ജനവാസമേഖലകളെ ഇഎസ്എ വിജ്ഞാപനത്തിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് വയനാട്ടിൽ പ്രക്ഷോഭത്തിലേക്ക്
Wayanad , 12 സെപ്റ്റംബര് (H.S.) ജനവാസമേഖലകളെ ഇഎസ്എ വിജ്ഞാപനത്തിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് വയനാട്ടിൽ പ്രക്ഷോഭത്തിലേക്ക്. ജില്ലയിലെ 13 വില്ലേജുകളെ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഇഎസ്എ ഏഴാമത് കരട് വിജ്ഞാപനവും ക
FERTILIZER PRICE HIKE


Wayanad , 12 സെപ്റ്റംബര് (H.S.)

ജനവാസമേഖലകളെ ഇഎസ്എ വിജ്ഞാപനത്തിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് വയനാട്ടിൽ പ്രക്ഷോഭത്തിലേക്ക്. ജില്ലയിലെ 13 വില്ലേജുകളെ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഇഎസ്എ ഏഴാമത് കരട് വിജ്ഞാപനവും കർഷകരുടെ ഉറക്കം കെടുത്തുകയാണ്. തിരുനെല്ലി, നൂൽപ്പുഴ, പൊഴുതന, വെള്ളരിമല അടക്കമുള്ള ജനവാസ മേഖലകളെ ഒഴിവാക്കി പരിസ്ഥിതി ലോല മേഖല വനത്തിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

''രാജ്യത്ത് ഓങ്ങോളമിങ്ങോളമുള്ള കർഷകർ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നതാണ് നിലവിലെ രാജ്യത്തിൻ്റെ സ്ഥിതി. തങ്ങളുടെ ജീവിതത്തിൻ്റെ ഒരു ഭാഗമായി കൃഷിയെ കാണുന്ന കർഷകൻ, മണ്ണിൽ പണിയെടുത്ത് കൊണ്ട് പൊന്ന് വിളയിക്കുന്ന കർഷകൻ, ഈ രാജ്യത്തെ 140 കോടി ജനങ്ങൾക്കും ഭക്ഷ്യം ഉത്പാദിപ്പിക്കുന്ന കർഷൻ, അവനെ ഇന്ന് നിലനിൽക്കാൻ കഴിയാത്ത തരത്തിൽ വേട്ടയാടികൊണ്ടിരിക്കുകയാണെന്ന്,'' എന്നും കെപിസിസി ജനറൽ സെക്രട്ടറി കെ എൽ പൗലോസ് പറഞ്ഞു.

രാസവള വില വർധനവിലും പ്രതിഷേധം

സംസ്ഥാനത്ത് രാസവളങ്ങൾക്ക് വൻ വിലവർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും കർഷകർ ആരോപിച്ചു. രാസവള വില കുറയ്ക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം. രാസവളം കുതിച്ചുയർന്നതോടെ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് വയനാട്ടിലെ കർഷകരെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

ഉത്പാദനച്ചെലവ് ഇരട്ടിയായിട്ടും കേന്ദ്ര സർക്കാർ കാഴ്ചക്കാരായി നിൽക്കുന്നുവെന്ന് ആരോപിച്ച് കർഷക കോൺഗ്രസ് നടത്തിയ പോസ്റ്റ് ഓഫീസ് മാർച്ച് കൽപ്പറ്റയിൽ പ്രതിഷേധക്കടലായി മാറി. ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ കെപിസിസി ജനറൽ സെക്രട്ടറി കെ എൽ പൗലോസ് ഉദ്ഘാടനം ചെയ്തു.

കര്ഷക കോണ്ഗ്രസ് ജില്ലാ പ്രസിഡൻ്റ് പി എം ബെന്നി അധ്യക്ഷനായി. സംസ്ഥാന ജനറല് സെക്രട്ടറി എം വി വിന്സൻ്റ്, സെക്രട്ടറി എം എ പൗലോസ്, ജില്ലാ വൈസ് പ്രസിഡൻ്റ് വി ഡി ജോസ്, സെക്രട്ടറി സി ജെ അലക്സ്, ഡിസിസി വൈസ് പ്രസിഡൻ്റ് ഒ വി വിജയൻ, തുടങ്ങിയവർ സംസാരിച്ചു. കൽപ്പറ്റ മുൻസിപ്പൽ പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിലാണ് സമാപിച്ചത്.

മുനിസിപ്പൽ പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിൽ ഇരുനൂറോളം കർഷകരും പ്രവർത്തകരുമാണ് പങ്കെടുത്തത്. കരട് വിജ്ഞാപനത്തിനെതിരെ കൃത്യസമയത്ത് ആക്ഷേപങ്ങൾ ഉന്നയിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയ നേതാക്കൾ, കർഷക വിരുദ്ധ നയങ്ങൾ തിരുത്തിയില്ലെങ്കിൽ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും മുന്നറിയിപ്പ് നൽകി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News