സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.
Ernakulam , 12 സെപ്റ്റംബര് (H.S.) സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ശനിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 14,155 രൂപയിലും പവന് 1,13,240 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ ചാഞ്ചാട്ടങ്ങൾക്ക് ശേഷമാണ് വിപണിയിൽ വ
Gold rate


Ernakulam , 12 സെപ്റ്റംബര് (H.S.)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ശനിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 14,155 രൂപയിലും പവന് 1,13,240 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ ചാഞ്ചാട്ടങ്ങൾക്ക് ശേഷമാണ് വിപണിയിൽ വില സ്ഥിരത കൈവരിച്ചത്.

തുടർച്ചയായ ചാഞ്ചാട്ടം

കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിപണിയിൽ വലിയ ചാഞ്ചാട്ടമാണ് പ്രകടമായത്. വ്യാഴാഴ്ച സ്വർണവില ഗ്രാമിന് 14,255 രൂപയും പവന് 1,14,040 രൂപയുമായിരുന്നു. ബുധനാഴ്ച ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കുറഞ്ഞ് ഗ്രാമിന് 14,145 രൂപയിലും പവന് 1,13,160 രൂപയിലുമാണ് വ്യാപാരം നടന്നത്. ചൊവ്വാഴ്ച ഗ്രാമിന് 110 രൂപ വർധിച്ച് 14,240 രൂപയിലും തിങ്കളാഴ്ച 60 രൂപ കുറഞ്ഞ് 14,130 രൂപയിലുമായിരുന്നു വ്യാപാരം. ഈ ചാഞ്ചാട്ടങ്ങൾ ഉപയോക്താക്കളിലും വ്യാപാരികളിലും ഒരുപോലെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

മറ്റ് നിരക്കുകളും വെള്ളി വിലയും

22 കാരറ്റ് സ്വർണത്തിന് പുറമെ മറ്റ് വിഭാഗങ്ങളിലും ശനിയാഴ്ച വിലയിൽ മാറ്റമില്ല. 18 കാരറ്റ് സ്വർണം ഗ്രാമിന് 11,630 രൂപയിലും പവന് 93,040 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 9,060 രൂപയും പവന് 72,480 രൂപയുമാണ് നിരക്ക്. ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5,840 രൂപയും പവന് 46,720 രൂപയുമാണ് വില. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും പത്ത് ഗ്രാമിന് 2,450 രൂപയുമാണ് നിലവിലെ നിരക്ക്.

വരും ദിവസങ്ങളിലും സ്വർണവിലയിൽ സമാനമായ ചാഞ്ചാട്ടങ്ങൾ തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. സ്വർണാഭരണങ്ങൾ വാങ്ങാൻ ഒരുങ്ങുന്നവർക്ക് നിലവിലെ ബോർഡ് റേറ്റിന് പുറമെ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ വലിയൊരു തുക നൽകേണ്ടി വരും. ഓരോ ജ്വല്ലറികളിലും ആഭരണങ്ങളുടെ ഡിസൈനിന് അനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസമുണ്ടാകും. അതിനാൽ സ്വർണം വാങ്ങുന്നതിന് മുൻപ് വിവിധ ജ്വല്ലറികളിലെ നിരക്കുകൾ താരതമ്യം ചെയ്യുന്നത് ഉപഭോക്താക്കൾക്ക് ഗുണകരമാകും. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ കാണുന്നവർക്കും വിപണിയിലെ ഈ അസ്ഥിരത വെല്ലുവിളിയാണ്.

ഇറക്കുമതി തീരുവയും വിപണിയിലെ പ്രതിസന്ധിയും

സ്വർണ ഇറക്കുമതി തീരുവ വർധന നിലവിൽ വന്നിട്ട് നാല് മാസം പിന്നിടുമ്പോഴും പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം കൈവരിക്കാനായിട്ടില്ലെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) ജനറൽ സെക്രട്ടറി അഡ്വ. എസ് അബ്ദുൽ നാസർ വ്യക്തമാക്കി.

2026 മേയ് 13 മുതലാണ് ഇന്ത്യയിൽ സ്വർണത്തിൻ്റെ ഫലപ്രദമായ ഇറക്കുമതി തീരുവ ആറ് ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയത്. വിദേശനാണയ ചെലവ് കുറയ്ക്കുക, സ്വർണ ഇറക്കുമതി നിയന്ത്രിക്കുക, രൂപയുടെ മൂല്യത്തകർച്ച തടയുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ. തീരുമാനത്തിന് പിന്നാലെ മേയ് മാസത്തിൽ സ്വർണ ഇറക്കുമതി ഏകദേശം 25 മുതൽ 30 ടൺ വരെയായി താഴ്ന്നു.

