Enter your Email Address to subscribe to our newsletters

Newdelhi , 12 സെപ്റ്റംബര് (H.S.)
വളര്ന്ന് വരുന്ന വിപണികളുടെയും വികസ്വര രാജ്യങ്ങളുടെയും സഹകരണത്തിന് ലോകത്തെ ഏറ്റവും സ്വാധീനമുള്ള കൂട്ടായ്മയാണ് ബ്രിക്സെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന് പിങ്. പശ്ചിമേഷ്യയില് സമാധാനം പുനഃസ്ഥാപിക്കാന് ഓരോ അംഗരാജ്യങ്ങളും തങ്ങളുടേതായ പങ്ക് നിര്വഹിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പശ്ചിമേഷ്യയില് സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാന് ബ്രിക്സ് രാജ്യങ്ങള്ക്കൊപ്പം പ്രവര്ത്തിക്കുമെന്ന ഉറപ്പും അദ്ദേഹം നല്കിയതായി സിന്ഹുവ വാര്ത്താ ഏജന്സി റിപ്പോര്ട്ട് ചെയ്തു. പശ്ചിമേഷ്യയിലെ യുദ്ധം വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. എല്ലാ പ്രധാന നേതാക്കളും ഇത് പരിഹരിക്കാന് തങ്ങളാലാകുന്നത് ചെയ്യണം. ചരിത്രത്തിന്റെ ശരിയുടെ ഭാഗത്ത് നില്ക്കണമെന്നും അദ്ദേഹം അംഗരാജ്യങ്ങളോട് അഭ്യര്ത്ഥിച്ചു.
ശീതയുദ്ധ മാനസികാവസ്ഥയെ ബ്രിക്സ് രാജ്യങ്ങള് എതിര്ക്കണം. മറ്റ് രാജ്യങ്ങളുടെ പരമാധികാരം തകര്ക്കുന്ന നടപടിയെയും മറ്റുള്ളവരുടെ ആഭ്യന്തര കാര്യങ്ങളില് ഇടപെടുന്നതിനെയും അപലപിക്കണം. നിര്മ്മിത ബുദ്ധി ഉദ്യമത്തില് സഹകരണം ശക്തമാക്കണമെന്നും അദ്ദേഹം ബ്രിക്സ് രാഷ്ട്രങ്ങളോട് അഭ്യര്ത്ഥിച്ചു. ബ്രിക്സ് രാജ്യങ്ങളില് നിര്മ്മിത ബുദ്ധിയിലൂടെ പുത്തന് വ്യവസായവത്ക്കരണം സാധ്യമാക്കാന് ഇത് അത്യന്താപേക്ഷിതമാണഅ. സൈബറിടങ്ങള്, ബഹിരാകാശം, ആഴക്കടല്, തുടങ്ങിയ മേഖലകളിലെ ആഗോള ഭരണത്തിന് ബ്രിക്സ് രാജ്യങ്ങള് നേതൃത്വം നല്കണം. ഇവിടെയെല്ലാം ആഗോള തെക്കിന്റെ ശബ്ദം മുഴക്കണം.
നൂതന വികസനത്തില് ബ്രിക്സ് രാജ്യങ്ങള് മുന്നിരക്കാരാകണം. ഒപ്പം സമാധാനവും സ്ഥിരതയും സ്ഥാപിക്കുന്നതിലും. സംസ്കാരങ്ങള് തമ്മിലുള്ള പരസ്പര പഠനം ശക്തമാക്കണം. ആഗോള ഭരണം മെച്ചപ്പെടുത്തുന്നതിന് നേതാക്കള് ഊന്നല് നല്കണം. രാജ്യാന്തര ക്രമസമാധാനത്തിനും സംഘം ഊന്നല് നല്കണം. കൂടുതല് നീതിയ്ക്കും തുല്യതയ്ക്കും കൂട്ടായി പ്രവര്ത്തിക്കണം. മാനവികതയുടെ ഭാവിയ്ക്ക് വേണ്ടിയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാനായി പ്രവര്ത്തിക്കണം.
പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയില് പങ്കെടുക്കാനായി കഴിഞ്ഞ ദിവസമാണ് ഷി ഡല്ഹിയിലെത്തിയത്. ഇന്ന് യോഗത്തില് പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് ഭാരത് ഭവനില് സ്വീകരിച്ചത്. പിന്നീട് ഇരുവരും തമ്മില് ചര്ച്ചകളും നടത്തി. അതേസമയം ചര്ച്ചയുടെ വിശദാംശങ്ങള് പുറത്ത് വന്നിട്ടില്ല. ബ്രിക്സിന്റെ അധ്യക്ഷ സ്ഥാനം ചൈന ഏറ്റെടുത്തു. അടുത്ത ഉച്ചകോടി ചൈനയിലാണ് നടക്കുക.
അതേസമയം ഇന്നലെ നടന്ന ബ്രിക്സ് വാണിജ്യ ചര്ച്ചകളിലോ ഇന്ന് നടന്ന ചര്ച്ചകളിലോ ബ്രിക്സ് പൊതു കറന്സി ചര്ച്ചയായില്ലെന്നതും ശ്രദ്ധേയമാണ്. ബ്രിക്സ് ആര്ക്കും എതിരല്ലെന്ന് കൂട്ടായ്മയെ വിമര്ശിക്കുന്ന പാശ്ചാത്യ ശക്തികള്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കുകയുണ്ടായി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR