ഇന്ത്യയെ ആഗോള കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രമാക്കാൻ കൊച്ചിൻ ഷിപ്പ്യാർഡും ഡ്രൈഡോക്സും കൈകോർക്കുന്നു.
Ernakulam , 12 സെപ്റ്റംബര് (H.S.) ഇന്ത്യയെ ആഗോള കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രമാക്കാൻ കൊച്ചിൻ ഷിപ്പ്യാർഡും ഡ്രൈഡോക്സും കൈകോർക്കുന്നു. രാജ്യത്തെ മാരിടൈം മേഖലയ്ക്ക് പുതിയ കരുത്തുപകർന്ന്, കപ്പൽ അറ്റകുറ്റപ്പണി രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന
SHIP REPAIR INDIA


Ernakulam , 12 സെപ്റ്റംബര് (H.S.)

ഇന്ത്യയെ ആഗോള കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രമാക്കാൻ കൊച്ചിൻ ഷിപ്പ്യാർഡും ഡ്രൈഡോക്സും കൈകോർക്കുന്നു. രാജ്യത്തെ മാരിടൈം മേഖലയ്ക്ക് പുതിയ കരുത്തുപകർന്ന്, കപ്പൽ അറ്റകുറ്റപ്പണി രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന ചരിത്രപരമായ കരാറിൽ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡും (സിഎസ്എൽ) യുഎഇ ആസ്ഥാനമായുള്ള ഡിപി വേൾഡിൻ്റെ ഡ്രൈഡോക്സ് വേൾഡും ഒപ്പുവെച്ചു.

ഇന്ത്യയെ പ്രമുഖ ആഗോള കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ 50:50 പങ്കാളിത്തത്തിലാണ് ഈ സംയുക്ത സംരംഭം രൂപീകരിക്കുന്നത്. ന്യൂഡൽഹിയിൽ നടന്ന ഉച്ചകോടിയിൽ കേന്ദ്ര തുറമുഖ-ഷിപ്പിങ്-ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ, യുഎഇ വിദേശകാര്യ സഹമന്ത്രി ഒമ്രാൻ ഷറഫ് അൽഹാഷിമി എന്നിവരുടെ സാന്നിധ്യത്തിലാണ് ഇരു കമ്പനികളും കരാറിൽ ഒപ്പിട്ടത്.

കൊച്ചിൻ ഷിപ്പ്യാർഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോസ് വി ജെ ഡ്രൈഡോക്സ് വേൾഡ് സിഇഒ ക്യാപ്റ്റൻ റാഡോ അൻ്റളോവിക് എന്നിവരാണ് കരാർ രേഖകൾ പരസ്പരം കൈമാറിയത്. മുൻപ് നടന്ന മാരിടൈം സംഗമത്തിലെ ധാരണകളുടെ തുടർച്ചയായാണ് ഈ പദ്ധതി യാഥാർഥ്യമാകുന്നത്. കൊച്ചിയിലെ ഇൻ്റർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റിയുടെ (ഐഎസ്ആർഎഫ്) ശേഷിയും സേവനങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് വിപുലീകരിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

കപ്പൽ അറ്റകുറ്റപ്പണി, വിദഗ്ധ എൻജിനീയറിങ് സേവനങ്ങൾ, ഫാബ്രിക്കേഷൻ, മറ്റ് അനുബന്ധ മാരിടൈം പ്രവർത്തനങ്ങൾ എന്നിവ ഈ കൂട്ടായ്മയിലൂടെ വലിയ തോതിൽ ശക്തിപ്പെടും. സിഎസ്എല്ലിൻ്റെ പ്രാദേശിക അനുഭവ സമ്പത്തും ഡ്രൈഡോക്സ് വേൾഡിൻ്റെ ആഗോള സാങ്കേതിക മികവും ഒന്നിക്കുന്നതോടെ ആഭ്യന്തര, അന്താരാഷ്ട്ര കപ്പലുകൾക്ക് ആവശ്യമായ മികച്ച സേവനം കൊച്ചിയിൽ ലഭ്യമാകും.

പദ്ധതി യാഥാർഥ്യമാകുന്നതോടെ എൻജിനീയറിങ്, ഫാബ്രിക്കേഷൻ മേഖലകളിൽ നിരവധി ഉന്നത സാങ്കേതിക തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. കേരളത്തിൻ്റെ മാരിടൈം മേഖലയ്ക്കും അനുബന്ധ വ്യവസായങ്ങൾക്കും ഇത് വൻ വളർച്ച നൽകും. കൂടുതൽ അന്താരാഷ്ട്ര കപ്പലുകളെ കൊച്ചിയിലെ കേന്ദ്രത്തിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.

ഇരു കമ്പനികളും തുല്യമായ ഇക്വിറ്റി വിഹിതത്തിലൂടെയാണ് സംരംഭത്തിനുള്ള പ്രാരംഭ മൂലധനം സമാഹരിക്കുന്നത്. ഇന്ത്യൻ മാരിടൈം മേഖലയുടെ ഭാവി വികസനത്തിനും കൊച്ചിയെ തെക്കേ ഏഷ്യയിലെ പ്രമുഖ മാരിടൈം ഹബ്ബാക്കി മാറ്റുന്നതിനും ഈ പങ്കാളിത്തം നിർണായക പങ്ക് വഹിക്കുമെന്ന് കരാർ ഒപ്പുവെക്കൽ ചടങ്ങിൽ സംബന്ധിച്ച കേന്ദ്ര-യുഎഇ മന്ത്രിമാർ അഭിപ്രായപ്പെട്ടു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News