ഇതിന് മുൻപ് മാസത്തിൽ ഏകദേശം 70 മുതൽ 100 ടൺ വരെ ഇറക്കുമതി നടന്നിരുന്ന സാഹചര്യത്തിൽ അളവിൽ വലിയ കുറവായിരുന്നു ഇത്. ജൂണിൽ ഇറക്കുമതി വീണ്ടും ഏകദേശം 16 മുതൽ 22 ടൺ നിലവാരത്തിലേക്ക് താഴ്ന്നു. എന്നാൽ ജൂലൈയിൽ സ്ഥിതി വീണ്ടും മാറി. ഉത്സവ സീസണിന് മുന്നോടിയായി ഇറക്കുമതി ഏകദേശം 40 മുതൽ 45 ടണ്ണായി ഉയർന്നു.

ഇറക്കുമതിയുടെ മൂല്യം ജൂണിലെ 1.97 ബില്യൺ ഡോളറിൽ നിന്ന് ജൂലൈയിൽ 4.16 ബില്യൺ ഡോളറായി ഇരട്ടിയിലധികം വർധിച്ചു. അതായത്, തീരുവ വർധന ഇറക്കുമതി പൂർണമായി തടഞ്ഞില്ല. ആദ്യഘട്ടത്തിൽ മാറ്റിവച്ച ഇറക്കുമതി പിന്നീട് വീണ്ടും തിരിച്ചുവരുന്ന പ്രവണതയാണ് കാണുന്നത്.

വിദേശനാണയ ചെലവും രൂപയുടെ മൂല്യവും

സ്വർണത്തിൻ്റെ ടൺ കണക്കിലെ ഇറക്കുമതി കുറഞ്ഞിട്ടും ഡോളർ മൂല്യത്തിലുള്ള ചെലവ് അതേ അനുപാതത്തിൽ കുറഞ്ഞില്ല. അന്താരാഷ്ട്ര സ്വർണവില ഉയർന്നതും രൂപയുടെ മൂല്യം ദുർബലമായതും ഉയർന്ന ഇറക്കുമതി തീരുവ ലാൻഡഡ് കോസ്റ്റ് വർധിപ്പിച്ചതുമാണ് ഇതിന് കാരണം. പിന്നീട് വിപണി ആവശ്യകത ഉയർന്നതോടെ ഇറക്കുമതി വീണ്ടും വർധിച്ചു. ഉദാഹരണത്തിന്, മേയ് മാസത്തിൽ ഇറക്കുമതി അളവ് കുറഞ്ഞെങ്കിലും മൂല്യത്തിൽ സ്വർണ ഇറക്കുമതി 3.4 ബില്യൺ ഡോളറിലായിരുന്നു.

ഇത് മുൻവർഷത്തേക്കാൾ ഉയർന്നതുമായിരുന്നു. അതുകൊണ്ട് ഇറക്കുമതി ടൺ കണക്കിൽ കുറയ്ക്കുന്നത് മാത്രം വിദേശനാണയ സംരക്ഷണത്തിന് മതിയായ പരിഹാരമല്ല. ഉയർന്ന സ്വർണവിലയും ദുർബലമായ രൂപയും കാരണം ഓരോ ടൺ സ്വർണത്തിനും കൂടുതൽ ഡോളർ ചെലവാകുന്ന സാഹചര്യം ഉണ്ടായി. സ്വർണ ഇറക്കുമതി നിയന്ത്രിച്ചാൽ രൂപ ശക്തമാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും നാല് മാസത്തിന് ശേഷം രൂപയ്ക്ക് സമ്മർദ്ദം തുടരുകയാണ്. നിലവിൽ രൂപ ഏകദേശം 95 മുതൽ 96 നിലവാരത്തിലേക്ക് ദുർബലമായിട്ടുണ്ട്.

ഉയർന്ന ക്രൂഡ് ഓയിൽ വില, ആഗോള സംഘർഷം, ഡോളറിൻ്റെ ശക്തി, വിദേശ മൂലധന ഒഴുക്ക്, ഇന്ത്യയുടെ മറ്റ് ഇറക്കുമതി ആവശ്യങ്ങൾ എന്നിവയെല്ലാം രൂപയ്ക്ക് സമ്മർദ്ദം സൃഷ്ടിക്കുന്നു. സെപ്റ്റംബർ 11ന് രൂപ 95.79 വരെ താഴ്ന്നതായി റിപ്പോർട്ടുകളുണ്ട്. സ്വർണ ഇറക്കുമതി മാത്രം നിയന്ത്രിച്ചുകൊണ്ട് രൂപയുടെ മൂല്യത്തകർച്ച പരിഹരിക്കാൻ കഴിയില്ലെന്നും ഇന്ത്യയുടെ വിദേശനാണയ പ്രതിസന്ധി ഒരു സമഗ്ര സാമ്പത്തിക വിഷയമാണെന്നും ഇതിൽ നിന്ന് വ്യക്തമാണ്.

പഴയ സ്വർണവും കള്ളക്കടത്ത് ഭീഷണിയുംഇറക്കുമതി തീരുവ വർധിച്ചതിൻ്റെ ഏറ്റവും വ്യക്തമായ പ്രതിഫലനം ആഭ്യന്തര വിപണിയിലെ പഴയ സ്വർണത്തിൻ്റെ ലഭ്യതയിലാണ്. വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ വിലയിരുത്തൽ പ്രകാരം പഴയ സ്വർണം മാറിയെടുക്കുന്നത് വർധിച്ചിട്ടുണ്ട്. ജൂലൈയിൽ ഇത്തരം ഇടപാടുകൾ കൂടുതൽ ശക്തമായി. ചില ജ്വല്ലറികളിൽ മൊത്തം വിൽപ്പനയുടെ വലിയൊരു ഭാഗം പഴയ സ്വർണം മാറിയുള്ള ഇടപാടുകളായിരുന്നു.

