Enter your Email Address to subscribe to our newsletters

Kashmir, 11 സെപ്റ്റംബര്‍ (H.S.)
വന്ദേമാതരം പൂര്‍ണമായി ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നു. വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉയര്‍ത്തിയ നിര്‍ദേശം കശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള തള്ളി. കശ്മീരികളെ ജയിലില്‍ അടയ്ക്കണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് വിഷയത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സിന് ഉപദേശം നല്‍കിയ കോണ്‍ഗ്രസിനോട് ഒമര്‍ അബ്ദുള്ള ചോദിച്ചു.
ശ്രീനഗറില്‍ നടന്ന ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനവേളയില്‍ 'വന്ദേമാതരം' പൂര്‍ണരൂപത്തില്‍ അവതരിപ്പിച്ചതിനെ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നു. ഗാനത്തിന്റെ രണ്ട് വരികള്‍മാത്രം പാടുക എന്ന തങ്ങളുടെ നിലപാട് ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ്, സഖ്യകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിനോടും അതുതന്നെ പിന്തുടരാന്‍ ആവശ്യപ്പെട്ടിരുന്നു.
ഔദ്യോഗിക ചടങ്ങുകളില്‍ 'വന്ദേമാതരം' പൂര്‍ണരൂപത്തില്‍ ആലപിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം രാജ്യത്താകെ നിലവിലുണ്ടെന്നും ഇത് പാലിക്കാത്തപക്ഷം നടപടിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഒമര്‍ അബ്ദുള്ള ചൂണ്ടിക്കാട്ടി.
'ദേശീയ ഗാനവുമായി ബന്ധപ്പെട്ട് ഒരു നിയമം രാജ്യത്ത് നിലവില്‍വന്നിട്ടുണ്ട്. വന്ദേമാതരത്തിന്റെ എല്ലാ വരികളും ആലപിക്കുന്നത് ഈ നിയമത്തില്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു. ഇത് ജമ്മു-കശ്മീരിന് മാത്രമല്ല, രാജ്യത്തുടനീളം ബാധകമാണ്. രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ ചടങ്ങുകള്‍ക്കുള്ള ഔദ്യോഗിക നടപടിക്രമമാണിത്. ഇത് പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ നടപടിയുണ്ടാകും', ഒമര്‍ അബ്ദുള്ള പറഞ്ഞു.
ശ്രീനഗറില്‍ നടന്ന ചലച്ചിത്രോത്സവവേദിയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചതില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
'സ്വാതന്ത്ര്യസമര സേനാനികള്‍ ഇന്ത്യയ്ക്കായി വിഭാവനംചെയ്യുകയും വളര്‍ത്തിയെടുക്കുകയും ചെയ്ത സമന്വയത്തിന്റെയും ബഹുസ്വരതയുടെയും മൂല്യങ്ങളുമായി 'വന്ദേമാതര'ത്തിന്റെ പൂര്‍ണരൂപം യോജിക്കുന്നില്ല. ബഹുമാനത്തോടും വിനയത്തോടും കൂടി, സ്വാതന്ത്ര്യസമര സേനാനികളുടെ ജ്ഞാനത്തെയും തീരുമാനങ്ങളെയും മാനിക്കാനും അവര്‍ അംഗീകരിച്ച ഈ മനോഹരവും ചരിത്രപ്രധാനവുമായ ഗാനത്തിന്റെ ആ പതിപ്പുമാത്രം ആലപിക്കുന്നതില്‍ ഞങ്ങളോടൊപ്പം നില്‍ക്കാനും സഖ്യകക്ഷികളോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു' എന്ന് കെ.സി. വേണുഗോപാല്‍ എക്‌സില്‍ കുറിക്കുകയുണ്ടായി. ശ്രീനഗര്‍ ചലച്ചിത്രോത്സവവേദിയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് സംഘടനാ ജനറല്‍സെക്രട്ടറിയുടെ പ്രതികരണം.
'അപ്പോള്‍, കോണ്‍ഗ്രസ് എന്താണ് ആഗ്രഹിക്കുന്നത്? ഇതിന്റെ പേരില്‍ കാശ്മീരികളെ ജയിലിലടയ്ക്കണമെന്നാണോ?' എന്ന് ഇതിനോട് ഒമര്‍ അബ്ദുള്ള പ്രതികരിച്ചു. ഇതൊരു നിയമപരമായ ബാധ്യതയാണെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള ബാധ്യത നിറവേറ്റേണ്ടിവരുമെന്നും ഒമര്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് ഇത് പാര്‍ലമെന്റില്‍ തടയേണ്ടിയിരുന്നുവെന്നും നിയമം പാസാക്കിക്കഴിഞ്ഞ സ്ഥിതിക്ക് അതൊരു നിയമപരമായ ബാധ്യതയാണെന്നും കശ്മീര്‍ മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, ഒരു പാര്‍ട്ടി എന്ന നിലയില്‍ ഞങ്ങള്‍ ഒരിക്കലും വന്ദേമാതരം സ്വീകരിച്ചിട്ടില്ലെന്നും ഭാവിയിലും അത് ചെയ്യുകയില്ലെന്നും ഒമര്‍ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / Sreejith S