Enter your Email Address to subscribe to our newsletters

Ernakulam , 12 സെപ്റ്റംബര് (H.S.)
നിർമിത ബുദ്ധി (എഐ) ലോകത്തെ തന്നെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ, രാജ്യത്തിൻ്റെ തന്നെ പ്രത്യാശയും അഭിമാനവുമായി മാറുകയാണ് എറണാകുളം സ്വദേശിയായ റൗൾ ജോൺ അജു. കേവലം 16 വയസ് മാത്രം പ്രായമുള്ള ഈ കൗമാരക്കാരൻ ഇന്ന് ഒരു മുൻനിര എഐ സംരംഭകരിലൊരാളാണ്.
'എഐ കിഡ് ഓഫ് ഇന്ത്യ' എന്ന പേരിൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ റൗൾ സ്വന്തമായി എഐ ടൂളുകൾ നിർമിക്കുകയും പ്രമുഖ സ്ഥാപനങ്ങൾക്കായി ക്ലാസുകൾ നയിക്കുകയും ചെയ്യുന്ന ഒരു വിജയകരമായ ടെക് കമ്പനിയുടെ ഉടമ കൂടിയാണ്. ഐഐ കിഡ് എന്ന് അറിയപ്പെടുന്നതിലും ഇന്ത്യയെ പ്രതിനിധീകറിച്ച് അന്താരാഷ്ട്ര വേദികളിൽ പങ്കെടുക്കുന്നതും ഏറെ അഭിമാനകരമാണെന്ന് റൗൾ പറഞ്ഞു.
അഭിലാഷത്തിൽ നിന്ന് ഐടി സംരംഭത്തിലേക്ക്
എട്ടാമത്തെ വയസിലാണ് റൗൾ നിർമിത ബുദ്ധിയെക്കുറിച്ച് പഠിച്ചുതുടങ്ങുന്നത്. വീഡിയോ എഡിറ്റിങ്ങിനോടുള്ള വലിയ താത്പര്യമാണ് റൗളിനെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലേക്ക് എത്തിച്ചത്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വളരെ വേഗത്തിലും എളുപ്പത്തിലും വീഡിയോകൾ തയ്യാറാക്കാൻ സാധിക്കുമെന്ന് അവൻ തിരിച്ചറിഞ്ഞതോടെയാണ് എഐയെ കുറിച്ച് പഠിക്കാൻ തുടങ്ങിയതെന്ന് റൗൾ വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പ്രയോജനപ്പെടുത്തി സ്വയം പഠിച്ച് എഐ ടൂളുകൾ നിർമിക്കാൻ റൗൾ പ്രാപ്തനായി.
ഐക്യരാഷ്ട്ര സഭയും അന്താരാഷ്ട്ര അംഗീകാരങ്ങളും
ഐക്യരാഷ്ട്ര സഭയുടെ (UN) എഐ അവബോധ പ്രചാരണ പരിപാടികളിൽ സജീവ പങ്കാളിയാകാൻ റൗളിന് സാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ നടന്ന 'എ ഐ ഇംപാക്ട് സമ്മിറ്റിൽ' ഇന്ത്യയെ പ്രതിനിധീകരിച്ച് റൗൾ പങ്കെടുത്തു. യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് ഉൾപ്പെടെയുള്ള പ്രമുഖരിൽ നിന്ന് വലിയ പിന്തുണയാണ് ഈ കൊച്ചുമിടുക്കന് ലഭിച്ചത്. ആറ് വയസുള്ള കുട്ടികൾ മുതൽ 84 വയസുള്ള വയോധികർക്ക് വരെ റൗൾ എഐ പരിശീലനം നൽകിയിട്ടുണ്ട്. ബിസിനസ് രംഗത്ത് കൂടുതൽ അറിവ് നേടുന്നതിനായാണ് ഹയർ സെക്കഡറി തലത്തിൽ റൗൾ കോമേഴ്സ് ഗ്രൂപ്പ് തെരഞ്ഞെടുത്തത്. ഇതിനകം തന്നെ നിരവധി വിദേശ സർവ്വകലാശാലകളുടെ എഐ കോഴ്സുകളും റൗൾ വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു.
സ്ഥാപനവും അച്ഛൻ്റെ പങ്കാളിത്തവും: വൈറലായ മാതൃക
റൗളിൻ്റെ 'എഐ റിയലം ടെക്നോളജീസ്' (AI Realm Technologies Pvt. Ltd.) എന്ന കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത് സ്വന്തം അച്ഛൻ്റെ പേരിലാണ്. രണ്ട് ലക്ഷം രൂപ പ്രതിമാസ വേതനം നൽകി അച്ഛനെ തൻ്റെ കമ്പനിയിൽ സ്റ്റാഫായി നിയമിച്ചത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായിരുന്നു. അച്ഛൻ്റെ അനുഭവസമ്പത്തും പ്രവർത്തന പരിചയവും വായനയിലൂടെ മാത്രം നേടിയെടുക്കാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് പരസ്പരം ധാരണയോടെ ഇങ്ങനെയൊരു തീരുമാനം എടുത്തത്. മകൻ്റെ കഠിന പ്രയത്നമാണ് അവൻ്റെ വിജയത്തിന് കാരണമെന്ന് അച്ഛൻ അജു ജോസഫ് വ്യക്തമാക്കി.