പഴയ സ്വർണത്തിൻ്റെ ലഭ്യത പുതിയ ഇറക്കുമതിയുടെ ആവശ്യകത കുറയ്ക്കാൻ സഹായിച്ചു. ആഭ്യന്തര വിപണിയിൽ സപ്ലൈ വർധിച്ചതിനാൽ സ്വർണവില ഇംപോർട്ട് പാരിറ്റിയേക്കാൾ ഡിസ്കൗണ്ടിൽ തുടരുകയും ചെയ്തു. ശരിയായ റീസൈക്ലിങ് പോളിസി നടപ്പാക്കിയാൽ പുതിയ ഇറക്കുമതിയേക്കാൾ ആഭ്യന്തര സ്വർണത്തെ കൂടുതൽ ഫലപ്രദമായി വിപണിയിലേക്ക് കൊണ്ടുവരാൻ കഴിയും.

എന്നാൽ തീരുവ 15 ശതമാനമായതോടെ നിയമപരമായും അനധികൃതമായും വരുന്ന സ്വർണത്തിൻ്റെ വില വ്യത്യാസം വൻതോതിൽ വർധിച്ചു. ഇത് കള്ളക്കടത്തിന് സാമ്പത്തിക പ്രോത്സാഹനം നൽകുന്നുണ്ട്. ജൂലൈയിലും ഓഗസ്റ്റിലുമായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇൻ്റലിജൻസ് (ഡിആർഐ) രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വൻതോതിൽ കള്ളക്കടത്ത് സ്വർണം പിടികൂടിയിരുന്നു. ജൂലൈയിൽ ഒമ്പത് കിലോയും മറ്റൊരു നടപടിയിൽ 15 കിലോയും സ്വർണം പിടികൂടി. ഓഗസ്റ്റ് 31ന് വിവിധ സംസ്ഥാനങ്ങളിലെ നടപടികളിൽ 42 കിലോയിലധികം വിദേശ സ്വർണം പിടിച്ചെടുത്തു. അതിനാൽ കള്ളക്കടത്ത് കുറഞ്ഞുവെന്ന് പറയാൻ നിലവിലെ സാഹചര്യം അനുവദിക്കുന്നില്ല.

കെജിഎസ്എംഎയുടെ നിർദേശങ്ങൾഈ സാഹചര്യത്തിൽ സ്വർണ ഇറക്കുമതി തീരുവ വീണ്ടും യുക്തിസഹമായ ആറ് ശതമാനം നിലവാരത്തിലേക്ക് കുറയ്ക്കണമെന്ന് കെജിഎസ്എംഎ ആവശ്യപ്പെട്ടു. ഇന്ത്യയിലെ പഴയ സ്വർണം ശാസ്ത്രീയമായി ശേഖരിച്ച് പുനരുപയോഗം ചെയ്യുന്നതിനുള്ള ദേശീയ നയം രൂപീകരിക്കണമെന്നും പഴയ സ്വർണത്തിന് സംസ്ഥാനതലത്തിലോ ദേശീയതലത്തിലോ അടിസ്ഥാന വില നിശ്ചയിക്കണമെന്നും അസോസിയേഷൻ നിർദേശിച്ചു.

നിയമപരമായ ജ്വല്ലറി മേഖലയെ സംരക്ഷിക്കാൻ കള്ളക്കടത്തിനും അനൗദ്യോഗിക സ്വർണ വ്യാപാരത്തിനുമെതിരെ ശക്തമായ നടപടി വേണം. സ്വർണ ഇറക്കുമതി കുറയ്ക്കാനുള്ള ദീർഘകാല പരിഹാരം ഉയർന്ന തീരുവയല്ല, മറിച്ച് ആഭ്യന്തര റീസൈക്ലിങ്, ബുള്ളിയൻ ബാങ്കിങ്, ഗോൾഡ് മോണിറ്റൈസേഷൻ, സംഘടിത വിപണി സംവിധാനം എന്നിവയാണ്. ഇന്ത്യയിലെ സ്വർണ ഉപഭോഗം, ജനങ്ങളുടെ സമ്പാദ്യ സ്വഭാവം, ആഭ്യന്തര പഴയ സ്വർണത്തിൻ്റെ ലഭ്യത, കള്ളക്കടത്തിൻ്റെ സാമ്പത്തിക ആകർഷണം, രൂപയുടെ മൂല്യത്തകർച്ച എന്നിവയെല്ലാം ഒരുമിച്ച് പരിഗണിച്ചുള്ള സമഗ്ര സ്വർണനയമാണ് രാജ്യത്തിന് ഇപ്പോൾ ആവശ്യമെന്നും അഡ്വ. എസ് അബ്ദുൽ നാസർ കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News