Enter your Email Address to subscribe to our newsletters

Ladak, 11 സെപ്റ്റംബര്‍ (H.S.)
ലഡാക്കിന്റെ ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കാന്‍ വീണ്ടും സമര ആഹ്വാനവുമായി സാമൂഹ്യ പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക്. എല്ലാവരും പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. രാജ്യത്തിന് വേണ്ടി അതിര്‍ത്തി സംരക്ഷിക്കുകയും ജലവും വായുവും സംരക്ഷിക്കുകയും ചെയ്യുന്നവരാണ് ലഡാക്കുകാര്‍. അവര്‍ക്കായി എല്ലാവരും ലഡാക്കിലെത്തി പിന്തുണയ്ക്കണമെന്ന് വാങ്ചുക്ക് ആവശ്യപ്പെട്ടു.
ലഡാക്കില്‍ വൈകാതെ ജനാധിപത്യ രീതിയില്‍ സര്‍ക്കാര്‍ വരുമെന്ന് പറയുമ്പോഴും ഗവര്‍ണര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണെന്നും ഇത് എന്തിനെന്നുമാണ് വാങ്ചുക്കിന്റെ ചോദ്യം. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് സമര പ്രഖ്യാപനം. ഒരാഴ്ചയ്ക്കകം ആവശ്യങ്ങളില്‍ അനുകൂലമായ നടപടികളെടുത്തില്ലെങ്കില്‍ ഈ മാസം 19 ന് വീണ്ടും സമരം തുടങ്ങുമെന്നാണ് വാങ്ചുക്കിന്റെ മുന്നറിയിപ്പ്.
ലഡാക്കില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലുണ്ടായ സമരത്തെ തുടര്‍ന്ന് ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുത്ത് സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തിരുന്നു. ലഡാക്കിന് കൂടുതല്‍ അധികാരവും ഭരണഘടനാപരമായ സംരക്ഷണവും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങള്‍ക്കിടെ നാല് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെയാണ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26-ന് വാങ്ചുക്കിനെ കസ്റ്റഡിയിലെടുത്തത്. ആറു മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങിയത്.
ഈ വര്‍ഷം മാര്‍ച്ചിന് ശേഷം ജയില്‍ മോചിതനായ വാങ്ചുക്, നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ജൂണ്‍ 28 മുതല്‍ 26 ദിവസം നിരാഹാര സമരം നടത്തി. കഴിഞ്ഞ വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സബ് കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചകളുടെ പുരോഗതിയില്‍ താന്‍ അത്യധികം നിരാശനാണെന്ന് വാങ്ചുക് വെളിപ്പെടുത്തി. ചര്‍ച്ചയില്‍ പുതുതായി ഒന്നുമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി ലെ അപെക്‌സ് ബോഡി സെപ്റ്റംബര്‍ മാസം രക്തസാക്ഷി മാസമായി ആചരിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ 10-ന് കാര്‍ഗിലില്‍ നിന്ന് ലെയിലേക്ക് നടത്താനിരുന്ന പദയാത്ര, ആഭ്യന്തര മന്ത്രാലയം ചര്‍ച്ച വിളിച്ചതിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. നിര്‍ദ്ദിഷ്ട ലഡാക്ക് അസംബ്ലിയുടെ അധികാരങ്ങളും അവകാശങ്ങളും ഉള്‍പ്പെടുത്തിയുള്ള വിശദമായ കരട് സെപ്റ്റംബര്‍ 9-ലെ യോഗത്തില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുമെന്നാണ് എപെക്‌സ് ബോഡി പ്രതീക്ഷിച്ചിരുന്നത്. ഈ വിഷയങ്ങളില്‍ പുരോഗതി ഉണ്ടായാല്‍ മാത്രമേ ചര്‍ച്ച വിജയകരമാണെന്ന് പറയാനാവൂ എന്ന് സോനം വാങ്ചുക്ക് പറഞ്ഞു.
---------------
Hindusthan Samachar / Sreejith S