ഉത്പാദകന് ഉത്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള നിലവിലെ നിയമസംവിധാനം മൾട്ടിപ്ലക്സ് ഉടമകൾ മുതലെടുക്കുന്ന സാഹചര്യമാണുള്ളതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്
Kozhikode , 12 സെപ്റ്റംബര് (H.S.) ഉത്പാദകന് ഉത്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള നിലവിലെ നിയമസംവിധാനം മൾട്ടിപ്ലക്സ് ഉടമകൾ മുതലെടുക്കുന്ന സാഹചര്യമാണുള്ളതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. സിനിമ തിയറ്ററുകളിലെ അമിതവില നിയന്ത്രിക്കാൻ
Anoop Jacob


Kozhikode , 12 സെപ്റ്റംബര് (H.S.)

ഉത്പാദകന് ഉത്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള നിലവിലെ നിയമസംവിധാനം മൾട്ടിപ്ലക്സ് ഉടമകൾ മുതലെടുക്കുന്ന സാഹചര്യമാണുള്ളതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. സിനിമ തിയറ്ററുകളിലെ അമിതവില നിയന്ത്രിക്കാൻ സർക്കാരിന് എന്തൊക്കെ നിയമപരമായ ഇടപെടലുകൾ നടത്താൻ കഴിയുമെന്നതിനെക്കുറിച്ച് സിവിൽ സപ്ലൈസ് വകുപ്പ് നിയമവകുപ്പിനോട് ഉപദേശം തേടിയെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മൾട്ടിപ്ലക്സുകളിലും തിയറ്ററുകളിലും ലഘുഭക്ഷണങ്ങൾക്കും കുടിവെള്ളത്തിനും അമിതവില ഈടാക്കുന്നതിനെതിരെ ശക്തമായ തുടർനടപടികളുമായി മുന്നോട്ടുപോകും. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വ്യാപക പരിശോധനകളുടെ തുടർച്ചയായി നിരവധി കേസുകൾ രജിസ്റ്റർ ചെയ്യുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. നിശ്ചിത ഇടവേളകളിൽ ഇത്തരം പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. എംആർപി ലംഘനം, അളവിലും തൂക്കത്തിലുമുള്ള കുറവ് എന്നിവക്കെതിരെ കർശന നിലപാട് സ്വീകരിക്കും.

പല മൾട്ടിപ്ലക്സുകളിലും പോപ്കോൺ ഉൾപ്പെടെയുള്ള ലഘുഭക്ഷണങ്ങൾക്ക് 300 മുതൽ 700 രൂപ വരെ ഈടാക്കുന്നതായും, രേഖപ്പെടുത്തിയ ഗ്രാമിന് അനുസരിച്ചുള്ള തൂക്കം പോലും ഉണ്ടാകാറില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ലംഘനങ്ങൾക്കെതിരെ ഉപഭോക്തൃ കോടതികളെ സമീപിക്കുന്നതിനൊപ്പം കൺസ്യൂമർ ഓഫിസർമാർ മുഖേന എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് കേസ് എടുക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. തിയറ്ററുകളിലെ ഈ പകൽകൊള്ളയ്ക്കെതിരെ വർഷങ്ങളായി ജനങ്ങൾ പരാതിപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴാണ് കർശന നടപടികൾ ആരംഭിച്ചിരിക്കുന്നത്.

സൗജന്യ കുടിവെള്ളം ഉറപ്പാക്കും

തിയറ്ററുകളിൽ സൗജന്യ കുടിവെള്ളം ലഭ്യമാക്കണമെന്ന് ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വ്യക്തമായ നിർദേശമുണ്ട്. ഇത് തിയറ്റർ ഉടമകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജില്ല കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കുടിവെള്ളം നൽകാൻ തയാറാകാത്ത തിയറ്ററുകൾക്കെതിരെ കർശനമായ കേസ് ഫയൽ ചെയ്യും.

അതേസമയം, പുറത്തുനിന്നുള്ള ഭക്ഷണം തിയറ്ററുകളിലേക്ക് പ്രവേശിപ്പിക്കുന്നതിൽ തിയറ്റർ ഉടമകളുടെ നയങ്ങൾക്ക് സുപ്രീം കോടതിയുടെ അനുമതിയുണ്ടെന്ന പ്രതിസന്ധിയും നിലനിൽക്കുന്നുണ്ട്. എന്നാൽ, നിയമപരിധിക്കുള്ളിൽ നിന്നുകൊണ്ട് പൊതുജനങ്ങളെ ചൂഷണം ചെയ്യുന്നത് തടയാൻ സാധ്യമായ എല്ലാ വഴികളും സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി അനൂപ് ജേക്കബ് ഉറപ്പുനൽകി.

ഭക്ഷണസാധനങ്ങൾക്ക് കൃത്യമായ അളവ് രേഖപ്പെടുത്താതെ ലാർജ്, മീഡിയം, സ്മാൾ എന്നിങ്ങനെ നോൺ സ്റ്റാൻഡേർഡ് രീതിയിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് വിൽപന നടത്തുന്ന പ്രവണതയ്ക്കെതിരെ ലീഗൽ മെട്രോളജി നിയമത്തിലെ സെക്ഷൻ 34 പ്രകാരമാണ് പ്രധാനമായും കേസുകൾ ചുമത്തിയത്. സംസ്ഥാനത്തുടനീളം ഇതുവരെ നടന്ന 35 പരിശോധനകളിൽ നിന്നായി നിരവധി നിയമലംഘനങ്ങൾ കണ്ടെത്തുകയും 62,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഇതിൽ 28 കേസുകൾ രജിസ്റ്റർ ചെയ്ത് തുടർനടപടികൾ പുരോഗമിക്കുകയാണ്.

വരും ദിവസങ്ങളിലും സംസ്ഥാനത്ത് പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് ലീഗൽ മെട്രോളജി കൺട്രോളർ രാജേഷ് സാം വ്യക്തമാക്കിയിരുന്നു. ഉപഭോക്താക്കളെ വഞ്ചിക്കുന്ന തരത്തിൽ ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ വരും. ജനകീയ പരാതികൾ വ്യാപകമായതിനെ തുടർന്നാണ് ലീഗൽ മെട്രോളജി വകുപ്പ് സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധന ആരംഭിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ സ്ക്വാഡുകളെ നിയോഗിച്ച് പരിശോധനകൾ വിപുലീകരിക്കാനാണ് വകുപ്പിൻ്റെ തീരുമാനം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News