വിവാഹ തലേന്ന് പരീക്ഷ എഴുതാൻ പോകുന്നതിനിടെ അപകടത്തിൽ വധുവിന് ദാരുണാന്ത്യം
Chennai , 12 സെപ്റ്റംബര് (H.S.) വിവാഹം നടക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ പരീക്ഷ എഴുതാൻ പോകുന്നതിനിടെയുണ്ടായ അപകടത്തിൽ വധുവിന് ദാരുണാന്ത്യം. ദിണ്ടിഗൽ ജില്ലയിലെ കമലാപുരത്തിനടുത്തുള്ള സക്കയനായക്കനൂർ സ്വദേശിയായ മാനുവലിൻ്റെ മകൾ മരിയ വെൻസിയ (26) ആണ് മരി
BRIDE DIES IN ROAD ACCIDENT


Chennai , 12 സെപ്റ്റംബര് (H.S.)

വിവാഹം നടക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ പരീക്ഷ എഴുതാൻ പോകുന്നതിനിടെയുണ്ടായ അപകടത്തിൽ വധുവിന് ദാരുണാന്ത്യം. ദിണ്ടിഗൽ ജില്ലയിലെ കമലാപുരത്തിനടുത്തുള്ള സക്കയനായക്കനൂർ സ്വദേശിയായ മാനുവലിൻ്റെ മകൾ മരിയ വെൻസിയ (26) ആണ് മരിച്ചത്. വെള്ളോട് സ്വദേശിയായ ജെബാസ്റ്റിനുമായി (29) നാളെ വെള്ളോട് ക്രിസ്ത്യൻ പള്ളിയിൽ വച്ച് വിവാഹം നടക്കാനിരിക്കെയാണ് അപകടം.

ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിക്കുന്ന ജെബാസ്റ്റിൻ കാശ്മീരിലാണ് ജോലി ചെയ്യുന്നത്. വിവാഹത്തിനായി അവധിയെടുത്താണ് അദ്ദേഹം ദിണ്ടിഗലിൽ എത്തിയത്. നാളെ നടക്കാനിരിക്കുന്ന വിവാഹ ചടങ്ങിനുള്ള ഒരുക്കങ്ങളുടെ തിരക്കിലും വിവാഹത്തിൻ്റെ സന്തോഷത്തിലുമായിരുന്നു ഇരു കുടുംബങ്ങളും. എന്നാൽ കുടുംബങ്ങളെ കാത്തിരുന്നത് വധുവിൻ്റെ മരണ വാർത്തയായിരുന്നു.

മധുരയിൽ വെൻസിയയ്ക്ക് ഇന്ന് ഒരു നഴ്സിങ് പരീക്ഷയുണ്ടായിരുന്നു. ഇതിനായി, പുലർച്ചെ മൂന്ന് മണിക്ക് ജെബാസ്റ്റിൻ അവളോടൊപ്പം തൻ്റെ മോട്ടോർ സൈക്കിളിൽ യാത്ര തിരിച്ചു. വാടിപ്പട്ടിക്ക് അടുത്തുള്ള സനംപട്ടി ജംഗ്ഷന് സമീപം, ദിണ്ഡിഗൽ- മധുര ദേശീയപാതയിലൂടെ ഇരുവരും സഞ്ചരിക്കുന്ന സമയത്താണ് അപകടം ഉണ്ടായത്. എതിർദിശയിൽ കോയമ്പത്തൂരിൽ നിന്ന് മധുരയിലേക്ക് വരികയായിരുന്ന കാറിൻ്റെ മുൻവശത്തെ ടയർ പൊട്ടിത്തെറിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട കാർ ജെബാസ്റ്റിൻ്റെ ഇരുചക്രവാഹനത്തിൽ ഇടിക്കുകയുമായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ജെബാസ്റ്റിനും വെൻസിയയും ദൂരേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ വെൻസിയ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പരിക്കേറ്റ വരൻ ജെബാസ്റ്റിനെ മധുരയിലെ ഗവൺമെൻ്റ് രാജാജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജെബാസ്റ്റിന് അവിടെ ചികിത്സയിലാണ്. വിവാഹത്തിന് തൊട്ടുമുമ്പുള്ള ദിവസം വധുവിൻ്റെ മരണം ഇരു കുടുംബങ്ങളെയും വലിയ ആഘാതത്തിലാഴ്ത്തിയിരിക്കുകയാണ്. അപകടവുമായി ബന്ധപ്പെട്ട് വാടിപ്പട്ടി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

സമാന സംഭവങ്ങൾ

കേരളത്തിലും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആലപ്പുഴ തുമ്പോളി സ്വദേശിനി ആവണി സഞ്ചരിച്ച കാർ പുലർച്ചെ 3 മണിയോടെ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. വിവാഹത്തിനായി മേക്കപ്പ് ചെയ്യാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ആവണിക്ക് നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റു. എന്നാൽ വിവാഹം മാറ്റിവെക്കാതെ, കൊച്ചിയിലെ വിപിഎസ് ലേക്ഷോർ ആശുപത്രിയിലെ എമർജൻസി വാർഡിൽ വെച്ച് നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ വരൻ ഷാരോൺ ആവണിയുടെ കഴുത്തിൽ താലിചാർത്തിയ സംഭവം ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

2026 ജനുവരിയിൽ തിരുവനന്തപുരം ശ്രീകാര്യത്ത് വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വരൻ ബൈക്കപകടത്തിൽ മരിച്ചു. 2023ൽ മലപ്പുറം പെരിന്തൽമണ്ണ പാതായ്ക്കരയിൽ വിവാഹത്തലേന്ന് വധുവായ ഫാത്തിമ ബത്തൂൽ കുഴഞ്ഞുവീണ് മരിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News