Enter your Email Address to subscribe to our newsletters

srinagar, 10 സെപ്റ്റംബര് (H.S.)
ശ്രീനഗർ: ദേശീയ ഗാനമായ 'വന്ദേമാതരം' മുഴുവനായി ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന രാഷ്ട്രീയ വിവാദങ്ങളിൽ കോൺഗ്രസ് നിലപാടിൽ നിന്ന് പൂർണ്ണമായും അകലം പാലിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഔദ്യോഗിക സർക്കാർ ചടങ്ങുകളിൽ ദേശീയ ഗാനം ആലപിക്കുന്നത് കേവലം രാഷ്ട്രീയപരമായ തിരഞ്ഞെടുപ്പല്ലെന്നും അത് ഭരണഘടനാപരവും നിയമപരവുമായ ബാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ അനാവശ്യമായി രാഷ്ട്രീയം കലർത്താൻ താൽപ്പര്യമില്ലെന്നും ഒമർ അബ്ദുള്ള മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞദിവസം ശ്രീനഗറിൽ നടന്ന ജമ്മു കശ്മീർ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFJK) ഉദ്ഘാടന വേദിയിൽ വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും അടങ്ങിയ പൂർണ്ണരൂപം ആലപിച്ചിരുന്നു. മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ളയും എഴുന്നേറ്റുനിന്ന് ഇതിനോട് ആദരവ് പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ, സ്വാതന്ത്ര്യസമര സേനാനികളുടെ നിലപാടിനെ മുൻനിർത്തി 1937-ലെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി തീരുമാനപ്രകാരം ആദ്യ രണ്ട് ഖണ്ഡികകൾ മാത്രമേ ആലപിക്കാവൂ എന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് ഇതിനെതിരെ പരസ്യമായി രംഗത്തെത്തി. ഇതോടെ 'ഇന്ത്യ' മുന്നണിയിലെ പ്രധാന ഘടകകക്ഷികളായ നാഷണൽ കോൺഫറൻസും കോൺഗ്രസും തമ്മിൽ പരസ്യമായ ഭിന്നത ഉടലെടുക്കുകയായിരുന്നു.
കോൺഗ്രസ് ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയായാണ് ഒമർ അബ്ദുള്ള ശക്തമായ വിശദീകരണവുമായി രംഗത്തെത്തിയത്. രണ്ട് സംസ്ഥാനങ്ങളിലെ ഗവർണർമാരും ലെഫ്റ്റനന്റ് ഗവർണറും ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസും അടക്കമുള്ള ഭരണഘടനാ പദവിയിലുള്ള പ്രമുഖർ പങ്കെടുത്ത ഔദ്യോഗിക പരിപാടിയായിരുന്നു അതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അത്തരം ഔദ്യോഗിക വേദികളിൽ നിലവിലുള്ള ചട്ടങ്ങളും നിയമപരമായ പ്രോട്ടോക്കോളുകളും പാലിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. ഇതിന്മേൽ എതിർപ്പുള്ളവർ പാർലമെന്റിൽ നിയമനിർമ്മാണ വേളയിലായിരുന്നു അത് തടയേണ്ടിയിരുന്നതെന്നും, ഇതിനകം നിയമം നിലവിലിരിക്കെ അത് പാലിക്കാതിരിക്കാൻ സർക്കാരിന് കഴിയില്ലെന്നും ഒമർ അബ്ദുള്ള പറഞ്ഞു.
കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരികയാണെങ്കിൽ പാർലമെന്റിലൂടെ ഈ നിയമം റദ്ദാക്കാവുന്നതാണ്. അതിൽ നാഷണൽ കോൺഫറൻസിന് ഒരു എതിർപ്പുമുണ്ടാകില്ല. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ എൻ.സി ഒരിക്കലും വന്ദേമാതരത്തിന്റെ പൂർണ്ണരൂപത്തെ ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ല. എന്നാൽ ഭരണത്തിൽ ഇരിക്കുമ്പോൾ നിയമപരമായ ബാധ്യതകൾ നിറവേറ്റിയേ മതിയാകൂ, ഒമർ അബ്ദുള്ള വ്യക്തമാക്കി. പാർട്ടി പ്രത്യയശാസ്ത്രവും ഭരണഘടനാപരമായ പ്രോട്ടോക്കോളുകളും രണ്ടാണെന്നും, ആരെയും വ്യക്തിപരമായി വന്ദേമാതരം ആലപിക്കാൻ നിർബന്ധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമ്മു കശ്മീർ നിയമസഭയിൽ നാഷണൽ കോൺഫറൻസ് സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകുന്ന കോൺഗ്രസുമായി ഈ വിഷയത്തിലുണ്ടായ വിള്ളൽ ദേശീയ രാഷ്ട്രീയത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
---------------
Hindusthan Samachar / Roshith K