Enter your Email Address to subscribe to our newsletters

Thiruvanathapuram, 11 സെപ്റ്റംബര്‍ (H.S.)
എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.
ദേശീയ തലത്തില്‍ ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അറിയച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂര്‍ണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനില്‍ക്കുന്നു. സെന്‍ട്രല്‍ ജനറേറ്റിംഗ് സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ അപ്രതീക്ഷിത കുറവും അനുഭവപ്പെടുന്നുണ്ട്.
കഴിഞ്ഞ ദിവസം (10.09.26) രാത്രി 10:30 ന് രേഖപ്പെടുത്തിയ 5450 മെഗാവാട്ട് അനിയന്ത്രിത ഡിമാന്‍ഡ് സാധാരണ വേനല്‍ കാലങ്ങളില്‍ രേഖപ്പെടുത്തിയ ഡിമാന്ഡിന് തുല്യമാണ്. മുന്‍കാലങ്ങളിലെ സെപ്റ്റംബര്‍ മാസത്തെ ഡിമാന്‍ഡില്‍നിന്നു ഏകദേശം 1100 മെഗാവാട്ട് വരെ കൂടിയിട്ടുണ്ട്.
കൂടാതെ മധ്യപ്രദേശില്‍ നിന്നും കൈമാറ്റകരാര്‍ (SWAP) വഴി കഴിഞ്ഞ ദിവസങ്ങളില്‍ ലഭ്യമായിരുന്നതുമായ 200 മെഗാവാട്ട് വൈദ്യുതി ഇന്ന് (11.9.26) ലഭ്യവുമല്ല. ആയതിനാല്‍ ഇന്ന് 200 മെഗാവാട്ടിന്റെ അധികകുറവുകൂടി നേരിടുന്നുണ്ട്. കൂടാതെ സംസ്ഥാനത്ത് മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന വൈദ്യുതി ഉപഭോഗം മൂലം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 900 മുതല്‍ 1000 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.
പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും, ഗ്രിഡ് ഫ്രീക്വന്‍സി കുറയുന്ന സാ ഹചര്യവും നിലനില്‍ക്കുന്നതിനാല്‍ 11.09.2026-(വെള്ളിയാഴ്ച) ന് സംസ്ഥാനത്ത് വൈകുന്നേരം 6.15 PM മുതല്‍ രാത്രി 12:45 മണി വരെ ഉള്ള സമയങ്ങളില്‍ വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാം
വൈദ്യുത നിയന്ത്രണം തുടരുമെന്നും ഈ പ്രതിസന്ധി സ്വിച്ച് ഇട്ട് നിര്‍ത്താനോ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനോ കഴിയില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കുന്നുണ്ടെന്നും എല്ലാപേരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വൈദ്യുതി നിയന്ത്രണത്തില്‍ ഏകീകൃത സമയക്രമം കൊണ്ടുവരുമെന്നും ഒരാഴ്ച ഒരേ സമയത്ത് പവര്‍കട്ട് നടപ്പാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയത മൊബൈല്‍ഫോണില്‍ പവര്‍കട്ടിന്റെ സമയത്തിന് ഒന്നര മണിക്കൂര്‍ മുമ്പ് തന്നെ എസ്എംഎസ് സന്ദേശം എത്തുന്ന രീതിയിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. 'വിത്ത് യു' എന്ന ആപ്പിലൂടെയാണ് ഇത്തരത്തില്‍ സന്ദേശം അയക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ ആപ്പ് ഉപഭോക്താക്കള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ല.'കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ ആയിരത്തിലധികം മെഗാവാട്ടിന്റെ വൈദ്യുതിയുടെ ആവശ്യമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. കൂടുതലായി നിര്‍മ്മിച്ച കെട്ടിടങ്ങളിലെ ഫാനും എസിയും, ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് എന്നിവ കൂടി വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് രാത്രിയിലാണ്. അതിനാല്‍ പീക്ക് മണിക്കൂറുകള്‍ കൂട്ടാനും ഒന്നിലേറെ തവണ വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുന്നതിനും നിര്‍ബന്ധിതരാകുന്ന സാഹചര്യമാണുള്ളത്.'- അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / Sreejith S