Enter your Email Address to subscribe to our newsletters

Ernakulam , 12 സെപ്റ്റംബര് (H.S.)
അത്യാധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്തി യാത്രക്കാർക്ക് വേറിട്ട അനുഭവം സമ്മാനിക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ). ഇതിൻ്റെ ഭാഗമായി യാത്രക്കാരെ സഹായിക്കാനും വിവരങ്ങൾ പങ്കുവയ്ക്കാനുമായി വിമാനത്താവളത്തിൽ ഹൈടെക് റോബോട്ട് സേവനത്തിന് തുടക്കമായി. ഡിജിറ്റൽ യുഗത്തിൽ ഏവിയേഷൻ മേഖലയിലെ സേവനങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് സിയാൽ ഇതിലൂടെ ലക്ഷ്യമിടുന്നത്.
കലാങ്കണത്തിൽ ഇനി റോബോട്ട് വഴികാട്ടും
ഡൊമസ്റ്റിക് ടെർമിനലിലെ സെക്യൂരിറ്റി ഹോൾഡ് ഏരിയയിൽ സജ്ജീകരിച്ചിട്ടുള്ള 'കലാങ്കണം' എന്ന സാംസ്കാരിക മ്യൂസിയത്തിലാണ് ആദ്യഘട്ടമായി റോബോട്ടിനെ നിയോഗിച്ചിരിക്കുന്നത്. നൂതന നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സംവിധാനത്തോട് യാത്രക്കാർക്ക് നേരിട്ട് സംസാരിക്കാനും ആവശ്യമായ സംശയങ്ങൾ ദുരീകരിക്കാനും സാധിക്കും.
ഭാഷാപരമായ തടസ്സങ്ങളില്ലാതെ തത്സമയം കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാൻ ഇതിന് സാധിക്കുമെന്നത് യാത്രക്കാർക്ക് ഏറെ സഹായകരമാണ്. വിമാനങ്ങളുടെ പുറപ്പെടൽ, ആഗമന സമയങ്ങൾ, ബോർഡിങ് ഗേറ്റുകൾ ഏതാണ്, ടെർമിനലിനുള്ളിലെ പ്രധാന സൗകര്യങ്ങൾ എവിടെയെല്ലാം സ്ഥിതിചെയ്യുന്നു തുടങ്ങിയ വിമാനത്താവള സംബന്ധമായ എല്ലാ ചോദ്യങ്ങൾക്കും റോബോട്ട് ഉടൻ ഉത്തരം നൽകും. കൂടാതെ, വിദൂര സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാരെ ടെർമിനലിനുള്ളിലെ നിർദിഷ്ട കേന്ദ്രങ്ങളിലേക്ക് നേരിട്ട് വഴിനടത്തിക്കൊണ്ടുപോകാനും ഇതിന് ശേഷിയുണ്ട്.
സാംസ്കാരിക സ്ഥാനപതിയായി ഹൈടെക് റോബോട്ട്കേരളത്തിൻ്റെ സമ്പന്നമായ കലാപൈതൃകം അന്താരാഷ്ട്ര തലത്തിൽ പ്രചരിപ്പിക്കുന്നതിനുള്ള ഒരു സാംസ്കാരിക സ്ഥാനപതി കൂടിയാണ് ഈ റോബോട്ട്. കലാങ്കണത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള കഥകളി, ഓട്ടൻതുള്ളൽ, വിവിധ തരം വാദ്യോപകരണങ്ങൾ, പരമ്പരാഗത ശിൽപങ്ങൾ എന്നിവയെക്കുറിച്ചുള്ള വിജ്ഞാനപ്രദമായ വിശദീകരണങ്ങൾ ഇത് യാത്രക്കാർക്ക് നൽകും.
ഓരോ കലാരൂപത്തിൻ്റെയും അരികിലേക്ക് യാത്രക്കാരെ കൊണ്ടുപോയി അതിനെക്കുറിച്ച് വിവരിക്കാനും റോബോട്ടിന് സാധിക്കും. മഹാരാഷ്ട്രയിലെ പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സാങ്കേതികവിദ്യാ സ്ഥാപനമായ 'കൈനറ്റിക്സ് റോബോട്ടിക്സ്' ആണ് സിയാലിൻ്റെ ആവശ്യാനുസരണം ഈ അത്യാധുനിക റോബോട്ടിനെ വികസിപ്പിച്ചെടുത്തത്.
കൂടുതൽ റോബോട്ടുകൾ വരുംആദ്യഘട്ടം വിജയകരമായതോടെ റോബോട്ടിക് സേവനം വിമാനത്താവളത്തിലുടനീളം വിപുലീകരിക്കാൻ അധികൃതർ പദ്ധതിയിടുന്നുണ്ട്. രണ്ടാം ഘട്ടത്തിൽ കൂടുതൽ യാത്രക്കാർ എത്തുന്ന ചെക്ക്-ഇൻ ഹാളുകളിൽ പാസഞ്ചർ അസിസ്റ്റൻസ് റോബോട്ടുകളെ എത്തിക്കും.
ഇതിനുപുറമെ, വിശ്രമമുറികളിലും കാത്തിരിപ്പുകേന്ദ്രങ്ങളിലും ഇരിക്കുന്ന യാത്രക്കാർക്ക് ഓർഡർ ചെയ്യുന്ന ആഹാരസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും നേരിട്ടെത്തിച്ചു നൽകുന്ന ഡെലിവറി റോബോട്ടുകൾ അവതരിപ്പിക്കുന്നതിനുള്ള പഠനങ്ങളും സിയാൽ ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക മുന്നേറ്റവും കേരളത്തിൻ്റെ പരമ്പരാഗത സംസ്കാരവും ഒരുപോലെ കൂട്ടിയോജിപ്പിച്ചുള്ള സിയാലിൻ്റെ ഈ പുതിയ ചുവടുവയ്പ്പ് വിമാനത്താവളത്തിൽ എത്തുന്നവർക്ക് തീർത്തും സവിശേഷമായ യാത്രാനുഭവമാണ് നൽകുന്നത്.
പൈലറ്റ് പദ്ധതിയുടെ ഉദ്ഘാടനം സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് നിർവഹിച്ചു. യാത്രക്കാർക്ക് സാങ്കേതികവിദ്യയുടെ മികച്ച അനുഭവമാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ സിയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ സന്തോഷ് പൂവാട്ടിൽ, കമേഴ്സ്യൽ മേധാവി മനോജ് പി. ജോസഫ്, കൈനറ്റിക് റോബോട്ട് പ്രതിനിധി ജിഗ്നേഷ് നായർ എന്നിവരുൾപ്പെടെ പങ്കെടുത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR