമാരി ഐഎഎസിനെ സംസ്ഥാന ജിഎസ്ടി സ്‌പെഷ്യല്‍ കമ്മീഷണറായി നിയമിച്ചു.
വയനാട് കളക്ടറായി ചെല്‍സാസിനി വി: ഫിഷറീസ് വകുപ്പ് ഡയറക്ടറായിരുന്ന ചെല്‍സാസിനി വി ഐഎഎസിനെയാണ് (2019 ബാച്ച്) ദുരന്തബാധിത പുനരധിവാസം പുരോഗമിക്കുന്ന വയനാടിന്റെ പുതിയ കളക്ടറായി നിയമിച്ചത്.
കാസര്‍കോട് കളക്ടറായി ശ്രീധന്യ സുരേഷ്: ഫുഡ് സേഫ്റ്റി കമ്മീഷണറായി സേവനമനുഷ്ഠിച്ചിരുന്ന ശ്രീധന്യ സുരേഷ് ഐഎഎസിനെ (2019 ബാച്ച്) കാസര്‍കോട് ജില്ലാ കളക്ടറായി മാറ്റി നിയമിച്ചു.
---------------
Hindusthan Samachar / Sreejith S