എനിക്ക് കമ്പനി ലീഡ് ചെയ്തുള്ള പരിചയമുണ്ട്. അവനെ സംബന്ധി്ചചെടുത്തോളം എന്താണ് ചെയ്യേണ്ടത് എന്ന് അവന് അറിയാം. എൻ്റെ എക്സിപീരയൻസും അവൻ്റെ അറിവും വച്ചാണ് ഞങ്ങൾ കമ്പനി നടത്തി കൊണ്ടുപോവുന്നത്. അവന് ഒരു സ്വപ്നമുണ്ട് അത് സാക്ഷാതികരിച്ച് കൊടുക്കുകയാണ് എൻ്റെ ദൗത്യമെന്നും അച്ഛൻ പറഞ്ഞു.
ഏതൊരു രക്ഷിതാവിനെയും പോലെ മകൻ്റെ വിജയം അഭിമാനം നൽകുന്നു. തൻ്റെ അറിവുകൾ ഒരിക്കലും അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിട്ടില്ല. അടിസ്ഥാന കാര്യങ്ങൾ മാത്രമാണ് അവന് പറഞ്ഞു നൽകിയത്. എല്ലാം അവൻ തന്നെ പഠിച്ചെടുക്കുകയായിരുന്നു. ഒരുമിച്ച് ജോലി ചെയ്യാൻ രണ്ടു പേരും ഒരുമിച്ച് തീരുമാനമെടുക്കുകയായിരുന്നു. അവൻ്റെ അറിവും എൻ്റെ എക്സ്പീരിയൻസും സമന്വയിപ്പിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അദേഹം വ്യക്തമാക്കി. വീട്ടിൽ സാധാരണ മകനായി കഴിയുന്ന റൗൾ ഓഫിസിൽ അച്ഛന് അർഹിക്കുന്ന ആദരവ് നൽകുന്നു. ചില കാര്യങ്ങളിൽ തർക്കങ്ങളുണ്ടാകാറുണ്ടെങ്കിലും, അച്ഛൻ്റെ പിന്തുണയാണ് തൻ്റെ ബലമെന്ന് റൗൾ പറയുന്നു. നിലവിൽ 15-ഓളം ജീവനക്കാരാണ് ഈ കമ്പനിയിൽ ജോലി ചെയ്യുന്നത്. വൻകിട കമ്പനികൾക്ക് ആവശ്യമായ എഐ കൺസൾട്ടേഷനും ക്ലാസുകളും നൽകുന്നതോടൊപ്പം നിരവധി ടൂളുകൾ ഇവർ മാർക്കറ്റ് ചെയ്യുകയും ചെയ്യുന്നു.
ഭാവികാഴ്ചപ്പാടും എഐ നേരിടുന്ന വെല്ലുവിളികളും
എഐ രംഗത്ത് വലിയ അവസരങ്ങൾ ഉള്ളതുപോലെ തന്നെ വെല്ലുവിളികളും നിലനിൽക്കുന്നുണ്ടെന്ന് റൗൾ ചൂണ്ടിക്കാണിക്കുന്നു. എഐ പ്രവർത്തിക്കുന്ന കൂറ്റൻ സെർവറുകൾ പ്രകൃതിക്കും പരിസ്ഥിതിക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. കമ്പ്യൂട്ടറുകൾ വന്നപ്പോൾ തൊഴിൽ നഷ്ടമുണ്ടാകുമെന്ന് കരുതിയെങ്കിലും പുതിയ അവസരങ്ങൾ തുറക്കപ്പെടുകയാണ് ചെയ്തത്. എഐയുടെ കാര്യത്തിലും ഇത് സംഭവിക്കും.
എന്നാൽ സാങ്കേതികവിദ്യ എത്ര വളർന്നാലും മനുഷ്യത്വം മറക്കരുത് എന്നും സ്വന്തം ബുദ്ധിയെ മറന്നുകൊണ്ട് എ ഐയെ അന്ധമായി ആശ്രയിക്കരുതെന്നും റൗൾ ഓർമ്മിപ്പിക്കുന്നു. ഇന്ത്യയിൽ എഐ അധിഷ്ഠിതമായ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്നതാണ് റൗളിൻ്റെ ലക്ഷ്യം. മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് എഐ എഡ്യൂക്കേഷന് ഊന്നൽ നൽകി മുന്നേറുന്ന ഈ കൊച്ചി സ്വദേശി, രാജ്യത്തിൻ്റെ ഡിജിറ്റൽ ഭാവിക്ക് വലിയൊരു പ്രതീക്ഷയാണ് നൽകുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR