Enter your Email Address to subscribe to our newsletters

Idukki , 12 സെപ്റ്റംബര് (H.S.)
അടിമാലി ഒഴുവത്തടത്ത് ഒരു വയസ് മാത്രം പ്രായമുള്ള പിഞ്ചു ഇരട്ടക്കുട്ടികൾ രാസവസ്തു ഉള്ളിൽച്ചെന്ന് മരണപ്പെട്ടു. ഒഴുവത്തടം സ്വദേശികളായ വലിയകാട്ടിൽ അഫ്സൽ - സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാൻ, റിഹാൻ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹത സംശയിക്കുന്ന അടിമാലി പൊലീസ് കുട്ടികളുടെ പിതാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
സംഭവമിങ്ങനെ..
വെള്ളിയാഴ്ച രാത്രി കറണ്ട് പോയ സമയത്ത് അഫ്സൽ വീട്ടിലെ ഒരു മുറിയിൽ വിശ്രമിക്കുകയായിരുന്നു. ഇതിനിടെ ഭാര്യ ഓടി എത്തുകയും കുട്ടികളുടെ ശരീരത്ത് നീല നിറത്തിൽ എന്തോ പറ്റിയിരിക്കുന്നു എന്നും പെയിൻ്റിൻ്റേതു പോലെയുള്ള മണമുണ്ടെന്നും പറഞ്ഞു. കുട്ടികൾ അവശനിലയിലായതിനെ തുടർന്ന് പിതാവ് അഫ്സൽ തന്നെയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ഒരു കുഞ്ഞിനെ അടിമാലി താലൂക്ക് ആശുപത്രിയിലും രണ്ടാമത്തെ കുഞ്ഞിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. എന്നാൽ വിദഗ്ധ ചികിത്സ നൽകിയെങ്കിലും പിഞ്ചുമക്കളുടെ ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞുങ്ങളുടെ ഉള്ളിൽ വിഷാംശം ചെന്നതായി പ്രാഥമിക പരിശോധനയിൽ ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്.
മൊഴികളിൽ വൈരുധ്യം; പൊലീസ് അന്വേഷണം ഊർജ്ജിതം
വീട്ടിൽ സൂക്ഷിച്ചിരുന്ന പെയിൻ്റിങ്ങിന് ഉപയോഗിക്കുന്ന തിന്നറോ അല്ലെങ്കിൽ കീടനാശിനിയോ അബദ്ധത്തിൽ ഉള്ളിൽച്ചെന്നതാണ് മരണകാരണമെന്നാണ് മാതാപിതാക്കൾ നൽകിയ പ്രാഥമിക മൊഴി. എന്നാൽ പിതാവ് അഫ്സലിൻ്റെ മൊഴികളിൽ വലിയ രീതിയിലുള്ള വൈരുധ്യങ്ങൾ ഉള്ളതായി അടിമാലി പൊലീസ് ചൂണ്ടിക്കാണിക്കുന്നു. ദമ്പതികൾ തമ്മിൽ കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നതായും സൂചനയുണ്ട്. സംഭവത്തിൽ അടിമാലി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് ശാസ്ത്രീയമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും വിശദമായ രാസപരിശോധനാ ഫലവും പുറത്തുവന്നതിന് ശേഷം മാത്രമേ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് അടിമാലി പൊലീസ് അറിയിച്ചു.
മാതാപിതാക്കളുടെ മൊഴി ഇങ്ങന...
പെയിൻ്റിങ്ങിന് ഉപയോഗിക്കുന്ന തിന്നർ അബദ്ധത്തിൽ ഉള്ളിൽച്ചെന്നാണ് കുഞ്ഞുങ്ങൾ മരണപ്പെട്ടതെന്നാണ് മാതാപിതാക്കളായ അഫ്സലും സാന്ദ്രയും പൊലീസിനോടും ആശുപത്രി അധികൃതരോടും വ്യക്തമാക്കിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ് കുഞ്ഞുങ്ങൾക്ക് കടുത്ത ശാരീരിക അസ്വസ്ഥതകളും ഛർദ്ദിയും അനുഭവപ്പെട്ടത്. വീട്ടിൽ സൂക്ഷിച്ചിരുന്ന തിന്നർ അടങ്ങിയ പാത്രം ഷെൽഫിൽ നിന്നും താഴെ വീണെന്നും, തറയിൽ പരന്ന ഈ രാസവസ്തു കുഞ്ഞുങ്ങൾ അബദ്ധത്തിൽ എടുത്തു കുടിച്ചെന്നുമാണ് അമ്മ നൽകിയ മൊഴി. കുഞ്ഞുങ്ങളുടെ ശരീരത്തിൽ നീല നിറത്തിലുള്ള പദാർത്ഥം പറ്റിപ്പിടിച്ചിരുന്നതായും പെയിൻ്റിൻ്റെ മണം വന്നിരുന്നതായും മാതാപിതാക്കൾ പറയുന്നു.
മാതാപിതാക്കൾ തിന്നർ എന്നാണ് പറയുന്നതെങ്കിലും പ്രാഥമിക പരിശോധനകളിൽ തിന്നർ ഉള്ളിൽച്ചെന്നതിൻ്റെ ലക്ഷണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ആശുപത്രി അധികൃതർ സൂചിപ്പിക്കുന്നു. കൂടാതെ, പിതാവ് അഫ്സൽ നൽകിയ മൊഴികളിൽ വലിയ രീതിയിലുള്ള വൈരുധ്യങ്ങൾ ഉള്ളതായി അടിമാലി പൊലീസ് വ്യക്തമാക്കി. മൊഴികളിലെ അവിശ്വാസ്യതയും കൊലപാതക സാധ്യതയും മുൻനിർത്തി അഫ്സലിനെയും സാന്ദ്രയെയും പോലീസ് നിലവിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. വീട്ടിൽ നടത്തിയ പരിശോധനയിൽ തിന്നർ സൂക്ഷിച്ച പാത്രം പൊലീസ് കണ്ടെടുത്തു.
ഒരു വയസുള്ള കുട്ടികൾ സ്വയം കുടിക്കുമോ?
ഒരു വയസ് മാത്രം പ്രായമുള്ള രണ്ട് കുട്ടികൾ ഒരേസമയം എങ്ങനെ സ്വയം തിന്നർ എടുത്തു കുടിക്കും എന്നതിലാണ് പൊലീസിന് പ്രധാനമായും സംശയമുള്ളത്. ദമ്പതികൾ തമ്മിൽ മുൻപ് കടുത്ത കുടുംബവഴക്കുകൾ നിലനിന്നിരുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് കുടുംബവഴക്കിനിടയിൽ കുട്ടികൾക്ക് അപായപ്പെടുത്താൻ വേണ്ടി വിഷം നൽകിയതാണോ എന്ന കൊലപാതക സാധ്യതയാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. പൊലീസും ഫോറൻസിക് സംഘവും കുട്ടികൾ താമസിച്ചിരുന്ന വാടകവീട്ടിൽ എത്തി വിശദമായ പരിശോധനകൾ നടത്തി. വീട്ടിലെ സ്ലാബിന് മുകളിൽ നിന്നും വീണ തിന്നർ സൂക്ഷിച്ച പാത്രം പോലീസ് കണ്ടെടുത്തു.
ഇനി നിർണായകം പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കുട്ടികളുടെ മൃതദേഹങ്ങൾ നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടികളുടെ ശരീരത്തിനുള്ളിൽ ചെന്ന രാസവസ്തു ഏതാണെന്ന് കൃത്യമായി കണ്ടെത്താൻ വിശദമായ പോസ്റ്റ്മോർട്ടവും രാസപരിശോധനയും നടത്തേണ്ടതുണ്ട്. ഈ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ പുറത്തുവന്നതിന് ശേഷം മാത്രമേ മരണത്തിലെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്നും തുടർനടപടികൾ സ്വീകരിക്കൂ എന്നും പൊലീസ് അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR